കോഴിക്കോട് വിമാനത്താവളം വഴി പഴം-പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ സജീവമാക്കി. പച്ചക്കറികളും പഴങ്ങളും കേരളത്തില്‍ തന്നെ കൃഷി ചെയ്ത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനാണ് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൃഷി വകുപ്പ്, എയര്‍പോര്‍ട്ട് കാര്‍ഗോ വിഭാഗം, കയറ്റുമതി വ്യാപാരികള്‍ എന്നിവര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചു. കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനം നടത്തി കയറ്റുമതി കൂട്ടുന്നതിന് കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിക്കും.
നിലവില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന പച്ചക്കറി ഇനങ്ങള്‍ അധികവും തമിഴ്‌നാട് , കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നാണ് വരുന്നത്. ഗുണമേന്മയുള്ള പച്ചക്കറികള്‍ കേരളത്തിലെ കര്‍ഷകരില്‍ നിന്നെടുത്ത് കയറ്റുമതി ചെയ്യുന്നതിന് വേണ്ട സാധ്യതകളാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. കോഴിക്കോട് വിമാനത്താവള പരിസരങ്ങളിലുള്ള കര്‍ഷകരെ കയറ്റുമതി മേഖലയുമായി ബന്ധിപ്പിക്കുന്നതിന് യോഗം വിളിക്കാന്‍ തീരുമാനിച്ചു. ഇതിനായി അപേഡയും (Agricultural and Processed Food Products Export Development Authority -APEDA). കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറവും മുന്‍കയ്യെടുക്കും.
യു.എസ്, യു.കെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പഴം-പച്ചക്കറി വര്‍ഗങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ കേന്ദ്ര കൃഷി-മൃഗസംരക്ഷണ മന്ത്രാലയതിന് കീഴിലുള്ള പ്ലാന്റ് ക്വാറന്റൈന്‍ ഓഫീസര്‍ കെ.എന്‍ പ്രകാശ് യോഗത്തില്‍ വിശദീകരിച്ചു. ഇതിനായി കര്‍ഷകര്‍ അപേഡയില്‍ രജിസ്‌ട്രേഷന്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിനടുത്തുള്ള 'അപേഡ' അംഗീകൃത പാക്കിംഗ് കേന്ദ്രം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. എയര്‍ കാര്‍ഗോ കോംപ്ലക്‌സ് യൂണിറ്റ് മേധാവി വിവേക് പാലി, അസിസ്റ്റന്റ് മാനേജര്‍ അബ്ദുല്‍ അസീസ്, രത്‌നകുമാര്‍, പ്ലാന്റ് ക്വാറന്റൈന്‍ വിഭാഗം മേധാവി കെ.എന്‍ പ്രകാശ്, മലപ്പുറം ജില്ലാ ആത്മ പ്രൊജക്ട് ഡയറക്ടര്‍ പ്രകാശ് പുത്തന്‍ മഠത്തില്‍, കൊണ്ടോട്ടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.കെ സൈഫുന്നീസ, കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം സെക്രട്ടറി മുന്‍ഷീദ് അലി, കയറ്റുമതി വ്യാപാരികളായ കെ.എം സകരിയ, എ.മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട് വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്ത് 4.345 ടണ്‍ പഴം-പച്ചക്കറി ഉല്‍പ്പന്നങ്ങളാണ്. 2023 ല്‍ ഇത് 3,645 ടണ്‍ ആയിരുന്നു. നിലവില്‍ പ്രതിദിനം ശരാശരി 60 ടണ്‍ ആണ് കയറ്റുമതി. ഇതില്‍ ഭൂരിഭാഗവും പച്ചക്കറികളാണ്. നേന്ത്രപ്പഴം, വാഴയില, വിവിധ പച്ചക്കറികള്‍, കറി ഇലകള്‍ എന്നിവയാണ് പ്രധാനമായും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine