എൻ ചന്ദ്രശേഖരൻ, നോയൽ ടാറ്റ Image Source: Tata Group Websites
Industry

ടാറ്റ സൺസ് ഐപിഒയ്ക്ക് വേഗം കൂട്ടി ചന്ദ്രശേഖരൻ; മൂല്യനിർണയത്തിൽ ₹6 ലക്ഷം കോടിയുടെ അന്തരവും ബോർഡ് യോഗം മാറ്റിയതും പുതിയ പോർമുഖം?

ടാറ്റ സൺസ് ബോർഡ് യോഗത്തിന് ഏഴുദിവസത്തെ നോട്ടീസ് ലഭിച്ചില്ലെന്ന നോയൽ ടാറ്റയുടെ വാദത്തെ തുടർന്ന് യോഗം മാറ്റിവെച്ചു; കമ്പനിയുടെ ലിസ്റ്റിങ് ചർച്ചകളും ഓഹരി ഉടമകൾക്കിടയിലെ നിലപാടുകളും ഇതോടെ വീണ്ടും ശ്രദ്ധ നേടുന്നു

Dhanam News Desk

ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാതൃകമ്പനിയായ (ഹോൾഡിങ് കമ്പനി) ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള (ഐ.പി.ഒ) നീക്കങ്ങൾ ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഊർജിതമാക്കി. 15 ലക്ഷം കോടി രൂപ മുതൽ 18 ലക്ഷം കോടി രൂപ വരെ വിപണി മൂല്യം കണക്കാക്കുന്ന ഐ.പി.ഒ നിർദശമാണ്, അദ്ദേഹം ഡയറക്ടർ ബോർഡിന് മുമ്പാകെ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

എന്നാൽ, കമ്പനി ഘടനയിൽ മാറ്റം വരുത്തി (പുനഃസംഘടനയിലൂടെ) ലിസ്റ്റിങ് ഒഴിവാക്കണമെന്ന ടാറ്റ ട്രസ്റ്റുകളുടെ ചെയർമാൻ നോയൽ ടാറ്റയുടെ നിലപാടിന് വിരുദ്ധമാണിത്. ടാറ്റ സൺസിന്റെ 66 ശതമാനം ഓഹരികളും ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണുള്ളത്. എൻ. ചന്ദ്രശേഖരനും നോയൽ ടാറ്റയും​ തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാകുന്നതിനിടെ, നിർണായകമായ ഡയറക്ടർ ബോർഡ് യോഗം മാറ്റിവെച്ചത് ടാറ്റ ഗ്രൂപ്പിനുള്ളിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്. മൂല്യനിർണയത്തിലെ 6 ലക്ഷം കോടി രൂപയുടെ അന്തരവും തർക്കവിഷയമാണ്.

ലിസ്റ്റിങ് നിർദേശം ബോർഡിന്റെ മുഖ്യ അജൻഡ

ടാറ്റ സൺസിന്റെ ലിസ്റ്റിങ് പദ്ധതിക്ക് ഡയറക്ടർ ബോർഡ് അംഗീകാരം ലഭിച്ചാൽ, ഇതുസംബന്ധിച്ച കോർപറേറ്റ് നടപടികളും റെഗുലേറ്ററി തയ്യാറെടുപ്പുകളും ഉടൻ തന്നെ ആരംഭിക്കാനാണ് ചന്ദ്രശേഖരൻ പക്ഷത്തിന്റെ നീക്കം. ബോർഡ് അനുമതി ലഭിച്ച് 90 ദിവസത്തിനുള്ളിൽ ഐപിഒ അനുമതി തേടിയുള്ള പ്രാഥമിക രേഖയായ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) സമർപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2027 മാർച്ച്–ജൂൺ കാലയളവിലാണ് ഐപിഒ ലക്ഷ്യമിടുന്നത്.

ടാറ്റ സൺസിനെ 'അപ്പർ ലെയർ' എൻ.ബി.എഫ്.സിയായി നിലനിർത്താൻ റിസർവ് ബാങ്ക് (RBI) തീരുമാനിച്ചിരുന്നു. 'കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി' (CIC) രജിസ്ട്രേഷൻ റദ്ദാക്കാനുള്ള ടാറ്റയുടെ അപേക്ഷ ആർബിഐ നിരസിക്കുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബർ 30-ന് അപ്പർ ലെയർ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ തുടർന്നുള്ള മൂന്ന് വർഷത്തിനകം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നായിരുന്നു ആർബിഐ ചട്ടം. ഈയൊരു സാഹചര്യത്തിൽ, കമ്പനി പുനഃസംഘടനയിലൂടെ ടാറ്റ സൺസിന്റെ ലിസ്റ്റിങ് ഒഴിവാക്കുന്നതിന് പകരം ആർ.ബി.ഐ ചട്ടങ്ങൾ പാലിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് എൻ. ചന്ദ്രശേഖരൻ തയ്യാറെടുക്കുന്നതെന്നാണ് സൂചന.

മൂല്യനിർണയത്തിൽ ₹6 ലക്ഷം കോടിയുടെ അന്തരം

മുൻ ഡയറക്ടർ വൈ.എസ്. മാലേഗത്തിന്റെ കണക്കനുസരിച്ച്, നടപ്പു സാമ്പത്തിക വർഷം (FY27) ടാറ്റ സൺസിന്റെ വിപണി മൂല്യം ഏകദേശം 15 ലക്ഷം കോടി രൂപയോളമാണ്. വിപണി സാഹചര്യവും നിക്ഷേപക താൽപര്യവും അനുകൂലമായാൽ, ഇത് 18 ലക്ഷം കോടി രൂപ വരെ ഉയർന്നേക്കാം. എന്നാൽ ഇൻവെസ്റ്റ്മെന്റ് ബാങ്കർമാരും മൂല്യനിർണയ വിദഗ്ധരും നേരത്തെ കണക്കാക്കിയിരുന്ന ടാറ്റ സൺസിന്റെ മൂല്യം 9–12.5 ലക്ഷം കോടി രൂപ മാത്രമായിരുന്നു.

ഹോൾഡിങ് കമ്പനികളുടെ ഓഹരി വില നിശ്ചയിക്കുമ്പോൾ സാധാരണയായി നൽകാറുള്ള 30 മുതൽ 60 ശതമാനം വരെയുള്ള 'ഹോൾഡിങ് കമ്പനി ഡിസ്കൗണ്ട്' ആണ് ഈ വലിയ വ്യത്യാസത്തിനുള്ള മുഖ്യ കാരണം. ടാറ്റ ഇലക്ട്രോണിക്സ്, എയർ ഇന്ത്യ, ടാറ്റ ഡിജിറ്റൽ തുടങ്ങിയവയുടെ ഭാവി വരുമാന സാധ്യതകളും ഐപിഒയിലെ ഇഷ്യൂ വിലയെ നേരിട്ട് സ്വാധീനിക്കും. ഈയൊരു പശ്ചാത്തലത്തിൽ, 15-18 ലക്ഷം കോടി രൂപ എന്ന ടാറ്റ സൺസിന്റെ ഉയർന്ന മൂല്യനിർണയത്തിന് വിപണിയിൽ നിന്നും പിന്തുണ ലഭിക്കുമോ എന്നതും ഏവരും ഉറ്റുനോക്കുന്നു.

നടപടിക്രമങ്ങളുടെ തർക്കം: യോഗം മാറ്റിവെച്ചു

നവംബർ 26-ന് ചേരുന്നതിനായി നിശ്ചയിച്ചിരുന്ന ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡ് യോഗം, ഏതാനും ദിവസത്തേക്ക് മാറ്റിവെച്ചത് നോട്ടീസുമായി ബന്ധപ്പെട്ട് നോയൽ ടാറ്റ ഉന്നയിച്ച എതിർപ്പിനെ തുടർന്നാണ്. യോഗത്തിന്റെ അജൻഡയും അനുബന്ധ രേഖകളും യോഗത്തിന് ഏഴ് ദിവസം മുമ്പ് നൽകുന്ന പതിവിന് പകരം, നവംബർ 22-നാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനി നിയമപ്രകാരം ഡയറക്ടർ ബോർഡ് യോഗത്തിന് ഏഴു ദിവസത്തെ രേഖാമൂലമുള്ള നോട്ടീസ് നൽകണമെന്ന വ്യവസ്ഥയുമുണ്ട്. അതിനാൽ നടപടിക്രമത്തിലെ വീഴ്ചയെന്ന നോയൽ ടാറ്റയുടെ വാദത്തിന് നിയമപരമായ പ്രസക്തിയുണ്ട്. അതേസമയം, ലിസ്റ്റിങ് നിർദേശം പരി​ഗണിക്കുന്നതിന് തൊട്ടുമുമ്പുള്ള ഈ എതിർ‌ നീക്കം, യോ​ഗം വൈകിപ്പിക്കാനുള്ള തന്ത്രമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ടാറ്റ സൺസിൽ 18.37 ശതമാനം ഓഹരി വിഹിതം സ്വന്തമായുള്ള ഷാപൂർജി പല്ലോൻജി ഗ്രൂപ്പും (എസ്.പി ​ഗ്രൂപ്പ്) ലിസ്റ്റിങ്ങിനെ അനുകൂലിക്കുന്നുണ്ട്. നിക്ഷേപമൂല്യം കൃത്യമായി വിലയിരുത്താനും കടബാധ്യത കുറച്ചുകൊണ്ടുവരാനും ഇത് സഹായിക്കുമെന്നാണ് എസ്.​പി ​ഗ്രൂപ്പിന്റെ വാ​ദം. നേരത്തേ ജിമ്മി ടാറ്റയും കമ്പനിയുടെ ലിസ്റ്റിങ്ങിനേയും എൻ. ചന്ദ്രശേഖരന്റെ പുനർനിയമനത്തേയും പിന്തുണച്ചത്, ടാറ്റ ട്രസ്റ്റുകളിലെ വോട്ടിങ് സമവാക്യങ്ങളെ സ്വാധീനിച്ചേക്കാം. അതിനാൽ ഇതൊരു ഐപിഒയുടെ തർക്കത്തിനപ്പുറം ടാറ്റ സൺസിന്റെ ഭാവി നിയന്ത്രിക്കുന്നത് ആരെന്ന നിർണായക അധികാര പരീക്ഷണവുമായി മാറുകയാണ്.

Tata Sons has postponed its board meeting following Noel Tata’s objection over the notice period, adding a procedural dispute to the ongoing debate over the company’s potential listing.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT