Representation 
Industry

സ്റ്റീല്‍ വില കുതിക്കുന്നു, വര്‍ധിച്ചത് ടണ്ണിന് 5,000 രൂപയോളം

സ്റ്റീല്‍ വില ഉയരുന്നത് മറ്റ് മേഖലകളെയും സാരമായി ബാധിക്കും

Dhanam News Desk

യുക്രെയ്ന്‍-റഷ്യ (Russia-Ukraine) യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്റ്റീലിന്റെ വിലയും കുതിച്ചുയരുന്നു. സംഘര്‍ഷം വിതരണ ശൃംഖലയെ ബാധിക്കുന്നതിനാല്‍ ആഭ്യന്തര ഉരുക്ക് നിര്‍മ്മാതാക്കള്‍ ഹോട്ട്-റോള്‍ഡ് കോയിലിന്റെയും (എച്ച്ആര്‍സി) ടിഎംടി ബാറുകളുടെയും വില ടണ്ണിന് 5,000 രൂപ വരെ വര്‍ധിപ്പിച്ചു. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായാണ് വില വര്‍ധിപ്പിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി രൂക്ഷമാകുന്നതോടെ വരും ആഴ്ചകളില്‍ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില വര്‍ധിച്ചതോടെ ഒരു ടണ്‍ എച്ച്ആര്‍സിക്ക് ഏകദേശം 66,000 രൂപ ചിലവാകും. ടിഎംടി ബാറുകള്‍ക്ക് ടണ്ണിന് 65,000 രൂപയാണ് ഇപ്പോഴത്തെ വില. സ്റ്റീല്‍ നിര്‍മാണ അസംസ്‌കൃത വസ്തുവായ കോക്കിംഗ് കല്‍ക്കരിയുടെ 85 ശതമാനവും ഇന്ത്യയില്‍നിന്ന് തന്നെയാണ് ലഭിക്കുന്നത്. ആവശ്യകതയുടെ ബാക്കി ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, കാനഡ, യുഎസ് എന്നിവിടങ്ങളില്‍നിന്നാണ് ലഭ്യമാക്കുന്നത്.

'റഷ്യയും ഉക്രെയ്‌നും കോക്കിംഗ് കല്‍ക്കരി, പ്രകൃതിവാതകം എന്നിവയുള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വിതരണക്കാരാണ്, കൂടാതെ സ്റ്റീല്‍ നിര്‍മ്മാതാക്കളും കയറ്റുമതിക്കാരുമാണ്. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം സപ്ലൈ-ഡിമാന്‍ഡ് ഡൈനാമിക്‌സ്, ഇന്‍പുട്ട് ചെലവുകള്‍, മൊത്തത്തിലുള്ള ആഗോള സമ്പദ്വ്യവസ്ഥ എന്നിവയെ ബാധിക്കും'' സ്റ്റീല്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര മേഖലകളില്‍ സംഘര്‍ഷം ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ടാറ്റ സ്റ്റീല്‍ സിഇഒയും എംഡിയുമായ ടി വി നരേന്ദ്രന്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, രാജ്യത്തെ സ്റ്റീലിന്റെ വില കുതിക്കുന്നത് വീട് നിര്‍മാണം, വാഹന മേഖല, ഉപഭോക്തൃ ഉല്‍പ്പന്നങ്ങളെ സാരമായി ബാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT