ടി.വി നരേന്ദ്രൻ Image Source: Dhanam Media/Tata Logo
Industry

ടാറ്റയുടെ തലപ്പത്തേക്ക് മലയാളി? ടാറ്റ സൺസിന്റെ പുതിയ ചെയർമാൻ സ്ഥാനത്തേക്ക് ടി.വി നരേന്ദ്രൻ വരുമെന്ന് റിപ്പോർട്ട്

ടാറ്റ ഗ്രൂപ്പിന്റെ ഭാവി ദിശ നിർണയിക്കുന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ, എയർ ഇന്ത്യ പുനരുദ്ധാരണം മുതൽ സെമികണ്ടക്ടർ നിക്ഷേപങ്ങൾ വരെ കൈകാര്യം ചെയ്ത അനുഭവസമ്പത്തും കേരള വേരുകളും ചേർന്ന് ടി.വി. നരേന്ദ്രനെ ശക്തമായ സ്ഥാനാർത്ഥിയാക്കി ഉയർത്തുന്നു

Dhanam News Desk

ടാറ്റ ട്രസ്റ്റും ടാറ്റ സൺസ് ബോർഡും തമ്മിലുള്ള ഭരണപരമായ വിയോജിപ്പുകൾ മൂലം എൻ. ചന്ദ്രശേഖരൻ മൂന്നാം ഊഴം സ്വീകരിക്കാതെ പിന്മാറുമ്പോൾ, അഞ്ചംഗ സമിതിയിലൂടെ പുതിയ ചെയർമാനെ തെരഞ്ഞടുക്കുന്ന പ്രക്രിയയിൽ ടി.വി. നരേന്ദ്രൻ മുൻനിര സ്ഥാനാർത്ഥിയായി ഉയരുന്നു. ടാറ്റ സ്റ്റീലിനെ ആഗോള പ്രതിസന്ധികളിൽ നിന്ന് വിജയകരമായി നയിച്ച അനുഭവവും എയർ ഇന്ത്യ പുനരുദ്ധാരണം, സെമികണ്ടക്ടർ നിക്ഷേപങ്ങൾ തുടങ്ങിയ വെല്ലുവിളികളിൽ അദ്ദേഹത്തിന്റെ കഴിവും നിർണായകമായി വിലയിരുത്തപ്പെടുന്നു.

രാജ്യത്തെ പ്രധാനപ്പെട്ട ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ് കമ്പനിയും (Principal Holding Company) ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മുഖ്യ പ്രൊമോട്ടറും (Promoter) ആയ ടാറ്റ സൺസിന്റെ (Tata Sons Private Ltd) ചെയർമാൻ സ്ഥാനത്ത് നിന്നും എൻ. ചന്ദ്രശേഖരൻ 2027 ഫെബ്രുവരിയിൽ കാലാവധി പൂർത്തിയാകുമ്പോൾ ഒഴിയാൻ തീരുമാനിച്ചതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പിനെ ഇനി ആര് നയിക്കുമെന്ന ചോദ്യം ശക്തമാകുന്നു.

ബോംബെ ഹൗസിൽ (Bombay House) ഉയർന്നു കേൾക്കുന്ന പ്രമുഖ പേരുകളിൽ ഒന്ന് ടാറ്റ സ്റ്റീൽ ഗ്ലോബൽ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ടി.വി. നരേന്ദ്രന്റേതാണ്. അദ്ദേഹത്തിന്റെ എറണാകുളം ചേന്ദമം​ഗലത്തുള്ള കുടുംബ വേരുകളും ഈ ഘട്ടത്തിൽ ശ്രദ്ധേയമാകുന്നു. 2024-ൽ കൊച്ചിയിൽ നടന്ന 16-ാമത് ധനം ബിസിനസ് സമ്മിറ്റില്‍ മുഖ്യപ്രഭാഷണം നടത്തിയത് ടി.വി നരേന്ദ്രനായിരുന്നു.

ആറുമാസത്തെ ഭിന്നതയും നേതൃമാറ്റവും

ചന്ദ്രശേഖരന്റെ പിന്മാറ്റം അപ്രതീക്ഷിതമായിരുന്നില്ല. ടാറ്റ സൺസിൽ മൂന്നിൽ രണ്ട് ഭാഗം ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്റ്റും ടാറ്റ സൺസ് ബോർഡും തമ്മിൽ 2025 മധ്യത്തോടെ തുടക്കമിട്ട വിയോജിപ്പുകളാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. 2025 ജൂലൈയിൽ ചന്ദ്രശേഖരന് മൂന്നാം ഊഴം നൽകാൻ ട്രസ്റ്റ് തീരുമാനിച്ചിരുന്നെങ്കിലും, ഭരണപരമായ തീരുമാനങ്ങളെച്ചൊല്ലി തർക്കങ്ങൾ ഉടലെടുത്തു.

2026 ഫെബ്രുവരി 24-ന് നടന്ന ബോർഡ് യോഗത്തിൽ നോയൽ ടാറ്റ വിയോജിപ്പ് പ്രകടിപ്പിക്കുകയും തീരുമാനം നീട്ടിവെക്കുകയും ചെയ്തു. ഏകകണ്ഠമായ പിന്തുണയില്ലാത്തതിനാലാണ് തീരുമാനം നീട്ടിവെച്ചതെന്നും ആറു മാസമായിട്ടും വിഷയത്തിൽ പരിഹാരമുണ്ടാകാത്തതിനാലും ജീവനക്കാർക്കും നിക്ഷേപകർക്കും വ്യക്തത ആവശ്യമായതിനാലുമാണ് താൻ ഒഴിഞ്ഞുമാറുന്നതെന്ന് കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 12) ചന്ദ്രശേഖരൻ വ്യക്തമാക്കി.

അടുത്ത ചെയർമാനെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?

ടാറ്റാ സൺസിന്റെ നിയമാവലി പ്രകാരം, അഞ്ചംഗ സമിതിയാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നത്:

  • സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും (SRTT): സംയുക്തമായി നാമനിർദ്ദേശം ചെയ്യുന്ന 3 അംഗങ്ങൾ.

  • ടാറ്റാ സൺസ് ബോർഡ്: നാമനിർദ്ദേശം ചെയ്യുന്ന 1 അംഗം.

  • ബോർഡ് തിരഞ്ഞെടുക്കുന്ന: ഒരു സ്വതന്ത്ര അംഗം.

നിലവിൽ സർ രത്തൻ ടാറ്റ ട്രസ്റ്റിന്, മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണറുടെ വിലക്കുള്ളതിനാൽ സമിതിയിലെ പങ്കാളിത്തം സങ്കീർണമാണ്. എന്നാൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കുള്ള 70 വയസ്സ് വിരമിക്കൽ പരിധിയിൽ നിന്ന് ട്രസ്റ്റ് പ്രതിനിധികൾക്ക് ഇളവുള്ളതിനാൽ നോയൽ ടാറ്റ സൺസ് ബോർഡിൽ തുടരും.

എന്തുകൊണ്ട് ടി.വി. നരേന്ദ്രൻ?

നോയൽ ടാറ്റ, സൗരഭ് അഗർവാൾ എന്നിവരുടെ പേരുകൾക്കൊപ്പം ടി.വി. നരേന്ദ്രന്റെ പേരും സജീവമായി പരിഗണിക്കപ്പെടുന്നു. 1988-ൽ ടാറ്റാ സ്റ്റീൽ ജീവനക്കാരനായി ചേർന്ന അദ്ദേഹം, ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും യു.കെയിലെയും നെതർലാൻഡ്സിലെയും പുനഃസംഘടനകളിലൂടെ ടാറ്റ സ്റ്റീലിനെ വിജയകരമായി നയിച്ച പ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയാണ്. 2013-ൽ എം.ഡി ആയും 2017-ൽ ഗ്ലോബൽ സി.ഇ.ഒ ആയും ഉയർന്നു.

എയർ ഇന്ത്യയുടെ പുനരുദ്ധാരണം, സെമികണ്ടക്ടർ നിക്ഷേപങ്ങൾ, ടാറ്റ കാപ്പിറ്റലിന്റെ ഭാവി, പ്രധാന ബിസിനസുകളിലെ നഷ്ടം എന്നിവ പരിഹരിക്കാൻ ഒരു വ്യവസായ വിദഗ്ദ്ധൻ (Industrial Operator) എന്ന നിലയിൽ നരേന്ദ്രന്റെ സേവനം ഗ്രൂപ്പിന് പ്രയോജനപ്പെടുമെന്ന് കരുതപ്പെടുന്നു.

കൂടുതൽ വായിക്കാൻ: പ്രതിസന്ധിയുടെ സൂചനകളെ തിരിച്ചറിയാന്‍ വ്യവസായികള്‍ക്ക് കഴിയണം- ടി.വി നരേന്ദ്രന്‍

ശ്രദ്ധേയമായ കേരള ബന്ധം

ജംഷെഡ്പൂരിൽ ജനിച്ചു കോയമ്പത്തൂരിൽ വളർന്ന ടി.വി. നരേന്ദ്രന് കേരളവുമായും അഭേദ്യമായ ബന്ധമുണ്ട്. എറണാകുളം ജില്ലയിലെ ചേന്ദമംഗലമാണ് അദ്ദേഹത്തിന്റെ തറവാട്. സ്വതന്ത്ര കൊച്ചിയുടെ പ്രഥമ പ്രധാനമന്ത്രിയും പ്രമുഖ ഗാന്ധിയനുമായിരുന്ന ഇ. ഇക്കണ്ട വാര്യരുടെ പൗത്രനാണ് അദ്ദേഹം. എൻ.ഐ.ടി (അന്ന് ആർ.ഇ.സി) തിരുച്ചിറപ്പള്ളിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും ഐ.ഐ.എം കൽക്കട്ടയിൽ നിന്ന് എം.ബി.എയും നേടിയ നരേന്ദ്രൻ, ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ പ്രമുഖ നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നു വന്ന മലയാളി വ്യക്തിത്വങ്ങളിൽ പ്രധാനിയുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT