Industry

സര്‍ജറിക്ക് സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പ് പ്രിസ്റ്റിന്‍ കെയര്‍ ഇനി യുണീകോണ്‍

ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ നല്‍കുന്നത് മുതല്‍ സര്‍ജറിക്കുള്ള പണം ഇഎംഐ ആയി നല്‍കാനുള്ള അവസരം വരെ ഈ സ്റ്റാര്‍ട്ടപ്പ് ഒരുക്കുന്നുണ്ട്‌.

Dhanam News Desk

ഈ വര്‍ഷം ഇന്ത്യന്‍ യുണീകോണുകളുടെതാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. 2021 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ആ പട്ടികയിലേക്ക് നാല്‍പ്പത്തിരണ്ടാമനും എത്തിയിരിക്കുകയാണ്. ആരോഗ്യ മേഖലയില്‍ നിന്നുള്ള ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിസ്റ്റിന്‍ കെയര്‍.

സീരീസ് ഇ റൗണ്ട് ഫണ്ടിംഗിലൂടെ 96 മില്യണ്‍ ഡോളറാണ് ഈ സ്റ്റാര്‍ട്ടപ്പ് സമാഹരിച്ചത്. ഇതോടെ കമ്പനിയുടെ മൂല്യം 1.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍, അര്‍ബന്‍ കമ്പനിയുടെ അഭിരാജ് സിംഗ് ഭാല്‍, ക്രെഡ് സിഇഒ കുണാല്‍ ഷാ തുടങ്ങിയവര്‍ പ്രിസ്റ്റിന്‍ കെയറില്‍ നിക്ഷേപം നടത്തി.

സര്‍ജറി സേവനങ്ങള്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പ്

ഡോ.വൈഭവ് കപൂര്‍, ഡോ.ഗരിമാ സാഹ്നി, ഹര്‍സിമര്‍ബീര്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് 2018ല്‍ ആണ് പ്രിസ്റ്റിന്‍ കെയര്‍ സ്ഥാപിച്ചത്.

ഡിജിറ്റലൈസേഷന്റെ സാധ്യതകളും പുത്തന്‍ ആശയങ്ങളും ചേര്‍ന്ന പ്രിസ്റ്റിന്‍ കെയര്‍ ലക്ഷ്യമിട്ടത് സര്‍ജറി സേവനങ്ങള്‍ തേടുന്നവരെയാണ്.ഇതിനായി രാജ്യത്തുടനീളം ഇവര്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു. അവിടെ ഡോക്ടര്‍മാരുടെ സേവനം മുതല്‍ സര്‍ജറിക്കുള്ള പണം ഇഎംഐ ആയി നല്‍കാനുള്ള അവസരം വരെ ഒരുക്കി.

മറ്റുള്ള ആശുപത്രികളുമായി സഹകരിച്ചാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.ആശുപത്രിയിലേക്കുള്ള വാഹന സൗകര്യം തുടങ്ങി കൂട്ടിരിക്കാന്‍ ഒരു സഹായി വരെ നീളുന്ന സേവനങ്ങളാണ് സര്‍ജറിക്ക് വിധേയനാവുന്ന ഒരു വ്യക്തിക്ക് പ്രിസ്റ്റിന്‍ കെയര്‍ നല്‍കുന്നത്. കേരളത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും ഇവര്‍ക്ക് ക്ലിനിക്കുകളുണ്ട്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത് ഉള്‍പ്പടെ 22 നഗരങ്ങളില്‍ പ്രിസ്റ്റിന്‍ കെയര്‍ ക്ലിനിക്കുകളുണ്ട്.

പുതിയ സര്‍ജിക്കല്‍ ടെക്‌നോളജികള്‍ വാങ്ങുക, പങ്കാളികളായ ആശുപത്രികളുടെ ആധുനികവത്ക്കരണം തുടങ്ങിയവയാണ് ഫണ്ടിംഗിലൂടെ സമാഹരിച്ച തുകകൊണ്ട് പ്രിസ്റ്റിന്‍ കെയര്‍ ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനം 50 നഗരങ്ങലിലേക്കും സര്‍ജറി കേന്ദ്രങ്ങളുടെ എണ്ണം 1000ലേക്കും ഉയര്‍ത്താനും പദ്ധയുണ്ട്. 2022ല്‍ 133.44 ബില്യണ്‍ ഡോളന്റെ വിപണിയായി ഇന്ത്യന്‍ ആരോഗ്യമേഖല മാറുമെന്നാണ് ഇന്ത്യന്‍ ബ്രാന്‍ഡ് ഇക്യുറ്റി ഫൗണ്ടേഷന്റെ വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT