Industry

80% ഉയര്‍ന്ന് സ്വിഗ്ഗിയുടെ നഷ്ടം

മുഖ്യ ഓഹരി ഉടമകളായ പ്രോസസിന് 18 കോടി ഡോളറിന്റെ നഷ്ടം

Dhanam News Desk

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഫ്‌ളാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ നഷ്ടം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 80 ശതമാനം ഉയര്‍ന്നതായി ആഗോള നിക്ഷേപ സ്ഥാപനമായ പ്രോസസ്. ബംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗിയുടെ 33 ശതമാനം ഓഹരികള്‍ പ്രോസസിന്റെ കൈവശമാണ്. സ്വിഗിയുടെ നഷ്ടം ഉയര്‍ന്നതു മൂലം പ്രോസസിന് 18 കോടി ഡോളറിന്റെ നഷ്ടം സംഭവിച്ചതായി ജൂണ്‍ 27 ന് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 10 കോടി  ഡോളറായിരുന്നു. സ്വിഗ്ഗിയുടെ അതിവേഗ ഇ-കൊമേഴ്‌സ് വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ടിലെ നിക്ഷേപമാണ് നഷ്ടത്തിനിടയാക്കിയത്.

2022-23 സാമ്പത്തിക വര്‍ഷത്തിലെ സ്വിഗ്ഗിയുടെ നഷ്ടം 54.5 കോടി ഡോളറാണ്(4,470 കോടി രൂപ ). 2021-22 സാമ്പത്തിക വര്‍ഷത്തിലിത് 30 കോടി ഡോളറായിരുന്നു (2,460 കോടി രൂപ). സ്വിഗ്ഗിയില്‍ നിന്ന് പ്രോസസിന് ലഭിച്ച വരുമാന വിഹിതം 2023 സാമ്പത്തിക വര്‍ഷത്തില്‍ 40 ശതമാനം വര്‍ധിച്ച് 29.7 കോടി ഡോളറായി. സ്വഗ്ഗിയുടെ വരുമാനം ഇക്കാലയളവില്‍ 90 കോടി  ഡോളറാണ്.

മൊത്ത വിപണന മൂല്യം ഉയര്‍ന്നു

ആഗോളതലത്തില്‍ ഭക്ഷണ വിതരണ ആപ്പുകളെല്ലാം തന്നെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഷ്ടം രേഖപ്പെടുത്തിയെന്നും അതില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സ്വിഗ്ഗിക്കായില്ലെന്നുമാണ്  മേധാവി ശ്രീഹര്‍ഷ മജെറ്റി പ്രതികരിച്ചത്. ഭക്ഷ്യവിതരണ ബിസിനസ് 2023 മാര്‍ച്ചോടെ ലാഭത്തിലെത്തുമെന്നായിരുന്നു മജെറ്റി മുന്‍പ് പറഞ്ഞിരുന്നത്.

അതേ സമയം സ്വിഗ്ഗിയുടെ മൊത്ത വിപണന മൂല്യം 260 കോടി ഡോളറായി ഉയര്‍ന്നു. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തിലിത് 230 കോടി ഡോളറായിരുന്നു. ഭക്ഷണശാലകളുടെ എണ്ണം വര്‍ധിപ്പിച്ചതാണ് വളര്‍ച്ചയ്ക്ക് സഹായകമായത്. നിലവില്‍ 2.72 ലക്ഷം ഭക്ഷണ ശാലകള്‍ സ്വിഗ്ഗി പ്ലാറ്റ്‌ഫോമിലുണ്ട്.

മൂല്യം 550 കോടി  ഡോളറാക്കി

ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇന്‍വെസ്‌കോ സ്വിഗ്ഗിയുടെ മൂല്യം ഏപ്രില്‍ 30 ന് 550 കോടി  ഡോളറാക്കി കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ട് തവണയാണ് ഇന്‍വെസ്‌കോ മൂല്യം കുറയ്ക്കുന്നത്. ജനുവരിയില്‍ 1,070 കൊടി ഡോളറായും ഒക്ടോബറില്‍ 820 കോടി  ഡോളറായുമാണ് കുറച്ചത്. ഇതോടെ സ്വിഗ്ഗിയുടെ മുഖ്യ എതിരാളിയായ സൊമാറ്റോയുടെ വിപണി മൂല്യത്തേക്കാള്‍ താഴെയായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT