Photo : Vistara / Air India / Facebook 
Industry

എയര്‍ ഇന്ത്യയില്‍ വിസ്താര ലയിക്കുമ്പോള്‍ മാറ്റങ്ങള്‍ ഇങ്ങനെ

എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ചേര്‍ന്നതാണ് എയര്‍ ഇന്ത്യ ഗ്രൂപ്പ്. ലയനം പൂര്‍ത്തിയാവുന്നതോടെ വിസ്താര ബ്രാന്‍ഡ് പ്രവര്‍ത്തനം അവസാനിപ്പിക്കും.

Dhanam News Desk

വിസ്താരയെ എയര്‍ ഇന്ത്യയോട് ലയിപ്പിക്കാന്‍ ടാറ്റ ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും (SIA) ധാരണയിലെത്തി. വ്യോമയാന മേഖലയിലെ വിപണി വിഹിതം ഉയര്‍ത്തുകയാണ് ലയനത്തിലൂടെ ഇരു കമ്പനികളുടെയും ലക്ഷ്യം. ലയനം പൂര്‍ത്തിയാവുന്നതോടെ വിസ്താര ബ്രാന്‍ഡ് പ്രവര്‍ത്തനം അവസാനിപ്പിക്കും.

വിസ്താര എത്തുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായി എയര്‍ ഇന്ത്യമാറും. ആഭ്യന്തര തലത്തില്‍ രണ്ടാമതാവും എയര്‍ ഇന്ത്യയുടെ സ്ഥാനം. നിലവില്‍ 53 വിമാനങ്ങളാണ് വിസ്താരയ്ക്കുള്ളത്. ഇരുകമ്പനികളും ചേരുമ്പോള്‍ വിമാനങ്ങളുടെ എണ്ണം (എയര്‍ ഇന്ത്യ-165) 218 ആയി ഉയരും. ആഭ്യന്തര-അന്താരാഷ്ട്ര വ്യോമയാന രംഗത്ത് 23 ശതമാനം വീതം വിപണി വിഹിതമാവും ലയനം പൂര്‍ത്തിയാവുമ്പോള്‍ എയര്‍ ഇന്ത്യയ്ക്ക് ഉണ്ടാവുക. നിലവില്‍ ആഭ്യന്തര സര്‍വീസുകളില്‍ 14 ശതമാനവും അന്താരാഷ്ട്ര തലത്തില്‍ 23 ശതമാനവും വിപണി വിഹിതമാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്.

വിസ്താരയില്‍ എസ്‌ഐഎയ്ക്ക് ഉള്ളത് 49 ശതമാനം ഓഹരികളാണ്. എയര്‍ ഇന്ത്യയുടെ 25.1 ശതമാനം ഓഹരികളാവും എസ്‌ഐഎയ്ക്ക് ലഭിക്കുക. ബാക്കി ഓഹരികള്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ തുടരും. 2024 മാര്‍ച്ചോടെ ലയന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എസ്‌ഐഎയ്ക്ക് എയര്‍ ഇന്ത്യ ബോര്‍ഡില്‍ എസ്‌ഐഎ പ്രതിനിധിയും ഉണ്ടാവും.

2023-24 സാമ്പത്തിക വര്‍ഷത്തിനുള്ളതില്‍ 20,000 കോടിയുടെ നിക്ഷേപം ആണ് എയര്‍ ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതില്‍ എസ്‌ഐഎയുടെ വിഹിതം 5,020 കോടിയോളം ആയിരിക്കും. എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ ഇന്ത്യ. എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ചേര്‍ന്നതാണ് എയര്‍ ഇന്ത്യ ഗ്രൂപ്പ്. എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ ഏഷ്യ ഇന്ത്യയും തമ്മിലുള്ള ലയന പ്രകിയ നടന്നുവരുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT