കേരളത്തിലെ പൊതുവിപണിയില്‍ പഞ്ചസാര വില കുതിച്ചുയരുന്നു. ഇ-20 പെട്രോള്‍ പദ്ധതിയ്ക്കായി കരിമ്പ് എഥനോള്‍ നിര്‍മാണത്തിലേക്ക് തിരിച്ചതും മഹാരാഷ്ട്രയിലെ മണ്‍സൂണ്‍ പരാജയവും ചേര്‍ന്ന് ഉത്പാദനം കുറഞ്ഞു. ക്വിന്റലിന് ഒരു മാസത്തിനിടെ 520 രൂപ വര്‍ധിച്ച് 4,900 രൂപയായി. ആഭ്യന്തര ആവശ്യത്തേക്കാള്‍ ഉത്പാദനം താഴെയാകുമെന്ന ആശങ്കയും സ്റ്റോക്ക് ചരിത്രതാഴ്ന്ന നിലയിലേക്കും ഇടിയുന്നു.
കേരളത്തിലെ പൊതുവിപണിയില്‍ പഞ്ചസാര വില ആശങ്കാജനകമായ രീതിയില്‍ ഉയരുന്നു. ഇ-20 പെട്രോള്‍ പദ്ധതിക്കായി കരിമ്പ് വ്യാപകമായി എഥനോള്‍ നിര്‍മാണത്തിലേക്ക് തിരിച്ചുവിടുന്നതും ആഗോള പ്രതിഭാസങ്ങളും ചേര്‍ന്നാണ് സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്ക് കരിച്ചില്‍ സമ്മാനിക്കുന്നത്. ഒരു മാസത്തിനിടെ മാത്രം ക്വിന്റലിന് 520 രൂപയുടെ വര്‍ധനയാണ് പഞ്ചസാര വിലയിലുണ്ടായത്.
സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ ക്വിന്റലിന് 4,380 രൂപയായിരുന്ന പഞ്ചസാര വില നിലവില്‍ 4,900 രൂപയായി ഉയര്‍ന്നു. ചില്ലറ വിപണിയില്‍ കിലോയ്ക്ക് ഏഴ് രൂപയോളമാണ് വര്‍ധന രേഖപ്പെടുത്തിയത്. കിലോയ്ക്ക് 43 രൂപയില്‍ നിന്നിരുന്നതാണ് ഓരോ ദിവസവും ഉയര്‍ന്നുയര്‍ന്ന് 50ലേക്ക് എത്തിയത്. വരും ദിവസങ്ങളിലും വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.
പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇ-20 പദ്ധതി നടപ്പിലാക്കുന്നതിനായി കരിമ്പ് വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. പഞ്ചസാര മില്ലുകള്‍ നേരിട്ട് കരിമ്പ് ജ്യൂസില്‍ നിന്നും സിറപ്പില്‍ നിന്നും എഥനോള്‍ നിര്‍മിക്കുന്നത് വഴി പഞ്ചസാരയുടെ ആകെ ഉത്പാദനത്തില്‍ വലിയ കുറവുണ്ടായി. പഞ്ചസാര മില്ലുകള്‍ക്ക് എഥനോള്‍ നിര്‍മാണം കൂടുതല്‍ ലാഭകരമായതുമാണ് വിപണിയിലെ ഈ സപ്ലൈ ക്ഷാമത്തിന് പ്രധാന കാരണം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് രാജ്യത്ത് പ്രധാനമായും കരിമ്പ് കൃഷി നടക്കുന്നത്. കേരളത്തിലേക്ക് ആവശ്യമുള്ള പഞ്ചസാരയുടെ നല്ലൊരു ശതമാനവും എത്തുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. എന്നാല്‍ ഇത്തവണ മണ്‍സൂണ്‍ വൈകിയതും കാലാവസ്ഥാ വ്യതിയാനവും മഹാരാഷ്ട്രയിലെ കരിമ്പ് കൃഷിയെ ദോഷകരമായി ബാധിച്ചു. ഇത് ഉത്പാദനം വീണ്ടും കുറയാന്‍ ഇടയാക്കി.
മണ്‍സൂണ്‍ സീസണില്‍ ഇന്ത്യയില്‍ 30.95 മില്യണ്‍ ടണ്‍ പഞ്ചസാര ഉല്‍പ്പാദിപ്പിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും, നിലവിലെ കണക്കുകള്‍ പ്രകാരം അത് 27.9 മില്യണ്‍ ടണ്ണായി കുറയാന്‍ സാധ്യതയുണ്ട്.
എന്നാല്‍ ഇന്ത്യയിലെ വാര്‍ഷിക പഞ്ചസാര ഉപഭോഗം ഏകദേശം 28.5 മില്യണ്‍ ടണ്ണാണ്. അതായത് ഉല്‍പ്പാദനം ആഭ്യന്തര ആവശ്യത്തേക്കാള്‍ താഴെയാകും.
ഒക്ടോബര്‍ ഒന്നോടെ മില്ലുകളിലെ പഞ്ചസാരയുടെ കരുതല്‍ ശേഖരം (stock) കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയായ 3.5 മില്യണ്‍ ടണ്ണിലേക്ക് കൂപ്പുകുത്തുമെന്നാണ് വ്യാപാരികള്‍ വിലയിരുത്തുന്നത്.
ആഭ്യന്തര വിപണിയില്‍ പഞ്ചസാര ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമായി കേന്ദ്രസര്‍ക്കാര്‍ പഞ്ചസാര കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. എന്നിരുന്നാലും, മില്ലുകളില്‍ നിന്നുള്ള സപ്ലൈ കുറഞ്ഞത് വിപണിയിലെ വിലക്കയറ്റ സമ്മര്‍ദം ശക്തമായി നിലനിര്‍ത്തുന്നു. ഇന്ത്യയില്‍ നിന്നുള്ള സപ്ലൈ ചുരുങ്ങിയത് ആഗോള വിപണിയിലും പഞ്ചസാര വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. എല്‍ നിനോ പ്രതിഭാസവും ആഗോള വിപണിയിലെ എഥനോള്‍ ഡിമാന്‍ഡും വരും വര്‍ഷങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതിയെ ബാധിക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആഗോള പഞ്ചസാര കയറ്റുമതിയുടെ 10% കൈകാര്യം ചെയ്തിരുന്ന ഇന്ത്യ വിപണിയില്‍ നിന്ന് പിന്മാറുന്നത് ബ്രസീല്‍, തായ്ലന്‍ഡ് തുടങ്ങിയ മറ്റ് പ്രധാന കയറ്റുമതി രാജ്യങ്ങളെയും അന്താരാഷ്ട്ര വിപണിയിലെ പഞ്ചസാര വിലയെയും സ്വാധീനിച്ചേക്കാം.
A surge in sugar prices across Kerala, driven by lower production as mills divert more sugarcane to meet India's aggressive E-20 ethanol blending targets and strict export curbs.
Read DhanamOnline in English
Subscribe to Dhanam Magazine