കേരളത്തില്‍ 10,000 കോടി രൂപ മുടക്കി കപ്പല്‍ നിര്‍മാണശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെന്ന വാര്‍ത്തകള്‍ക്ക് പുതിയ വഴിത്തിരിവ്. ഇത്തരമൊരു പദ്ധതിക്കായി കേരള സര്‍ക്കാരിന് ഔദ്യോഗിക നിക്ഷേപ നിര്‍ദേശമോ അപേക്ഷയോ സമര്‍പ്പിച്ചിട്ടില്ലെന്ന് ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. ഇതോടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയ പ്രഖ്യാപനവും കമ്പനിയുടെ ഔദ്യോഗിക നിലപാടും തമ്മിലുള്ള വ്യത്യാസം ചര്‍ച്ചയാവുകയാണ്.
ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തിലും പിന്നീട് 'കേരള സമുദ്ര മിഷന്‍ 2026' വേദിയിലുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ടാറ്റ ഗ്രൂപ്പ് കേരളത്തില്‍ ഏകദേശം 10,000 കോടി നിക്ഷേപിച്ച് കപ്പല്‍നിര്‍മാണ രംഗത്തേക്ക് കടക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പദ്ധതിക്കാവശ്യമായ ഭൂമി സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും, ഒരു മാസത്തിനുള്ളില്‍ അനുമതി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു. പദ്ധതി യാഥാര്‍ഥ്യമായാല്‍ കപ്പല്‍നിര്‍മാണ മേഖലയിലേക്കുള്ള ടാറ്റ ഗ്രൂപ്പിന്റെ ആദ്യ വലിയ പ്രവേശനമാകുമെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇക്കണോമിക് ടൈംസിലൂടെ ടാറ്റ ഗ്രൂപ്പ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കേരള സര്‍ക്കാരിന് ഇതുവരെ ഔദ്യോഗിക നിക്ഷേപ നിര്‍ദേശമോ അനുമതിക്കായുള്ള അപേക്ഷയോ സമര്‍പ്പിച്ചിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കിയത്. അതേസമയം, സമുദ്ര വ്യവസായ മേഖലയിലെ വിവിധ അവസരങ്ങള്‍ കമ്പനി വിലയിരുത്തുന്നുണ്ടെന്നും, കപ്പല്‍നിര്‍മാണം, ഷിപ്പ് റിപ്പയര്‍, അനുബന്ധ സമുദ്ര അടിസ്ഥാനസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സാധ്യതകള്‍ പരിശോധിച്ചുവരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അന്തിമ നിക്ഷേപ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.
കേരളത്തെ രാജ്യത്തെ പ്രധാന സമുദ്ര-വ്യവസായ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ 'മിഷന്‍ സമുദ്ര' പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം, ഷിപ്പ് റിപ്പയര്‍, ലോജിസ്റ്റിക്‌സ്, ബ്ലൂ ഇക്കോണമി, സമുദ്ര അധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ചാണ് പദ്ധതിയുടെ രൂപകല്‍പന. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (MSC) പ്രഖ്യാപിച്ച വന്‍നിക്ഷേപത്തിന് പിന്നാലെ ടാറ്റയുടെ പേരും ഉയര്‍ന്നത് കേരളത്തിന്റെ സമുദ്ര സാമ്പത്തിക പദ്ധതിക്ക് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തിരുന്നു.
ടാറ്റ ഗ്രൂപ്പ് നിക്ഷേപ സാധ്യത പൂര്‍ണമായും നിഷേധിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഔദ്യോഗിക നിക്ഷേപ നിര്‍ദേശമോ അപേക്ഷയോ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ ഭാവിയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ച് പദ്ധതി യാഥാര്‍ഥ്യമാകുമോ എന്നതാണ് ഇനി വ്യവസായ ലോകം ഉറ്റുനോക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine