ടാറ്റ സൺസിന്റെ ഐ.പി.ഒ ഒഴിവാക്കാനുള്ള നോയൽ ടാറ്റയുടെ നീക്കത്തിന് ടാറ്റ ട്രസ്റ്റുകളിൽ നിന്നുള്ള ഭിന്നതയും നിയമപരമായ തടസ്സങ്ങളും വലിയ വെല്ലുവിളിയാകുന്നു. ഭൂരിപക്ഷ പിന്തുണയുണ്ടെങ്കിലും, ട്രസ്റ്റുകളുടെ ചേരിപ്പോരും ചാരിറ്റി കമ്മീഷണറുടെ അന്വേഷണവും പുനഃസംഘടനാ പ്രക്രിയയെ ദുർബലപ്പെടുത്തുന്നതായും വിലയിരുത്തൽ.
ടാറ്റ സൺസിന്റെ പ്രാരംഭ പൊതുഓഹരി വിൽപ്പന (IPO) ഒഴിവാക്കാൻ കമ്പനിയെ ഗ്രൂപ്പിലെ മറ്റ് അനുബന്ധ സ്ഥാപനങ്ങളുമായി ലയിപ്പിക്കാനുള്ള നോയൽ ടാറ്റയുടെ തന്ത്രപരമായ നീക്കത്തിന് മുന്നിൽ വലിയ വെല്ലുവിളി ഉയർത്തി ടാറ്റ ട്രസ്റ്റുകൾക്കുള്ളിലെ ആഭ്യന്തര ഭിന്നത. സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിൽ (SDTT) ഭൂരിപക്ഷം ഒപ്പമുണ്ടെങ്കിലും, രണ്ട് പ്രമുഖ ട്രസ്റ്റികളുടെ പരസ്യമായ വിയോജിപ്പും റഗുലേറ്റർക്ക് മുന്നിലെത്തിയ ഔദ്യോഗിക പരാതികളും ഈ നീക്കത്തിന് വൻ തടസ്സമാകുന്നു. കേവലം സംഖ്യാബലത്തിനപ്പുറം നോയൽ ടാറ്റയുടെ നേതൃത്വത്തിനും സ്ഥാപനപരമായ അധികാരാവകാശങ്ങൾക്കുമാണ് ഇത് വലിയ പരീക്ഷണമാകുന്നത്.
നോയൽ ടാറ്റയ്‌ക്കൊപ്പം ട്രസ്റ്റികളായ ഡാരിയസ് ഖംബട്ട, നെവിൽ ടാറ്റ, ഭാസ്കർ ഭട്ട് എന്നിവരടങ്ങുന്ന ഭൂരിപക്ഷ വിഭാഗം ലയന പദ്ധതിയെ പൂർണമായി പിന്തുണയ്ക്കുന്നുണ്ട്. പൂർണ ഉടമസ്ഥതയിലുള്ള ടാറ്റ ഇലക്ട്രോണിക്സ് സിസ്റ്റംസ് (TESS), ടാറ്റ കൺസൾട്ടിംഗ് എൻജിനീയേഴ്സ് (TCE) എന്നിവയെ ടാറ്റ സൺസിൽ ലയിപ്പിച്ച് കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി (CIC) പദവി ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം. എന്നാൽ ട്രസ്റ്റിന്റെ വൈസ് ചെയർമാൻമാരായ വേണു ശ്രീനിവാസൻ, വിജയ് സിംഗ് എന്നിവർ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നു.
ടാറ്റ സൺസിൽ വിവിധ ടാറ്റ ട്രസ്റ്റുകൾക്ക് ആകെ 66 ശതമാനവും, അതിൽ എസ്.ഡി.ടി.ടിക്ക് മാത്രം ഏകദേശം 28 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഓഹരി ഉടമകളുടെയും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെയും (NCLT) അംഗീകാരം ആവശ്യമുള്ള ഇത്തരം വലിയ പുനഃസംഘടനകളിൽ ഭൂരിപക്ഷ പിന്തുണയുണ്ടെങ്കിലും, ട്രസ്റ്റുകൾക്കിടയിലെ ഈ ചേരിപ്പോര് പദ്ധതിയുടെ വിശ്വാസ്യതയെ നിയമവേദികളിലും വിപണിയിലും ദുർബലപ്പെടുത്തുന്നു.
ബോർഡ് റൂമിൽ ഒതുങ്ങിനിന്ന ടാറ്റ ഗ്രൂപ്പിലെ തർക്കം ഇപ്പോൾ നിയമാനുസൃത അന്വേഷണങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്:
ടാറ്റ സൺസ് ബോർഡിലെ നോമിനി ഡയറക്ടർമാരുടെ സ്വതന്ത്രമായ തീരുമാനങ്ങളിൽ എസ്.ഡി.ടി.ടി അനാവശ്യമായി ഇടപെടുന്നുവെന്ന് ആരോപിച്ച് വേണു ശ്രീനിവാസനും വിജയ് സിംഗും സെപ്റ്റംബർ 25-ന് മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണർക്ക് സമാനമായ പരാതികൾ നൽകി.
ട്രസ്റ്റിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം വേണമെന്നും ട്രസ്റ്റ് യോഗങ്ങൾക്കും സർക്കുലർ പ്രമേയങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഇതിൽ ഒക്ടോബർ 12-നകം വിശദീകരണം നൽകാൻ ചാരിറ്റി കമ്മീഷണർ ട്രസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ വാദം കേൾക്കാതെ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് കാണിച്ച് നോയൽ ടാറ്റയും നെവിൽ ടാറ്റയും തടസ്സ ഹർജികൾ (Caveats) ഫയൽ ചെയ്തു. അന്തിമ കണ്ടെത്തലുകൾ ഉണ്ടായില്ലെങ്കിലും ഇത്തരം നടപടികൾ പുനഃസംഘടനാ പ്രക്രിയയെ വൈകിപ്പിക്കാം.
ടാറ്റ സൺസിന്റെ ലിസ്റ്റിംഗ് വിഷയം മാത്രമല്ല ഇരുപക്ഷവും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണം. സെപ്റ്റംബർ 17-ന് ചേർന്ന ബോർഡ് യോഗത്തിൽ എൻ. ചന്ദ്രശേഖരന് വീണ്ടും അഞ്ച് വർഷത്തേക്ക് ടാറ്റ സൺസ് ചെയർമാനായി കാലാവധി നീട്ടി നൽകുന്നതിന് അനുകൂലമായി വേണു ശ്രീനിവാസൻ വോട്ട് ചെയ്തതാണ് പ്രധാന തർക്ക വിഷയം. പുതിയ ചെയർമാനെ കണ്ടെത്താൻ സെലക്ഷൻ കമ്മിറ്റിയെ നിയോഗിക്കണമെന്ന ആഗസ്റ്റ് 13-ലെ എസ്.ഡി.ടി.ടി പ്രമേയം സ്വന്തം നോമിനി തന്നെ ലംഘിച്ചുവെന്ന് ഭൂരിപക്ഷ ട്രസ്റ്റികൾ ആരോപിക്കുന്നു. ആർട്ടിക്കിൾ 118, 121 പ്രകാരമുള്ള ട്രസ്റ്റുകളുടെ വീറ്റോ അധികാരം ഇവിടെ സ്വന്തം പ്രതിനിധിയാൽ തന്നെ മറികടക്കപ്പെട്ടു.
ശ്രീനിവാസനും വിജയ് സിംഗും 2026 ഏപ്രിൽ മുതൽ പരസ്യമായി ലിസ്റ്റിംഗിനെ അനുകൂലിച്ചെങ്കിലും ട്രസ്റ്റ് യോഗങ്ങളിൽ ഇത് ഉന്നയിച്ചില്ലെന്നാണ് ഭൂരിപക്ഷ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റംബർ 16-ന് പാസാക്കിയ പ്രമേയത്തിലൂടെ ലിസ്റ്റിംഗ് സംബന്ധിച്ച കാര്യങ്ങളിൽ വോട്ട് ചെയ്യരുതെന്ന് ശ്രീനിവാസനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ലിസ്റ്റ് ചെയ്യാതെ സ്വകാര്യ കമ്പനിയായി തുടരണമെന്നത് 2024 മാർച്ചിലും 2025 മെയ്, ജൂലൈ മാസങ്ങളിലും ട്രസ്റ്റ് എടുത്ത ദീർഘകാല നയതീരുമാനമാണെന്ന് നോയൽ ടാറ്റ വിഭാഗം വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 20,000 കോടി രൂപയുടെ കടബാധ്യതകളും പ്രിഫറൻസ് ഓഹരികളും മുൻപ് തന്നെ വീണ്ടെടുത്തിരുന്നു. ആർ.ബി.ഐ ടാറ്റയുടെ സി.ഐ.സി രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അപേക്ഷ നിരസിച്ചെങ്കിലും, ലിസ്റ്റിംഗ് നിർബന്ധമാണെന്നോ കമ്പനി നിയമലംഘനം നടത്തിയെന്നോ എവിടെയും പറഞ്ഞിട്ടില്ലെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.
ഒക്ടോബർ 12-ന് ചാരിറ്റി കമ്മീഷണർക്ക് സമർപ്പിക്കുന്ന മറുപടിയും, തുടർന്ന് ലയന നിർദ്ദേശം ബോർഡിന് മുന്നിലെത്തുമ്പോൾ വേണു ശ്രീനിവാസൻ സ്വീകരിക്കുന്ന നിലപാടും ടാറ്റ സൺസിന്റെ ഭാവി ഘടനയിലും നോയൽ ടാറ്റയുടെ നേതൃത്വത്തിലും നിർണായകമാകും.
Read DhanamOnline in English
Subscribe to Dhanam Magazine