ടാറ്റ സൺസിന്റെ 108-ാമത് വാർഷിക പൊതുയോഗം (AGM) കോറം (Quorum) തികയാത്തതിനെത്തുടർന്ന് ഗ്രൂപ്പിന്റെ ചരിത്രത്തിലാദ്യമായി മാറ്റിവച്ചു. ഇന്ന് (ഓഗസ്റ്റ് 18) നടന്ന യോഗത്തിൽ, ടാറ്റ സൺസിന്റെ 51.5 ശതമാനം ഓഹരികൾ കൈവശം വച്ചിരിക്കുന്ന സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് (SDTT), സർ രത്തൻ ടാറ്റ ട്രസ്റ്റ് (SRTT) എന്നിവയുടെ സംയുക്ത പ്രതിനിധി ഹാജരാകാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.
സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെ ബോർഡ് യോഗങ്ങൾക്ക് മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണർ നിരോധനം ഏർപ്പെടുത്തിയതാണ് പ്രധാന തടസമായത്. ട്രസ്റ്റിന്റെ ഭരണനിർവ്വഹണം, സാമ്പത്തിക കാര്യങ്ങൾ എന്നിവയിലെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ട്രസ്റ്റിലെ ലൈഫ് ടൈം ട്രസ്റ്റികളുടെ എണ്ണത്തിൽ നിയമപരമായ ലംഘനം നടന്നുവെന്ന പരാതിയും ഇതിലുണ്ട്. ടാറ്റ സൺസിന്റെ നിയമാവലിയിലെ ആർട്ടിക്കിൾ 86 പ്രകാരം, സംയുക്ത ട്രസ്റ്റ് പ്രതിനിധി ഉൾപ്പെടെ കുറഞ്ഞത് അഞ്ച് അംഗങ്ങൾ പങ്കെടുത്തെങ്കിൽ മാത്രമേ ക്വാറം പൂർത്തിയാകൂ.
ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഭിന്നതകൾക്കിടയിലാണ് ഈ സംഭവവികാസം. ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ തന്റെ മൂന്നാം ഊഴം തേടില്ലെന്നും 2027 ഫെബ്രുവരിയിൽ സ്ഥാനമൊഴിയുമെന്നും പ്രഖ്യാപിച്ചിരുന്നു. ടാറ്റ ഡിജിറ്റൽ, സെമികണ്ടക്ടർ നിർമ്മാണം, എയർ ഇന്ത്യ തുടങ്ങിയ പുതിയ ബിസിനസ്സുകളിലെ മൂലധന വിനിയോഗത്തെക്കുറിച്ച് ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയും ചന്ദ്രശേഖരനും തമ്മിൽ വിയോജിപ്പുകൾ നിലനിന്നിരുന്നു. ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഈ ഭിന്നതയ്ക്ക് ആക്കം കൂട്ടി.
മുംബൈയിലെ ബോംബെ ഹൗസിൽ നടന്ന യോഗത്തിൽ ചന്ദ്രശേഖരൻ നേരിട്ടും, നോയൽ ടാറ്റ ഉൾപ്പെടെയുള്ള മറ്റ് ഡയറക്ടർമാർ ഓണ്‍ലൈനിലും പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine