ഇലോൺ മസ്‌കിന്റെ ബഹിരാകാശ ഗതാഗത, ഉപഗ്രഹ നിർമ്മാണ കമ്പനിയായ സ്‌പേസ് എക്‌സ് (SpaceX) ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നു. ഈ ഓഹരി വിൽപ്പന സ്‌പേസ് എക്‌സിനെ 750 ബില്യൺ ഡോളറിനും 800 ബില്യൺ ഡോളറിനും ഇടയിൽ വിപണി മൂല്യമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാക്കി മാറ്റും. ഇത് 500 ബില്യൺ ഡോളർ മൂല്യം നേടി റെക്കോർഡ് സ്ഥാപിച്ച ഓപ്പണ്‍എഐ യെ (OpenAI) മറികടക്കും.
ഓഹരിയൊന്നിന് 400 ഡോളറിൽ കൂടുതലാണ് നിലവിൽ ചർച്ചചെയ്യപ്പെടുന്ന വില. ഈ നീക്കം ജീവനക്കാർക്കും ആദ്യകാല നിക്ഷേപകർക്കും അവരുടെ ഓഹരികൾ വിൽക്കാൻ അവസരം നൽകുന്നു. സ്‌പേസ് എക്‌സിന്റെ ഇൻസൈഡർ ഓഹരി വിൽപ്പനയുടെ വിശദാംശങ്ങൾ ഡയറക്ടർ ബോർഡ് ടെക്‌സാസിലെ സ്റ്റാർബേസ് ഹബിൽ ചർച്ച ചെയ്തതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
സ്പേസ് എക്‌സ് 2026-ൻ്റെ രണ്ടാം പകുതിയിലാണ് ഐ.പി.ഒ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ നിക്ഷേപകരുമായി ആരംഭിച്ചതായും സൂചനയുണ്ട്. അതേസമയം ഓഹരി വിൽപ്പനയെക്കുറിച്ച് കമ്പനി പരസ്യമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. സ്‌പേസ് എക്‌സ് ഐപിഒ യിലൂടെ കമ്പനിയുടെ 5 ശതമാനം ഓഹരികള്‍ 800 ബില്യണ്‍ ഡോളർ മൂല്യനിർണ്ണയത്തിന് വിൽക്കുകയാണെങ്കിൽ, കമ്പനിക്ക് 40 ബില്യൺ ഡോളർ ഓഹരികൾ വിൽക്കേണ്ടിവരും. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആക്കി ഇതിനെ മാറ്റും. 2019 ൽ സൗദി അരാംകോയുടെ 29 ബില്യൺ ഡോളർ ലിസ്റ്റിംഗിനേക്കാൾ വളരെ കൂടുതലാണ് ഇത്.
സ്പേസ് എക്‌സിൻ്റെ ഈ ഭീമാകാരമായ മൂല്യനിർണയം, ബഹിരാകാശ സാങ്കേതികവിദ്യയിലും വാണിജ്യ ബഹിരാകാശ യാത്രയിലും കമ്പനി കൈവരിച്ച ശ്രദ്ധേയമായ വളർച്ചയുടെയും ആധിപത്യത്തിൻ്റെയും തെളിവാണ്. ലോകത്തിലെ വലിയ റോക്കറ്റ് ലോഞ്ചിംഗ് കമ്പനികളിലൊന്നാണ് സ്പേസ് എക്സ്. ഉപഗ്രഹങ്ങളെയും ആളുകളെയും ഭ്രമണപഥത്തിലെത്തിക്കുന്ന ഫാൽക്കൺ 9 റോക്കറ്റുമായി ബഹിരാകാശ വ്യവസായത്തിൽ കമ്പനിക്ക് മികച്ച ആധിപത്യമാണ് ഉളളത്.
9,000 ത്തിലധികം ഉപഗ്രഹങ്ങളുള്ള സ്റ്റാർലിങ്ക് വഴി ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ നിന്ന് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിലും സ്പേസ് എക്സിന് ആധിപത്യമുണ്ട്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ചരക്കുകളും ആളുകളെയും കൊണ്ടുപോകുന്നതിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ സ്റ്റാർഷിപ്പ് വാഹനം വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് സ്‌പേസ് എക്‌സ്.
SpaceX in a move to become the world’s most valuable private company, surpassing OpenAI with upcoming stock sale and potential IPO.
Read DhanamOnline in English
Subscribe to Dhanam Magazine