അടുത്ത ഒരു മാസത്തിനുള്ളലില്‍ ഒരു ലക്ഷം ഇന്ത്യക്കാരെ നിയമിക്കാനൊരുങ്ങി തായ്‌വാന്‍. ഇന്ത്യയും തായ്‌വാനും തമ്മിലുള്ള എംപ്ലോയ്മെന്റ് മൊബിലിറ്റി കരാറിന്റെ ഭാഗമായാണ് ഈ നീക്കം. ഡിസംബറോടെ ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചേയ്ക്കും. ഫാക്ടറികളിലും ഫാമുകളിലും ആശുപത്രികളിലുമാണ് ജോലിയുണ്ടാകുക. ഇന്ത്യ ഇത്തരത്തില്‍ തായ്‌വാനുമായി കൂടുതല്‍ സാമ്പത്തിക ബന്ധം സ്ഥാപിക്കുന്നത് അയല്‍രാജ്യമായ ചൈനയെ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ മതിയായ തൊഴിലവസരങ്ങളില്ല
ഇന്ത്യയില്‍ ഓരോ വര്‍ഷവും തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ രാജ്യത്തിന് കഴിയുന്നില്ല. അതേസമയം തായ്‌വാനിലെ സ്ഥിതി മറിച്ചാണ്. അവിടെ പ്രായമാകുന്ന സമൂഹത്തിന് കൂടുതല്‍ തൊഴിലാളികളെ ആവശ്യമുണ്ട്. 2025ഓടെ തായ്‌വാനില്‍ പ്രായമായവര്‍ ജനസംഖ്യയുടെ അഞ്ചിലൊന്നിലധികമാകുമെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യ-തായ്‌വാന്‍ തൊഴില്‍ കരാര്‍ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. തൊഴിലില്ലായ്മ നിരക്ക് 2000ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയ തായ്‌വാനില്‍ 790 ബില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ നിലനിര്‍ത്താന്‍ സര്‍ക്കാരിന് തൊഴിലാളികളെ ആവശ്യമുണ്ട്. തൊഴിലാളികളെ നല്‍കാന്‍ കഴിയുന്ന രാജ്യങ്ങളുമായുള്ള സഹകരണത്തെ സ്വാഗതം ചെയ്യുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine