ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS)-ന്റെ രണ്ടാം പാദത്തിലെ (Q2) ഫലങ്ങൾക്കൊപ്പം പുറത്തുവന്ന ജീവനക്കാരുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. ഈ പാദത്തിൽ കമ്പനിയിലെ ജീവനക്കാരുടെ എണ്ണത്തിൽ ഏകദേശം 20,000 ത്തോളം പേരുടെ കുറവുണ്ടായി എന്നാണ് റിപ്പോർട്ട്.
കമ്പനി ആസൂത്രണം ചെയ്തതിനേക്കാൾ 66 ശതമാനം കൂടുതലാണ് ഈ കുറവ്. ഐടി ജീവനക്കാരുടെ യൂണിയനായ നാഷണൽ ഇൻഫർമേഷൻ ടെക്നോളജി സെൻ്റർസ് എംപ്ലോയീസ് സെനറ്റ് (NITES) ഈ കണക്കുകൾ ചൂണ്ടിക്കാട്ടി ടിസിഎസ് കൂട്ടപിരിച്ചുവിടലുകൾ നടത്തുകയാണെന്ന് ആരോപിച്ചു.
2025-26 സാമ്പത്തിക വർഷത്തിന്റെ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ ടിസിഎസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 19,755 കുറഞ്ഞ് 5,93,314 ആയതായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുളള ഡാറ്റകള്‍ വ്യക്തമാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) യുടെ പ്രചാരം കണക്കിലെടുത്ത് കമ്പനി അതിന്റെ ജീവനക്കാരുടെ എണ്ണം പുനഃക്രമീകരിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ ആഗോളതലത്തിൽ ഏകദേശം 12,000 ജീവനക്കാരെ (ഏകദേശം 2 ശതമാനം ഉദ്യോഗസ്ഥരെ) പിരിച്ചുവിടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഏകദേശം 8,000 ജീവനക്കാരാണ് പട്ടികയിൽ നിന്ന് അപ്രത്യക്ഷരായത്.
ഇതേ കാലയളവിൽ ടിസിഎസ് വരുമാനം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ബിസിനസ് പ്രകടനം ഇത്തരം കടുത്ത വെട്ടിക്കുറവുകൾക്ക് ന്യായീകരണമായി ഉപയോഗിക്കാനാവില്ലെന്നാണ് ആരോപണം.
അതേസമയം ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടലുകൾ (Performance-based Exits) മാത്രമായാണ് കമ്പനി വിശദീകരിക്കുന്നത്. മാധ്യമ റിപ്പോർട്ടുകളിൽ പ്രചരിക്കുന്നത് അങ്ങേയറ്റം അതിശയോക്തി കലർന്ന സംഖ്യകളാണെന്നും കമ്പനി ചീഫ് എച്ച്ആർ ഓഫീസർ സുദീപ് കുന്നുമൽ പറഞ്ഞു.. എന്നാല്‍ വലിയ തോതിലുള്ള ഈ കണക്കുകൾ മാന്ദ്യത്തിന്റെ പേരിൽ നടക്കുന്ന കൂട്ട പിരിച്ചുവിടലിന്റെ സൂചനയാണ് നൽകുന്നതെന്ന് NITES ആരോപിക്കുന്നു.
കമ്പനി നടത്തുന്ന പിരിച്ചുവിടലുകൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ചില മാനേജർമാർ സമ്മർദ്ദം ചെലുത്തി ജീവനക്കാരെ രാജിവെപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും NITES ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ ഐടി മേഖലയിൽ മാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ, കമ്പനികൾ ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായി ജീവനക്കാരെ കുറയ്ക്കാൻ ശ്രമിക്കുന്നതിൻ്റെ ഉദാഹരണമാണ് ടിസിഎസിലെ ഈ വൻ കുറവെന്നും യൂണിയൻ ആരോപിച്ചു.
നേരത്തെ ഇന്ത്യയുടെ മുൻനിര ടെക് കമ്പനികൾ പിരിച്ചുവിടലുകൾ നടത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രതിഷേധങ്ങളെ തുടർന്ന്, ഈ വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് NITES ആവശ്യപ്പെട്ടിരുന്നു. കമ്പനി തങ്ങളുടെ പ്രവർത്തനങ്ങൾ ഓട്ടോമേഷൻ പോലുള്ള സാങ്കേതിക വിദ്യകളിലേക്ക് മാറ്റുന്നതിൻ്റെ ഫലമായും ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എങ്കിലും, ഈ വലിയ കണക്കുകൾ ടിസിഎസ് പോലുള്ള ഐ.ടി രംഗത്തെ മുൻനിര കമ്പനിക്ക് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ജൂലൈ-സെപ്റ്റംബർ കാലയളവിൽ ടിസിഎസിന്റെ ലാഭം 1.4 ശതമാനം വാർഷിക വളർച്ചയോടെ 12,075 കോടി രൂപയായി.
TCS faces backlash as 20,000 employees exit in Q2; IT union alleges mass layoffs beyond planned levels.
Read DhanamOnline in English
Subscribe to Dhanam Magazine