https://byjus.com/, Canva
Industry

ബൈജു രവീന്ദ്രന് വീണ്ടും തിരിച്ചടി, സിംഗപ്പൂരില്‍ ഇറങ്ങിയാല്‍ ജയില്‍; 6 മാസം തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

കോടതി ഉത്തരവുകള്‍ ലംഘിച്ച് ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതിനെ തുടര്‍ന്നുണ്ടായ കോടതിയലക്ഷ്യക്കേസിലെ ജയില്‍ശിക്ഷ ഒഴിവാക്കണമെന്ന ആവശ്യമാണ് സിംഗപ്പൂര്‍ ഹൈക്കോടതി നിരാകരിച്ചത്

Dhanam News Desk

ആറുമാസത്തെ തടവു ശിക്ഷാവിധി സ്‌റ്റേ ചെയ്യാന്‍ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ സമര്‍പ്പിച്ച അപേക്ഷ സിംഗപ്പൂര്‍ ഹൈക്കോടതി തള്ളി. ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്നാണ് രവീന്ദ്രന് കോടതി തടവ് ശിക്ഷ വിധിച്ചിരുന്നത്.

നിയമ വ്യവഹാര സ്ഥാപനം ആയ ലസറെഫ് ലെ ബാര്‍സ് (Lazareff Le Bars) വഴി സമര്‍പ്പിച്ച അപ്പീലാണ് കോടതി ഇപ്പോള്‍ നിരസിച്ചിരിക്കുന്നത്. നേരത്തെ ജൂണ്‍ മാസത്തില്‍ സിംഗപ്പൂര്‍ കോടതി ഈ ശിക്ഷയ്ക്ക് താല്‍ക്കാലിക സ്റ്റേ അനുവദിച്ചിരുന്നെങ്കിലും, അപ്പീല്‍ നടപടികളുമായി മുന്നോട്ട് പോയ ഘട്ടത്തില്‍ തടവ് ശിക്ഷ പൂര്‍ണമായി നീക്കാനോ സ്റ്റേ നീട്ടാനോ കോടതി തയ്യാറായില്ല.

ഖത്തര്‍ ഫണ്ടിന്റെ നിയമപോരാട്ടം

ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ (QIA) കീഴിലുള്ള ഖത്തര്‍ ഹോള്‍ഡിംഗ്‌സ് നല്‍കിയ കേസിലാണ് സിംഗപ്പൂര്‍ കോടതിയുടെ ഈ നിര്‍ണായക നടപടി. 2024 ഏപ്രില്‍ മുതല്‍ തന്റെ ആസ്തി വിവരങ്ങള്‍ കൃത്യമായി ബോധിപ്പിക്കാന്‍ കോടതി നല്‍കിയ ഒന്നിലധികം നിര്‍ദ്ദേശങ്ങള്‍ ബൈജു രവീന്ദ്രന്‍ ലംഘിച്ചതായി കോടതി കണ്ടെത്തി.

ശിക്ഷാ നടപടിയുടെ ഭാഗമായി അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാനും, കോടതിച്ചെലവിലേക്കായി 90,000 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 70,500 യു.എസ് ഡോളര്‍) പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ഗ്രൂപ്പുമായി ബന്ധമുള്ള മറ്റൊരു കമ്പനിയുടെ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന 'ബീയാര്‍ ഇന്‍വെസ്റ്റ്കോ' (Beeaar Investco Pte) എന്ന കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും ബൈജുവിനോട് കോടതി നിര്‍ദ്ദേശിച്ചു.

സാങ്കേതികമായ നടപടി മാത്രമെന്ന് ബൈജു

തനിക്കെതിരെയുള്ള കോടതി വിധി ബിസിനസ് തര്‍ക്കങ്ങളിലെ രേഖകള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട സാങ്കേതികമായ (Procedural contempt) ഒരു നടപടി മാത്രമാണെന്നും ഇതില്‍ സാമ്പത്തിക തട്ടിപ്പുകളോ വഞ്ചനയോ കണ്ടെത്തിയിട്ടില്ലെന്നുമാണ് ബൈജു രവീന്ദ്രന്റെ വാദം.

കടബാധ്യതകളുമായി ബന്ധപ്പെട്ട് ഖത്തര്‍ അതോറിറ്റിയുമായും യു.എസ് വായ്പക്കാരുമായും (GLAS Trust) അന്തിമ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ഘട്ടത്തില്‍ തനിക്കെതിരെ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുന്നതിന്റെ ഭാഗമായാണ് ഈ കേസ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ബൈജുവിന്റെ ഔദ്യോഗിക പ്രതികരണത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ബൈജു രവീന്ദ്രനുമായി യാതൊരുവിധ അന്തിമ ഒത്തുതീര്‍പ്പിലും എത്തിയിട്ടില്ലെന്നും, ആസ്തികള്‍ മരവിപ്പിച്ചുകൊണ്ടുള്ള ആഗോള ഉത്തരവ് ലംഘിച്ച ഗുരുതരമായ തെറ്റിനാണ് ഈ തടവ് ശിക്ഷയെന്നുമാണ് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി വക്താക്കള്‍ വ്യക്തമാക്കുന്നത്.

പ്രതിസന്ധി രൂക്ഷമാകുന്നു

ഒരു കാലത്ത് 22 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൈജൂസ്, കോവിഡ് കാലത്തിന് ശേഷം കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വീണത്. യു.എസില്‍ 1.2 ബില്യണ്‍ ഡോളറിന്റെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട കേസുകള്‍ക്കും, ഇന്ത്യയിലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിലെ (NCLT) ഇന്‍സോള്‍വന്‍സി നടപടികള്‍ക്കും പുറമേയാണ് ഇപ്പോള്‍ സിംഗപ്പൂരിലെ തടവ് ശിക്ഷാ വിധി മലയാളി പ്രൊമോട്ടര്‍ക്ക് പുതിയ തിരിച്ചടിയാകുന്നത്.

The Singapore High Court has dismissed edtech firm BYJU'S founder Byju Raveendran's appeal to halt his six-month prison sentence for contempt of court.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT