image: @canva/swiggy fb 
Industry

ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്വിഗ്ഗിയും

കമ്പനിയുടെ വിതരണ തൊഴിലാളികളും നിലവില്‍ വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്

Dhanam News Desk

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് സ്വിഗ്ഗി. ചെലവ് ചുരുക്കലിന്റെ ഭാഗമായി 6,000 തൊഴിലാളികളില്‍ 8-10 ശതമാനം പേരെ കുറയ്ക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഉല്‍പ്പന്നം, എന്‍ജിനീയറിംഗ്, ഓപ്പറേഷന്‍ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ കൂടുതല്‍ ബാധിക്കാന്‍ സാധ്യത.

2022 നവംബറില്‍ സൊമാറ്റോ അവരുടെ 3,800 തൊഴിലാളികളില്‍ 3 ശതമാനം പേരെ പുറത്താക്കി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് സ്വിഗ്ഗിയില്‍ പിരിച്ചുവിടല്‍ വരുന്നത്. നിലവില്‍ സ്വിഗ്ഗി ജീവനക്കാര്‍ കടുത്ത ജോലി സമ്മര്‍ദ്ദത്തിലാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഓഹരികളുടെ മോശം പ്രകടനം മൂലം സ്വിഗ്ഗിയുടെ പ്രാഥമിക രേഖകള്‍ സെബിയില്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തി. ഇപ്പോള്‍ ഐപിഒയ്ക്കായുള്ള കരട് രേഖ സമര്‍പ്പിക്കുന്നത് കമ്പനി 2023 ഡിസംബറിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ട് പറയുന്നു.

സ്വിഗ്ഗിയുടെ ഈ ജീവനക്കാര്‍ മാത്രമല്ല കമ്പനിയുടെ വിതരണ തൊഴിലാളികളും വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. മിനിമം നിരക്ക് 30 രൂപയായി ഉയര്‍ത്തുക, തേര്‍ഡ് പാര്‍ട്ടി കമ്പനിയുടെ ഭക്ഷണ വിതരണ അധികാരം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വിഗ്ഗി ഭക്ഷണ വിതരണ തൊഴിലാളികള്‍ 2022 നവംബറില്‍ കേരളത്തില്‍ സമരം ചെയ്തിരുന്നു. ഇത്തരത്തില്‍ പല പ്രതിസന്ധികള്‍ മൂലം കമ്പനി കനത്ത നഷ്ടം നേരിടുകയാണ്.

2022 സാമ്പത്തിക വര്‍ഷത്തിലെ സ്വിഗ്ഗിയുടെ നഷ്ടം മുന്‍ വര്‍ഷത്തെ 1617 കോടി രൂപയില്‍ നിന്ന് ഇരട്ടിയായി വര്‍ധിച്ച് 3,628.90 കോടി രൂപയായി. മാന്ദ്യത്തെക്കുറിച്ചുള്ള ഭയവും, ആഗോള സാമ്പത്തിക പ്രശ്‌നങ്ങളും മൂലം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ വര്‍ഷം മികച്ച മുന്നേറ്റമുണ്ടായില്ല. അതിനാല്‍ പല കമ്പനികളും പിരിച്ചുവിടലുകള്‍ തുടരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT