Industry

വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നവരാണോ? ഈ 5 അബദ്ധങ്ങള്‍ ഒഴിവാക്കാം

ഈ അക്ഷയ തൃതീയയില്‍ വീടുകളില്‍ സ്വര്‍ണം സൂക്ഷിക്കുമ്പോള്‍ ഈ 5 പിഴവുകള്‍ ഒഴിവാക്കാം

Dhanam News Desk

പുഷ്കര്‍ ഗോഖലെ

ഇന്ത്യന്‍ കുടുംബങ്ങളില്‍ സ്വര്‍ണത്തിന് എന്നും പ്രത്യേക സ്ഥാനമാണുള്ളത്. തലമുറകളായി കൈമാറി വരുന്ന പാരമ്പര്യ ആഭരണങ്ങള്‍ മുതല്‍ അക്ഷയ തൃതീയ, ധന്‍തേരാസ് തുടങ്ങിയ വിശേഷ അവസരങ്ങളില്‍ നടത്തുന്ന പുതിയ നിക്ഷേപങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. വൈകാരികമായ അടുപ്പത്തോടൊപ്പം തന്നെ സാമ്പത്തിക ഭദ്രതയുടെ ഭാഗമായിട്ട് കൂടിയാണ് ഇന്ത്യക്കാര്‍ സ്വര്‍ണത്തെ കാണുന്നത്.

അടുത്ത കാലത്തായി സ്വര്‍ണത്തിന്റെ സാമ്പത്തിക മൂല്യത്തില്‍ വന്‍ വര്‍ധനയാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്. 2025-ലുടനീളം ഇന്ത്യയിലെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മൊത്തവ്യാപാര വിപണി റെക്കോര്‍ഡ് വര്‍ധനയാണ്‌ രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണിയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായ 10 ഗ്രാമിന് 1.39 ലക്ഷം രൂപ എന്ന നിലയിലേക്ക് സ്വര്‍ണവില എത്തി. സ്വര്‍ണ വിലയിലുണ്ടായ ഈ വലിയ കുതിച്ചുചാട്ടം മൂലം ഇന്ത്യന്‍ വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം വലിയ തോതില്‍ വര്‍ധിച്ചു. ഇതോടെ സാധാരണക്കാരുടെ പക്കലുള്ള കുറഞ്ഞ തോതിലുള്ള ആഭരണങ്ങള്‍ പോലും ഇന്ന് ഉയര്‍ന്ന മൂല്യമുള്ള ആസ്തികളായി മാറിയിരിക്കുകയാണ്.

സ്വര്‍ണവിലയിലുണ്ടായ ഈ വര്‍ധന കാരണം സ്വര്‍ണാഭരണ മോഷണ കേസുകള്‍ വളരെ അധികം വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങാനുള്ള തീരുമാനം പോലെ തന്നെ പ്രധാനമാണ് അത് സുരക്ഷിതമായി സൂക്ഷിക്കുക എന്നതും. മൂല്യമേറിയ ഈ ആസ്തിയുടെ സുരക്ഷയ്ക്ക് ഇന്ന് മുന്‍പത്തേക്കാള്‍ വലിയ പ്രാധാന്യമാണുള്ളത്.

ഈ അക്ഷയ തൃതീയയില്‍ വീടുകളില്‍ സ്വര്‍ണം സൂക്ഷിക്കുമ്പോള്‍ ഈ 5 പിഴവുകള്‍ ഒഴിവാക്കാം.

1. സ്വര്‍ണത്തിന്റെ സുരക്ഷയ്ക്ക് അര്‍ഹമായ മുന്‍ഗണന നല്‍കാതിരിക്കുന്നത്

മിക്കവാറും കുടുംബങ്ങളിലും സ്വര്‍ണം വാങ്ങിക്കഴിഞ്ഞ് മാത്രമാണ് അത് എവിടെ സൂക്ഷിക്കണം എന്നതിനെക്കുറിച്ച് ചിന്തിക്കാറുള്ളത്. സ്വര്‍ണാഭരണങ്ങളും നാണയങ്ങളും സാധാരണയായി അലമാരകളിലോ ഡ്രോയറുകളിലോ മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് സൂക്ഷിക്കുന്നത്. സ്വര്‍ണത്തിന്റെ മൂല്യം കുറവായിരുന്ന കാലത്ത് ഒരുപക്ഷേ ഇത്തരം രീതികള്‍ മതിയായിരുന്നിരിക്കാം. എന്നാല്‍ സ്വര്‍ണവില കുതിച്ചുയരുന്ന ഈ സാഹചര്യത്തില്‍ ഇത് വലിയ സുരക്ഷാഭീഷണിയാണ് ഉയര്‍ത്തുന്നത്. നവദമ്പതികള്‍ ആഭരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം പങ്കാളിയുടെ മാതാപിതാക്കളെ ഏല്‍പ്പിക്കാറാണ് പതിവ്. ഇന്ന് സ്വര്‍ണം സൂക്ഷിക്കുന്നത് കേവലം ഒരിടത്ത് വെക്കുക എന്നതിലുപരി കൃത്യമായ ഉത്തരവാദിത്തത്തോടും സുരക്ഷാ മുന്‍കരുതലുകളോടും കൂടി ചെയ്യേണ്ട കാര്യമാണ്. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കാന്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഹോം ലോക്കറുകള്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയും.

2. പരമ്പരാഗതവും കാലഹരണപ്പെട്ടതുമായ രീതികളെ ആശ്രയിക്കുന്നത്

പല ഇന്ത്യന്‍ വീടുകളിലും വിലപിടിപ്പുള്ള വസ്തുക്കള്‍ പതിവായി അരി, ഗോതമ്പ് പൊടി പോലുള്ള ധാന്യങ്ങളുള്ള പാത്രങ്ങളില്‍ ഒളിപ്പിക്കുകയോ, കലങ്ങളുടെ ഉള്ളിലോ കിടക്കകളിലെ അടിയില്‍ വയ്ക്കുകയോ അല്ലെങ്കില്‍ അലമാരകളിലും പെട്ടികളിലും ഒളിച്ചു വെക്കുകയോ ആണ് ചെയ്യാറുള്ളത്. സുരക്ഷാ അവബോധം കുറവായിരുന്ന ലളിതമായ ജീവിതരീതികള്‍ നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നാണ് ഇത്തരം രീതികള്‍ ഉണ്ടായതെങ്കിലും ഇന്നത്തെ ആധുനിക കാലത്തെ സാഹചര്യങ്ങള്‍ക്ക് ഇവ ഒട്ടും ചേരുന്നതല്ല. സ്വര്‍ണം സൂക്ഷിക്കുന്ന ഇത്തരം എളുപ്പം തിരിച്ചറിയാവുന്നതുമായ രീതികള്‍ യാതൊരു സുരക്ഷയും നല്‍കുന്നില്ല. ആധുനിക ട്രിപ്പിള്‍ ലോക്കിംഗ് സംവിധാനമുള്ളതും കരുത്തുറ്റതുമായ ലോക്കറുകള്‍ ഉയര്‍ന്ന മൂല്യമുള്ള ആസ്തികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തവയാണ്. ഇവ അലമാരകള്‍ക്കുള്ളിലോ കട്ടിലുകള്‍ക്കുള്ളിലോ തട്ടിന്‍പുറത്തോ ഉറപ്പിച്ചു വെക്കാന്‍ സാധിക്കുമെന്നതിനാല്‍ മികച്ച സുരക്ഷ ഉറപ്പാക്കുന്നു.

3. എല്ലാ സ്വര്‍ണവും ഒരേ സ്ഥലത്ത് തന്നെ സൂക്ഷിക്കുന്നത്

സൗകര്യം പരിഗണിച്ച് പല കുടുംബങ്ങളും എല്ലാ ആഭരണങ്ങളും ഒരൊറ്റ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് പതിവ്. ഇത് ആഭരണങ്ങള്‍ എടുക്കുന്നത് എളുപ്പമാക്കുമെങ്കിലും വലിയൊരു സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഒരു തവണ മോഷണം ഉണ്ടായാല്‍ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടാന്‍ ഇത് കാരണമാകും. വീട്ടിലെ ആസ്തികള്‍ വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ ക്രമബദ്ധമായ സുരക്ഷാ രീതിയിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്. സ്വര്‍ണാഭരണങ്ങള്‍ ഒരൊറ്റ സ്ഥലത്ത് വെക്കുന്നതിന് പകരം വീടിനുള്ളിലെ വിവിധ സുരക്ഷിത അറകളിലോ ഒന്നിലധികം ലോക്കറുകളിലോ ആയി സൂക്ഷിക്കുന്നത് നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

4. യാത്രകളും വീട്ടിലെ സന്ദര്‍ശകരുടെ തിരക്കും സുരക്ഷയെ ബാധിക്കുമെന്ന് തിരിച്ചറിയാതിരിക്കുക

ഇന്നത്തെ കാലത്ത് വീടുകളിലെ ജീവിതരീതി ഏറെ മാറിയിരിക്കുന്നു. തുടരെ തുടരെയുള്ള യാത്രകള്‍, കുടുംബ കൂട്ടായ്മകള്‍, വര്‍ധിച്ചുവരുന്ന അണുകുടുംബങ്ങള്‍, കൂടാതെ നിത്യേന വീട്ടിലെത്തുന്ന സര്‍വീസ് പ്രതിനിധികളും ഡെലിവറി ജീവനക്കാരും ഇതെല്ലാം നമ്മുടെ ശ്രദ്ധ പലയിടങ്ങളിലേക്ക് തിരിയാന്‍ കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് വീടുകള്‍ ദീര്‍ഘനേരം ആളില്ലാതെ കിടക്കുമ്പോഴോ ആളുകളുടെ നീക്കം നിരീക്ഷിക്കാന്‍ കഴിയാതിരിക്കുമ്പോഴോ സ്വര്‍ണമുള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ സുരക്ഷയില്‍ വീഴ്ച ഉണ്ടാവാന്‍ സാധ്യതയുണ്ട്. അലമാരകള്‍ പോലുള്ള പരമ്പരാഗത സുരക്ഷാ സംവിധാനങ്ങളില്‍ മാത്രം ആശ്രയിക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ പര്യാപ്തമല്ല.

5. സുരക്ഷാ സംവിധാനങ്ങള്‍ക്കായി പണം ചെലവാക്കുന്നതില്‍ വിമുഖത കാണിക്കുന്നത്

സ്വര്‍ണവില കുതിച്ചുയരുമ്പോഴും അത് സൂക്ഷിക്കാനുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്കായി പണം ചെലവാക്കുന്നതില്‍ വിമുഖത കാണിക്കുന്നു. സ്മാര്‍ട്ട് ടിവികള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍ തുടങ്ങിയ അത്യാധുനിക ഗാഡ്‌ജെറ്റുകള്‍ക്കായി ലക്ഷങ്ങള്‍ ചെലവാക്കുമ്പോള്‍ പോലും സ്വര്‍ണത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമായ മുന്‍ഗണന പലപ്പോഴും നല്‍കാറില്ല. കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യത്തിനനുസരിച്ച് അത് സംരക്ഷിക്കാനെടുക്കുന്ന മുന്‍കരുതലുകളും പലപ്പോഴും എടുക്കുന്നില്ല. സ്വര്‍ണം ഇന്ന് വെറുമൊരു ആഭരണമല്ല മറിച്ച് ഉയര്‍ന്ന മൂല്യമുള്ള സാമ്പത്തിക നിക്ഷേപമാണ്. അതിനാല്‍ അത് സൂക്ഷിക്കുന്ന രീതിയിലും ആ മാറ്റം കൊണ്ടുവരണം. ആധുനിക ഹോം ലോക്കറുകളും മറ്റ് സെക്യൂരിറ്റി സംവിധാനങ്ങളും ഇന്ന് ഒരു ആഡംബരമല്ല മറിച്ച് ദൈനംദിന ജീവിതത്തിന് അനിവാര്യമായ പ്രായോഗികമായ ഒരു ദീര്‍ഘകാല നിക്ഷേപമാണ്.

സ്വര്‍ണം വാങ്ങിയാല്‍ മാത്രം പോരാ; സുരക്ഷയും ഉറപ്പാക്കണം

ഇന്ത്യന്‍ സമ്പാദ്യശീലങ്ങളുടെയും വൈകാരികതയുടെയും അടിസ്ഥാനമായി സ്വര്‍ണം എന്നും തടരും. എന്നാല്‍ സ്വര്‍ണവില കുതിച്ചുയരുകയും നമ്മുടെ ജീവിതരീതികള്‍ മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ അത് സംരക്ഷിക്കുന്ന രീതിയിലും മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട് .

സ്വര്‍ണം കൈവശം വെക്കുന്നതിലല്ല മറിച്ച് അത് ദീര്‍ഘകാലം സുരക്ഷിതമായി സംരക്ഷിക്കുന്നതിലുമാണ് അതിന്റെ യഥാര്‍ത്ഥ മൂല്യം. സുരക്ഷിതമായ ഒരു വീട് കുടുംബങ്ങള്‍ക്ക് ആശങ്കകളില്ലാതെ ജീവിക്കാനും ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാനും അവരുടെ സമ്പത്ത് ഭയമില്ലാതെ അടുത്ത തലമുറയിലേക്ക് കൈമാറാനും സഹായിക്കുന്നു.

ഹോം സെക്യൂരിറ്റി എന്നത് വെറുമൊരു ബാധ്യതയോ അധികച്ചെലവോ ആയി കാണേണ്ട ഒന്നല്ല മറിച്ച് നമ്മുടെ സമ്പാദ്യത്തെ കാത്തുസൂക്ഷിക്കുന്ന ഒരു വലിയ സുരക്ഷയായി കാണേണ്ട സമയമാണിത്. നമ്മുടെ പക്കല്‍ എത്ര മൂല്യമുള്ള സ്വര്‍ണമുണ്ട് എന്ന് കണക്കുകൂട്ടുന്നതിനോടൊപ്പം തന്നെ അത് എത്രത്തോളം സുരക്ഷിതമാണെന്ന് കൂടി പരിശോധിക്കുകയും വേണം.

(ഗോദ്‌റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പ് സെക്യൂരിറ്റി സൊല്യൂഷന്‍സ് ബിസിനസ് വിഭാഗം ബിസിനസ് ഹെഡ് ആണ് ലേഖകന്‍)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT