Industry

വോള്‍ട്ടാസ് ഹോം അപ്ലയന്‍സസ് ബിസിനസ് വില്‍ക്കാന്‍ ടാറ്റ ഒരുങ്ങുന്നു?

എ.സി, വാട്ടര്‍ കൂളര്‍, വാണിജ്യ റഫ്രിജറേറ്ററുകള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനി 1954ലാണ് സ്ഥാപിക്കപ്പെട്ടത്

Dhanam News Desk

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള വോള്‍ട്ടാസ് ലിമിറ്റഡിന്റെ ഹോം അപ്ലയന്‍സ് ഓപ്പറേഷന്‍സ് വില്‍ക്കാന്‍ ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മത്സരാധിഷ്ടിത വിപണിയില്‍ ബിസിനിസ് വിപുലീകരണവുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കണ്ടാണ് തീരുമാനമെന്ന് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ആഗോള തലത്തില്‍ കൂളറുകള്‍, വാണിജ്യ റഫ്രിജറേറ്ററുകള്‍, എ.സി എന്നിവ പുറത്തിറക്കുന്ന വോള്‍ട്ടാസ് 1954ലാണ് സ്ഥാപിക്കപ്പെട്ടത്. ആര്‍സെലിക് എഎസുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായ വോള്‍ട്ടാസ് ബെകോ വഴിയാണ് ഇന്ത്യന്‍ വിപണിയില്‍ ഹോം അപ്ലയന്‍സസ് പുറത്തിറക്കുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ മാനേജ്മെന്റ് നിലവില്‍ വോള്‍ട്ടാസ് ഹോം അപ്ലയന്‍സസ് വിഭാഗത്തിന്റെ വില്‍പ്പന സംബന്ധിച്ച ചര്‍ച്ചകളിലാണെന്നും വോള്‍ട്ടാസ് ബേകോ ബിസിനസ് വിൽപ്പനയിൽ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ടാറ്റ ഗ്രൂപ്പിന് നിലവിൽ വിൽപ്പന സംബന്ധിച്ച് പദ്ധതികളില്ലെന്ന് കമ്പനി പ്രതികരിച്ചു. 'ഇതുമായി ബന്ധപ്പെട്ട വാർത്തകൾ തികച്ചും തെറ്റാണെന്നും വസ്തുതാപരമായി യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ മാനേജ്മെന്റ് അത്തരമൊരു വാർത്ത നിഷേധിക്കുന്നു," കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT