Image : Canva 
Industry

മാറിനില്‍ക്ക്, പൊന്നേ! വെള്ളിക്ക് ഇന്ന് സര്‍വകാല റെക്കോര്‍ഡിന്റെ 'വെള്ളി'യാഴ്ച, വില കേട്ടാല്‍ ഞെട്ടും; പുതിയ ട്രെന്‍ഡോ?

രാജ്യാന്തര വിലയില്‍ ഈ വര്‍ഷമുണ്ടായത് 43 ശതമാനത്തിലധികം വര്‍ധന

Dhanam News Desk

രാജ്യത്ത് വെള്ളി വില ഇന്ന് സര്‍വകാല റെക്കോഡില്‍. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ വെള്ളിവില കിലോഗ്രാമിന് 1,10,000 രൂപയിലെത്തി. സ്‌പോട്ട് മാര്‍ക്കറ്റില്‍ ഗ്രാമിന് 108.90 രൂപയിലും കിലോയ്ക്ക് 1,09,900 രൂപയിലുമാണ് വ്യാപാരം.

ആഗോള വിപണിയില്‍ 0.4 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 37.17 ഡോളറിലെത്തി വെള്ളി വില. ഇനിയും ഉയരത്തിലേക്ക് വെള്ളി വില നീങ്ങുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ 50 ഡോളറിലേക്ക് വില ഉയരുമെന്ന പ്രവചനങ്ങളുമുണ്ട്.

കാരണങ്ങള്‍ പലത്‌

ഈ വര്‍ഷം ഇതു വരെ രാജ്യാന്തര വില 43 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഇടയാക്കുമെന്ന ആശങ്കയില്‍ നിക്ഷേപകര്‍ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളി, സ്വര്‍ണം പോലുള്ള നിക്ഷേപങ്ങളിലേക്ക് ചുവടുമാറുന്നതാണ് വില മുന്നേറ്റത്തിന് ഒരു കാരണം. സില്‍വര്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് നിക്ഷേപം കാര്യമായി ഒഴുകുന്നുണ്ട്.

അന്താരാഷ്ട്ര വിലയ്ക്കനുസരിച്ചാണ് ഇന്ത്യയില്‍ വെള്ളി വില നീങ്ങുന്നത്. ഇതിനൊപ്പം രൂപ-ഡോളര്‍ വിനിമയ നിരക്കുകളും വിലയെ സ്വാധീനിക്കും. ഡോളറിനെതിരെ രൂപ ദുര്‍ബലമായാല്‍ വെള്ളി വില ഉയരും. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇത് ചെലവേറിയതാകുകയും ചെയ്യും. സാധാരണ ഗതിയില്‍ സ്വര്‍ണവും വെള്ളിയും ഒരേദിശയിലാണ് സഞ്ചരിക്കുക. പണപ്പെരുപ്പം ഉയരുന്നതും പലിശ കുറയുന്നതും അമൂല്യ ലോഹങ്ങള്‍ക്ക് പിന്തുണ നല്‍കും.

മുന്നേറ്റം ആദ്യ പകുതിയ്ക്ക് ശേഷം

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വലിയ മുന്നേറ്റം കാണിക്കാതിരുന്ന വെള്ളി വില പിന്നീട് കുതിച്ചുയരുകയായിരുന്നു. ജനുവരി ഒന്നിന് 87,578 രൂപയായിരുന്നു കിലോ വില. ജൂണ്‍ 30 ആയപ്പോള്‍ ഇത് 1.05 ലക്ഷം ആയി. അതായത് ആറ് മാസം കൊണ്ട് 20.4 ശതമാനം വളര്‍ച്ച. ഇക്കാലയളവില്‍ 10 ഗ്രാം സ്വര്‍ണ വില 76,893 രൂപയില്‍ നിന്ന് 96,075 രൂപയിലേക്ക് എത്തി. 24.95 ശതമാനമാണ് വര്‍ധന.

യഥാര്‍ത്ഥ റിട്ടേണ്‍ നോക്കിയാല്‍ സ്വര്‍ണ വിലയയില്‍ 19,182 രൂപയുടെ വര്‍ധനയുണ്ടായപ്പോള്‍ വെള്ളി വില 17,871 രൂപ വര്‍ധിച്ചു.

വ്യവസായിക ആവശ്യം ഉയര്‍ന്നു

വ്യാവസായിക ആവശ്യം വന്‍തോതില്‍ ഉയര്‍ന്നതാണ് വെള്ളിയ്ക്ക് ഗുണമായത്. മൊത്തം വെള്ളി ആവശ്യത്തിന്റെ 90 ശതമാനത്തിലേറെയും വ്യാവസായിക മേഖലയില്‍ നിന്നാണ്. ഇലക്ട്രോണിക്‌സ്, സോളാര്‍ പാനല്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം വെള്ളി പ്രധാന ഘടകമാണ്. ഡിമാന്‍ഡിന് അനുസരിച്ച് ലഭ്യത ഉയരുന്നില്ലെന്നതും വെള്ളി വില ഉയര്‍ത്തുന്നു.

റഷ്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ കരുതല്‍ ശേഖരമായി വെള്ളി വാങ്ങുന്നുണ്ട്.

യുവാക്കളും വെള്ളിയിലേക്ക്

ആഭരണങ്ങളായി വെള്ളി ഉപയോഗിക്കുന്നത് മുന്‍കാലങ്ങളേക്കാള്‍ ഇപ്പോള്‍ കൂടുതലാണ്. സ്വര്‍ണത്തിന്റെ ഉയര്‍ന്നവിലയും മഞ്ഞ നിറത്തോടുള്ള ഇഷടക്കേടും യുവാക്കളെ വെള്ളിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു. മാല, ലോക്കറ്റ്, കൈച്ചെയിന്‍, വളകള്‍ തുടങ്ങിയ പലതരം വെള്ളി ആഭരണങ്ങള്‍ യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT