Industry

ബിഗ്ബാസ്‌ക്കറ്റിന്റെ 60 ശതമാനം ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് വാങ്ങുന്നു

250 ദശലക്ഷത്തോളം ഡോളര്‍ നിക്ഷേപിച്ച് ബിഗ്ബാസ്‌ക്കറ്റിന്റെ 60 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങുന്ന ടാറ്റ ഗ്രൂപ്പ് ഇ കൊമേഴ്‌സ് മേഖലയില്‍

Dhanam News Desk

പ്രമുഖ ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌ക്കറ്റിനെ സ്വന്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ് ചെലവിടുക 200-250 ദശലക്ഷം ഡോളറെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇ ഗ്രോസറി കമ്പനിയായ ബിഗ്ബാസ്‌ക്കറ്റിന്റെ 60 ശതമാനത്തോളം ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ് ബിഗ്ബാസ്‌ക്കറ്റുമായി ധാരണയിലെത്തി. നിലവില്‍ ചൈനീസ് ഇ കൊമേഴ്‌സ് വമ്പനായ അലിബാബ, ഇക്വിറ്റി സ്ഥാപനമായ അബ്രാജ് ഗ്രൂപ്പ് എന്നിവയ്ക്ക് ബിഗ്ബാസ്‌ക്കറ്റില്‍ 46 ശതമാനം ഓഹരികളുണ്ട്. ഇവരില്‍ നിന്നടക്കം ഓഹരികള്‍ വാങ്ങുന്നതിനാണ് ധാരണയായിരിക്കുന്നത്. കുറേ മാസങ്ങളായി നടക്കുന്ന ചര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇതില്‍ തീരുമാനം ആയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഗ്ബാസ്‌ക്കറ്റിലെ ഭൂരിഭാഗം ഓഹരികളും ടാറ്റ വാങ്ങുന്നതില്‍ നിലവിലെ നിക്ഷേപകര്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെങ്കിലും കമ്പനിയെ നയിക്കുന്ന സ്ഥാപകരടക്കമുള്ള ഉന്നത മാനേജ്‌മെന്റില്‍ മാറ്റമൊന്നും വരുത്തരുതെന്നാണ് ധാരണ. ഇടപാട് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബിഗ്ബാസ്‌ക്കറ്റിന്റെ മൂല്യം 1.6 ശതകോടി ഡോളറായി മാറും. 2022-23 വര്‍ഷം ഐപിഒ നടത്താന്‍ ഒരുങ്ങുന്ന കമ്പനിക്ക് ഇത് വലിയ ഊര്‍ജമാകും.

ടാറ്റ ഗ്രൂപ്പിനും ബിഗ്ബാസ്‌കറ്റിനും ഒരു പോലെ ഇടപാട് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യം മുഴുവന്‍ പ്രവര്‍ത്തനം വ്യാപിക്കാനുള്ള ബിഗ്ബാസ്‌ക്കറ്റിനെ ശ്രമം ഇത് എളുപ്പമാക്കും. ഇ ഗ്രോസറി വിഭാഗത്തില്‍ 50 ശതമാനം വിപണി പങ്കാളിത്തമുള്ള കമ്പനി 1000ത്തിലേറെ ബ്രാന്‍ഡുകളുടെ 18000ത്തിലേറെ ഉല്‍പ്പന്നങ്ങള്‍ അവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കളില്‍ എത്തിക്കുന്നുണ്ട്.

നിലവില്‍ ഷോപ്പിംഗ് ആപ്ലിക്കേഷനായ ക്ലിക്ക് ക്യു, ഗ്രോസറി ഇ സ്‌റ്റോറായ സ്റ്റാര്‍ ക്വിക്ക്, ഓണ്‍ലൈന്‍ ഇലക്ട്രോണിക്‌സ് പ്ലാറ്റ്‌ഫോമായ ക്രോമ എന്നിവ ടാറ്റ ഗ്രൂപ്പിന് കീഴിലുണ്ട്. മാത്രമല്ല, ഓണ്‍ലൈന്‍ ഫാര്‍മസി കമ്പനിയായ വണ്‍ എംജിയുടെ 55 ഓഹരികള്‍ സ്വന്തമാക്കാനുള്ള ശ്രമം നടത്തി വരികയും ചെയ്യുന്നു. ഇ കൊമേഴ്‌സ് മേഖലയില്‍ വന്‍ ശക്തിയാകാനുള്ള തയാറെടുപ്പിലാണ് ടാറ്റ ഗ്രൂപ്പ് എന്നു വ്യക്തം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT