യുഎസ് ആസ്ഥാനമായ വീഡിയോ പ്രൊഡക്ഷന്‍ കമ്പനി സ്വിച്ച് എന്റര്‍പ്രൈസസിനെ (Switch Enterprises) ടാറ്റ കമ്മ്യൂണിക്കേഷന്‍സ് (Tata Communications) ഏറ്റെടുക്കുന്നു. നെതര്‍ലന്‍ഡ്‌സിലെ ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ ഉപകമ്പനി വഴിയാണ് യുഎസില്‍ നിക്ഷേപം നടത്തുന്നത്. 486.3 കോടി രൂപയുടേതാണ് ഇടപാട്.
യുഎസ്, കാനഡ, യുകെ എന്നിവിടങ്ങളിലായി സ്വിച്ചിനുള്ള ആസ്തികളും ടാറ്റയ്ക്ക് ലഭിക്കും. ലൈവ് വീഡിയോ പ്രൊഡക്ഷനിലൂടെ അമേരിക്കന്‍ മീഡിയ, എന്റര്‍ടെന്‍മെന്റ് മേഖലയില്‍ സാന്നിധ്യം ഉറപ്പിക്കുകയാണ് ടാറ്റയുടെ ലക്ഷ്യം. സ്ഥാപനങ്ങള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് ലൈവ് വീഡിയോ പ്രൊഡക്ഷന്‍ ആന്‍ഡ് ട്രാന്‍സ്മിഷന്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് സ്വിച്ച്. ടാറ്റയിലൂടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനിക്കാവും.
നിലവില്‍ ആഗോളതലത്തില്‍ സ്‌പോര്‍ട്‌സ് സംഘടനകള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ അടക്കമുള്ള ബ്രോഡ്കാസ്റ്റിംഗ് കമ്പനികള്‍ക്കും ടാറ്റ കമ്മ്യൂണിക്കേഷന്‍സ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. സ്വിച്ചിലൂടെ ലൈവ് വീഡിയോ പ്രൊഡക്ഷനിലേക്ക് എത്തുന്നതിനൊപ്പം ഭൂരിഭാഗം സേവനങ്ങളും നല്‍കുന്ന മീഡിയ ഇക്കോസിസ്റ്റമായി ടാറ്റ കമ്പനി മാറും. 1990ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനമാണ് സ്വിച്ച്. കഴിഞ്ഞ വര്‍ഷം 674.8 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.
അതേ സമയം ഏറ്റെടുക്കല്‍ വാര്‍ത്ത ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ഓഹരികളില്‍ ചലനമുണ്ടാക്കിയില്ല. നിലവില്‍ 4.86 ശതമാനം ഇടിഞ്ഞ് 1,205.75 രൂപയിലാണ് (11.30 PM) ഓഹരികളുടെ വ്യാപാരം. 2022 തുടങ്ങിയ ശേഷം ഇതുവരെ 16.69 ശതമാനത്തിന്റെ ഇടിവാണ് ടാറ്റ കമ്പനിയുടെ ഓഹരികള്‍ക്കുണ്ടായത്.
Read DhanamOnline in English
Subscribe to Dhanam Magazine