Industry

അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപിച്ച ആറു വിദേശ ഫണ്ടുകള്‍ പൂട്ടിയത് സെബിയുടെ അന്വേഷണത്തിന് തടസ്സം

അദാനി ഗ്രൂപ്പ് കമ്പനികളിലെ വിദേശ സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗുകളെ കുറിച്ച് 2020 ല്‍ സെബി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പല അടച്ചു പൂട്ടലുകളും

Dhanam News Desk

അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ അദാനി ഗ്രൂപ്പുമായി ബന്ധമുള്ളവര്‍ ഉപയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന എട്ട് പൊതു ഫണ്ടുകളില്‍ ആറെണ്ണം അടച്ചുപൂട്ടിയതായി റെഗുലേറ്ററി ഫയലിംഗുകള്‍ ഉദ്ധരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഫണ്ടുകള്‍ ബെര്‍മുഡയിലും മൗറീഷ്യസിലും രജിസ്റ്റര്‍ ചെയ്തവയാണ്.

അദാനി ഗ്രൂപ്പ് കമ്പനികളിലെ വിദേശ സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗുകളെ കുറിച്ച് 2020 ല്‍ സെബി (SEBI) അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പല അടച്ചു പൂട്ടലുകളുമെന്നത് ശ്രദ്ധേയമാണ്. ഈ ഫണ്ടുകള്‍ അടച്ചുപൂട്ടുന്നത് യഥാര്‍ത്ഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നതിന് സെബിക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

2005 ല്‍ ബെര്‍മുഡയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗ്ലോബല്‍ ഓപ്പോര്‍ച്യുനിറ്റീസ് ഫണ്ട് 2006 ൽ  പൂട്ടി. ബാക്കിയെല്ലാം മൗറിഷ്യസ് ആസ്ഥാനമായവയാണ്. 2010 ൽ   തുറന്ന അസറ്റ് ട്രേഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 2019 ൽ അടച്ചുപൂട്ടി. മൗറിഷ്യസ് ലിംഗോ ട്രേഡിംഗ്& ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 2009 ഡിസംബര്‍ 10 ന് തുറന്ന് 27 മാര്‍ച്ച് 2015 ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

2011  ല്‍ ആരംഭിച്ച് 2022 ൽ  അവസാനിപ്പിച്ച ഫണ്ടാണ് മിഡ് ഈസ്റ്റ് ഓഷീന്‍ ട്രേഡ് & ഇന്‍വെസറ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. 2010 ല്‍ ആരംഭിച്ച് 2022 ൽ  അവസാനിപ്പിച്ച ഫണ്ടാണ് ഇ.എം റിസര്‍ജന്റ് ഫണ്ട്. 2010 ല്‍ തുറന്ന് 2020 ൽ  പൂട്ടിയ ഫണ്ടാണ് ഏഷ്യ വിഷന്‍ ഫണ്ട്. 2008 മേയില്‍ സ്ഥാപിതമായ എമര്‍ജിംഗ് ഇന്ത്യ ഫോക്കസ് ഫണ്ട് എന്ന ഫണ്ട് ഇപ്പോഴും സജീവമായി തുടരുന്നു.

വിവാദം തീരുന്നില്ല

ലോകമാകെയുള്ള അന്വേഷണ പത്രപ്രവര്‍ത്തകരുടെ (Investigative journalists) കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റാണ് (OCCRP) കടലാസ് (shell) കമ്പനി വിവാദവുമായി ഏറ്റവുമൊടുവില്‍ രംഗത്തെത്തിയത്. മോദി വിരുദ്ധനും അമേരിക്കന്‍ ശതകോടീശ്വരനുമായ ജോര്‍ജ് സോറോസിന്റെ പിന്തുണയുള്ള കൂട്ടായ്മയാണ് ഒ.സി.സി.ആര്‍.പി. ശതകോടീശ്വരനും അദാനി ഗ്രൂപ്പ് മേധാവിയുമായ ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ തന്നെ കോടിക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്നാണ് ആരോപണം.

മൗറീഷ്യസില്‍ ഉള്‍പ്പെടെ ഷെല്‍ കമ്പനികള്‍ സ്ഥാപിച്ച് പണംതിരിമറി നടത്തിയെന്നും ഓഹരി വിലയില്‍ കൃത്രിമം കാണിച്ചുവെന്നതും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ ഷോര്‍ട്ട്-സെല്ലര്‍ കമ്പനിയായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്. 

തുടര്‍ന്ന്, അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവുണ്ടായി. ഏകദേശം 15,000 കോടി ഡോളറോളം അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യത്തില്‍ നിന്ന് കൊഴിഞ്ഞു. പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ സെബിയുടെ അന്വേഷണവുമുണ്ടായി. ഇതിന്മേലുള്ള നടപടികള്‍ സുപ്രീം കോടതിയില്‍ പുരോഗമിക്കുകയുമാണ്.

ആരോപണം ഇങ്ങനെ

അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ളതും അദാനി ഗ്രൂപ്പ് കമ്പനികളിലെ മുന്‍ ഡയറക്ടറര്‍മാരുമായ നാസര്‍ അലി ഷെബാന്‍ ആഹ്ലി, ചാങ് ചങ്-ലിങ് എന്നിവരുടെ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് ഓഹരികളില്‍ 2013-18 കാലയളവില്‍ രഹസ്യനിക്ഷേപം നടത്തിയെന്നായിരുന്നു ഒ.സി.സി.ആര്‍.പിയുടെ ആരോപണം. ഇന്ത്യൻ  കമ്പനികളിൽ പ്രമോട്ടർമാർക്ക്‌ അനുവദനീയമായ ഓഹരിപങ്കാളിത്തം പരമാവധി 75 ശതമാനമാണ്‌. 

ചാങ്ങിന്റെ ലിംഗോ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്, ആഹ്ലിയുടെ ഗള്‍ഫ് അരിജ് ട്രേഡിംഗ് എഫ്.ഇസഡ്.ഇ (യു.എ.ഇ), മിഡ് ഈസ്റ്റ് ഓഷന്‍ ട്രേഡ് (മൗറീഷ്യസ്), ഗള്‍ഫ് ഏഷ്യ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് എന്നിവ വഴി അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുമായി ബന്ധമുള്ള കമ്പനിയാണിവ. ഇത്തരത്തിലുള്ള സംയുക്ത ഓഹരിപങ്കാളിത്തം 80-89 ശതമാനമായി ഉയർന്നതായാണ് റിപ്പോർട്ട്. ഓഹരി വില കൃത്രിമമായി ഉയര്‍ത്താന്‍ ഇത്തരം നിക്ഷേപങ്ങളിലൂടെ അദാനി ഗ്രൂപ്പ് ശ്രമിച്ചെന്നും ഒ.സി.സി.ആര്‍.പി പറയുന്നു. എന്നാല്‍, ഈ ആരോപണം നേരത്തേ ഹിന്‍ബെന്‍ബെര്‍ഗ് ഉന്നയിച്ചത് തന്നെയാണെന്നും അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.

അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ ലിസ്റ്റഡ് കമ്പനികളും നിയമം പാലിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദാനി ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി. ആഹ്ലിയെയും ചാങ്ങിനെയും അദാനി ഗ്രൂപ്പിന്റെ ദീര്‍ഘകാല ബിസിനസ് പങ്കാളികളെന്നാണ് റിപ്പോര്‍ട്ടില്‍ ഒ.സി.സി.ആര്‍.പി വിശേഷിപ്പിക്കുന്നത്.

ചട്ട ലംഘനം

75 ശതമാനം ഓഹരികളേ കൈവശം വയ്ക്കാനാകൂ എന്ന സെബിയുടെ ഈ ചട്ടം അദാനി ഗ്രൂപ്പ് ലംഘിച്ചുവെന്നും ഒ.സി.സി.ആര്‍.പി ആരോപിക്കുന്നു. ചാങ് ചങ്-ലിങ്ങിന് എട്ട് ശതമാനവും നാസര്‍ അലി ഷെബാന്‍ ആഹ്ലിക്ക് 13.5 ശതമാനവും ഓഹരി പങ്കാളിത്തം അദാനി ഗ്രൂപ്പ് കമ്പനികളിലുണ്ട്. ഈ പങ്കാളിത്തം വിനോദ് അദാനിയുടേതെന്ന് കണക്കാക്കിയാല്‍ അദാനി ഗ്രൂപ്പില്‍ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 89 ശതമാനം വരെ എത്തുമെന്നും ഇത് ചട്ടലംഘനമാണെന്നും ഒ.സി.സി.ആര്‍.പി ചൂണ്ടിക്കാട്ടുന്നു.  

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT