ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന്റെ ഭാവി സംബന്ധിച്ച നിർണായക തീരുമാനങ്ങളിലേക്ക്, ഗ്രൂപ്പിലെ ആഭ്യന്തര അധികാര തർക്കം വഴിമാറുന്നു. നവംബർ 26-ന് ചേരുന്ന ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ ഓഹരി വിപണിയിലെ ലിസ്റ്റിങ് വിഷയം ചർച്ചയായേക്കും എന്നിരിക്കവേ, അതിന് മുന്നോടിയായുള്ള ടാറ്റ ട്രസ്റ്റുകളുടെ യോഗങ്ങളേയും കോർപറേറ്റ് ലോകം അതീവ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്നു.
ശ്രീ രത്തൻ ടാറ്റ ട്രസ്റ്റ് (എസ്.ആർ.ടി.ടി) ഒഴികെയുള്ള എല്ലാ ടാറ്റ ട്രസ്റ്റുകളുടേയും ഡയറക്ടർ ബോർഡ് യോഗം ഇന്ന് (നവംബർ 20) ചേരുന്നുണ്ട്. ലിസ്റ്റിങ് വേണമെന്ന റിസർവ് ബാങ്കിന്റെ (ആർബിഐ) കർക്കശ നിലപാടും, ടാറ്റ സൺസ് സ്വകാര്യ കമ്പനിയായി തന്നെ തുടരണമെന്ന ട്രസ്റ്റുകളുടെ താൽപര്യവും നേർക്കുനേർ വരുമ്പോൾ, ട്രസ്റ്റുകൾക്കുള്ളിലെ വോട്ടിങ് സമവാക്യങ്ങളായിരിക്കും അന്തിമ ചിത്രം വ്യക്തമാക്കുക.
സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെ (എസ്.ഡി.ടി.ടി) ബോർഡ് ഇന്ന് ചേരുന്നുണ്ടെങ്കിലും ടാറ്റ സൺസ് ലിസ്റ്റിങ് യോഗത്തിന്റെ അജൻഡയിലില്ല. ഗ്രാന്റുകൾക്ക് അംഗീകാരം നൽകൽ, അക്കൗണ്ടുകൾ വിലയിരുത്തൽ തുടങ്ങിയ പതിവ് കാര്യങ്ങളാണ് പരിഗണിക്കുക. ജഹാംഗീർ ആശുപത്രിക്കുള്ള ഗ്രാന്റും അജൻഡയിലുണ്ട്. ചെയർമാൻ നോയൽ ടാറ്റ, വൈസ് ചെയർമാൻമാരായ വേണു ശ്രീനിവാസൻ, വിജയ് സിങ്, ട്രസ്റ്റിമാരായ ഭാസ്കർ ഭട്ട്, നെവിൽ ടാറ്റ തുടങ്ങിയവർ പങ്കെടുക്കും.
അതേസമയം, ടാറ്റ ട്രസ്റ്റുകളിലെ ഭിന്നത പരസ്യമായ നിയമ-ഭരണ തർക്കമായി മാറിയിട്ടുണ്ട്. എസ്.ഡി.ടി.ടിക്കെതിരെ വൈസ് ചെയർമാൻമാരായ വേണു ശ്രീനിവാസനും വിജയ് സിങ്ങും മഹാരാഷ്ട്ര ചാരിറ്റി കമ്മിഷണർക്ക് നൽകിയ പരാതികളിൽ ട്രസ്റ്റിമാരുടെ നിയമനം, നോയൽ ടാറ്റയുടെ ചെയർമാൻ പദവി, നോമിനി ഡയറക്ടർമാരുടെ സ്വതന്ത്ര നിലപാട്, ടാറ്റ സൺസിന്റെ വാണിജ്യകാര്യങ്ങളിൽ ട്രസ്റ്റുകളുടെ ഇടപെടൽ എന്നിവയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. ഈ ആരോപണങ്ങൾ പൂർണമായും നിഷേധിച്ച് എസ്.ഡി.ടി.ടി വിശദമായ മറുപടിയും നൽകിയിട്ടുണ്ട്.
രത്തൻ ടാറ്റയുടെ ഇളയ സഹോദരൻ ജിമ്മി എൻ. ടാറ്റ, എൻ. ചന്ദ്രശേഖരന്റെ ചെയർമാൻ പദവി പുനർനിയമിക്കുന്നതിനും ടാറ്റ സൺസ് ലിസ്റ്റിങ്ങിനും പിന്തുണ പ്രഖ്യാപിച്ചത് ഗ്രൂപ്പിനുള്ള അധികാര തർക്കത്തിന് പുതിയ മാനം നൽകി. നോയൽ ടാറ്റയുടെ നിലപാടിൽനിന്ന് വ്യത്യസ്തമായ ഈ ഇടപെടൽ, ടാറ്റ ട്രസ്റ്റുകളിലെ തീരുമാനങ്ങളിൽ ആരുടെ പക്ഷത്തിനാണ് ഭൂരിപക്ഷമെന്ന കണക്കുകൂട്ടലുകളെയും മാറ്റിമറിച്ചേക്കാം.
ടാറ്റ ഇലക്ട്രോണിക്സ് സിസ്റ്റംസ് സൊല്യൂഷൻസ് (TESS), ടാറ്റ കൺസൾട്ടിങ് എൻജിനീയേഴ്സ് (TCE) എന്നീ കമ്പനികളെ ടാറ്റ സൺസുമായി ലയിപ്പിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് തങ്ങളെ ഒഴിവാക്കിയെന്ന ശ്രീനിവാസന്റെയും സിങ്ങിന്റെയും പരാതിയും ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു. മഹാരാഷ്ട്ര ചാരിറ്റി കമ്മിഷണറുടെ വിലക്ക് കാരണം, സർ രത്തൻ ടാറ്റ ട്രസ്റ്റിന് യോഗം ചേരാനാകാത്തതും നിലവിലെ സമവാക്യങ്ങളെ സങ്കീർണമാക്കുന്നു.
ആസ്തി വലുപ്പവും കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി (സി.ഐ.സി) പദവിയും കണക്കിലെടുത്ത്, ടാറ്റ സൺസിനെ ആർബിഐ അപ്പർ ലെയർ എൻ.ബി.എഫ്.സിയായി തരംതിരിച്ചിട്ടുണ്ട്. നവംബർ 16ലെ കത്തിൽ നിർബന്ധിത ലിസ്റ്റിങ് വ്യവസ്ഥ പാലിക്കണമെന്നും ഇളവില്ലെന്നും ആർബിഐ വീണ്ടും വ്യക്തമാക്കി. ഇതിനായി മൂന്ന് വർഷത്തെ സമയപരിധിയാണുള്ളത്.
ടാറ്റ സൺസിന്റെ 66 ശതമാനത്തോളം ഓഹരികൾ കൈവശമുള്ള ടാറ്റ ട്രസ്റ്റുകൾ, 2025 ജൂലൈയിൽ കമ്പനി സ്വകാര്യമായി (ലിസ്റ്റ് ചെയ്യാതെ) തുടരണമെന്ന് പ്രമേയം പാസാക്കിയിരുന്നു. ടാറ്റ ഇലക്ട്രോണിക്സ് സിസ്റ്റംസ് സൊല്യൂഷൻസും ടാറ്റ കൺസൾട്ടിങ് എൻജിനീയേഴ്സും ടാറ്റ സൺസിൽ ലയിപ്പിച്ച് കമ്പനിയുടെ ബിസിനസ് സ്വഭാവം മാറ്റാനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്. എന്നാൽ ആർബിഐയുടെ പുതിയ കത്ത്, ഈ നീക്കത്തിന് മുന്നിലുള്ള നിർണായക വെല്ലുവിളിയാണ് ചൂണ്ടിക്കാണിക്കുന്നത്.
അതിനാൽ നവംബർ 26-ന് ചേരുന്ന ടാറ്റ സൺസ് ഡയറക്ടർ ബോർഡ് യോഗം, ലിസ്റ്റിങ് സംബന്ധിച്ച ചർച്ചയിൽ മാത്രം ഒതുങ്ങുന്നതല്ല; ടാറ്റ ഗ്രൂപ്പിന്റെ ഭാവി നിയന്ത്രിക്കുന്നത് ആരായിരിക്കുമെന്നതിന്റെ നിർണായക ഘട്ടം കൂടിയാണിത്.
Tata Sons’ listing debate is intensifying internal divisions within the Tata Trusts ahead of the company’s November 26 board meeting.
Read DhanamOnline in English
Subscribe to Dhanam Magazine