image credit : tata  
Industry

ടാറ്റയും എസ്പി ഗ്രൂപ്പും തമ്മില്‍ 'ഷെയര്‍ സ്വാപ്പ്' ചര്‍ച്ചകള്‍; ടാറ്റാ സണ്‍സ് ഓഹരികളുടെ മൂല്യനിര്‍ണയത്തില്‍ തര്‍ക്കം തുടരുന്നു, ടാറ്റാ സണ്‍സ് ഐപിഒ വരുമോ?

കടബാധ്യത തീർക്കാൻ ടാറ്റാ സൺസിലെ 7 ശതമാനം ഓഹരികൾ വിൽക്കാൻ ഷാപൂര്‍ജി പല്ലോൻജി ഗ്രൂപ്പ് നീക്കം നടത്തുന്നു; പ്രതിസന്ധിയായി നോയൽ ടാറ്റയുടെ നിലപാടുകൾ

Dhanam News Desk

ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ 'ടാറ്റാ സണ്‍സിലുള്ള' (Tata Sons) ഏകദേശം 7 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് പണമാക്കുന്നതിനായി ഷാപൂര്‍ജി പല്ലോന്‍ജി (SP) ഗ്രൂപ്പും ടാറ്റാ സണ്‍സും പുതിയ ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. എസ്പി ഗ്രൂപ്പിന് ടാറ്റാ സണ്‍സില്‍ ആകെ 18.37% ഓഹരി പങ്കാളിത്തമുണ്ട്. ഗ്രൂപ്പിന്റൈ ഏകദേശം 60,000 കോടി രൂപയുടെ കടബാധ്യത ഭാഗികമായി വീട്ടുന്നതിനായാണ് ഇതില്‍ ഒരു പങ്ക് വില്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നത്. എന്നാല്‍, ഈ ഇടപാടിന്റെ ഘടനയെക്കുറിച്ചും മൂല്യനിര്‍ണയത്തെക്കുറിച്ചും (Valuation) ഇരുവിഭാഗവും തമ്മില്‍ ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഷെയര്‍ സ്വാപ്പ് ആവശ്യം

ടാറ്റാ സണ്‍സിലെ ഓഹരികള്‍ക്ക് പകരം, ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള ലിസ്റ്റ് ചെയ്യപ്പെട്ട മറ്റ് പ്രമുഖ കമ്പനികളുടെ ഓഹരികളുടെ ഒരു കൂട്ടം (Basket of listed shares) എസ്പി ഗ്രൂപ്പിന് നല്‍കുക എന്നതാണ് മുന്നോട്ടുവെച്ച ഒരു പ്രധാന നിര്‍ദ്ദേശം.

ഈ ഇടപാടിനായി ടാറ്റാ സണ്‍സ് പുതിയതായി കടമെടുക്കരുതെന്ന നിലപാടാണ് ടാറ്റാ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ സ്വീകരിച്ചത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്നാണ് എസ്പി ഗ്രൂപ്പ് നിയന്ത്രിക്കുന്ന മിസ്ത്രി കുടുംബത്തിന്റെ നിലപാട്.

മൂല്യനിര്‍ണ്ണയത്തിലെ പ്രതിസന്ധി

ടാറ്റാ ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്യപ്പെട്ട 16 കമ്പനികളുടെ ആകെ വിപണി മൂല്യം (Market Capitalisation) ഏകദേശം 25.28 ലക്ഷം കോടി രൂപയാണ്. ഇതില്‍ ടാറ്റാ സണ്‍സിനുള്ള ഓഹരികളുടെ മൂല്യം മാത്രം വരുന്നത് 11.9 ലക്ഷം കോടിയോളമാണ്.

ലിസ്റ്റ് ചെയ്യപ്പെടാത്ത ടാറ്റാ സണ്‍സ് ഓഹരികള്‍ക്ക് എത്ര വില കണക്കാക്കണം എന്നതിലും, സ്വാപ്പ് ചെയ്യാന്‍ പോകുന്ന മറ്റ് ടാറ്റാ കമ്പനികളുടെ ഓഹരികളുടെ വില നിശ്ചയിക്കുന്നതിലും ഇരുപക്ഷത്തിനും ഒരേ തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. ഇതാണ് ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ കാരണം.

ഒരു ബാധ്യതയുമില്ലാതെ മൂല്യം കണ്ടെത്താന്‍ ഏറ്റവും അനുയോജ്യമായ വഴി ടാറ്റാ സണ്‍സിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുക (IPO കൊണ്ടുവരിക) എന്നതാണെന്ന് മിസ്ത്രി കുടുംബം വിശ്വസിക്കുന്നു. എന്നാല്‍ ടാറ്റാ ട്രസ്റ്റ് ചെയര്‍മാനായ നോയല്‍ ടാറ്റ കമ്പനി ലിസ്റ്റ് ചെയ്യുന്നതിന് എതിരാണെന്നാണ് വിവരം. ടാറ്റാ സണ്‍സിന്റെ 66% ഓഹരികളും കൈവശം വെച്ചിരിക്കുന്നത് ടാറ്റാ ട്രസ്റ്റാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അപ്പര്‍ ലെയര്‍ എന്‍ബിഎഫ്സികള്‍ക്കായി (NBFCs) പുറപ്പെടുവിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍, വരുംകാലങ്ങളില്‍ ടാറ്റാ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ടെങ്കിലും, ഇത് ഉടന്‍ തന്നെ സംഭവിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

പുതിയ ഫണ്ടിംഗ് തേടി

കടബാധ്യതകള്‍ പുനഃക്രമീകരിക്കുന്നതിന്റെ (Refinancing) ഭാഗമായി എസ്പി ഗ്രൂപ്പ് വിവിധ നിക്ഷേപകരില്‍ നിന്നായി 21,500 കോടി രൂപയുടെ തുക സമാഹരിക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്. ടാറ്റാ സണ്‍സ് ഓഹരികള്‍ പണയം വെച്ചാണ് ഈ തുക കണ്ടെത്തുന്നത്. എന്നാല്‍, വായ്പാ പുനഃക്രമീകരണ (Refinancing) പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി ആഭ്യന്തര-വിദേശ നിക്ഷേപകരില്‍ നിന്ന് പൂര്‍ണ്ണമായ പിന്തുണയോടെ എസ്പി ഗ്രൂപ്പ് (SP Group) ഏകദേശം 21,500 കോടി രൂപയുടെ നിക്ഷേപ ഉറപ്പുകള്‍ നേടിയതായി കഴിഞ്ഞ ആഴ്ച ഇക്കണോമിക് ടൈംസ് (ET) റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം 18.95% വരുമാനം (Yield) വാഗ്ദാനം ചെയ്യുന്ന മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള 15,200 കോടി രൂപയുടെ റുപ്പി ബോണ്ടുകളും, ഏതാണ്ട് 14.5% വരുമാനം പ്രതീക്ഷിക്കുന്ന 650 മില്യണ്‍ ഡോളറിന്റെ ഡോളര്‍ ബോണ്ടുകളും ഉള്‍പ്പെടുന്നതാണ് ഈ ഫണ്ട് സമാഹരണം. ഈ ഇടപാട് ജൂലൈ 20-ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എസ്പി ഗ്രൂപ്പിന്റെ കീഴിലുള്ള 'ഇക്വിസെന്‍ ഇന്‍വെസ്റ്റ്മെന്റ്' (Eqyizen Investment) എന്ന സ്ഥാപനം വഴിയാണ് ഈ റീഫിനാന്‍സിങ് പ്രക്രിയ നടത്തുന്നത്.

ഈ പുതിയ ബോണ്ടുകള്‍ പുറപ്പെടുവിച്ച് 18 മാസത്തിനകം ടാറ്റാ സണ്‍സിന്റെ ഐപിഒ പ്രഖ്യാപിക്കുകയോ, അല്ലെങ്കില്‍ ടാറ്റയുമായി ചേര്‍ന്ന് ഓഹരി ഒത്തുതീര്‍പ്പില്‍ എത്തുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT