Industry

സ്വിഗ്ഗിയില്‍ നിക്ഷേപിക്കാനൊരുങ്ങി സോഫ്റ്റ്ബാങ്ക്

ജപ്പാനീസ് മള്‍ട്ടിനാഷണല്‍ കണ്‍ഗ്ലോമറേറ്റ് ഹോള്‍ഡിംഗ് കമ്പനിയായ സോഫ്റ്റ് ബാങ്ക് 450 ദശലക്ഷം ഡോളറാണ് നിക്ഷേപിക്കുന്നത്

Dhanam News Desk

രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തെ വമ്പന്മാരായ സ്വിഗ്ഗിയില്‍ നിക്ഷേപിക്കാനൊരുങ്ങി സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട്. ടോക്കിയോയിലെ മിനാറ്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജപ്പാനീസ് മള്‍ട്ടിനാഷണല്‍ കണ്‍ഗ്ലോമറേറ്റ് ഹോള്‍ഡിംഗ് കമ്പനിയായ സോഫ്റ്റ് ബാങ്ക് 450 ദശലക്ഷം ഡോളറാണ് സ്വിഗ്ഗിയില്‍ നിക്ഷേപിക്കാനൊരുങ്ങുന്നത്. നിലവില്‍ 5 ബില്യണ്‍ ഡോളറാണ് സ്വിഗ്ഗിയുടെ വാല്യുവേഷന്‍. സേഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് നിക്ഷേപിക്കുന്നതോടെ ഇത് 5.5 ബില്യണാകും.

ടൈഗര്‍ ഗ്ലോബല്‍, കോറ മാനേജ്‌മെന്റ് എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഒരു ബില്യണ്‍ ഡോളറിലധികം സമാഹരിച്ച സ്വിഗ്ഗി, തങ്ങളുടെ പ്രധാന എതിരാളിയായ സൊമാറ്റോ അതിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗി (ഐപിഒ) ലൂടെ കൂടുതല്‍ ഫണ്ട് സമാഹരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ്‌ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് 2ല്‍നിന്നുള്ള നിക്ഷേപം സ്വീകരിക്കുന്നത്. കഴിഞ്ഞ ആഴ്ച 800 ദശലക്ഷം ദശലക്ഷം ഡോളറിന്റെ നിക്ഷേപം സ്വിഗ്ഗി സമാഹരിച്ചിരുന്നു.

100 ബില്യണ്‍ ഡോളറിലധികം മൂലധനമുള്ള ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ കേന്ദ്രീകരിച്ചുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടാണ് സോഫ്റ്റ് ബാങ്ക് വിഷന്‍.

കോവിഡ് രണ്ടാം തരംഗത്തിന്റെ ഫലമായി വിവിധയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് സ്വിഗ്ഗിക്ക് തിരിച്ചടിയായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനികള്‍ക്ക് രാത്രി 8 മണി വരെ പ്രവര്‍ത്തിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് ആശ്വാസകരമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT