Industry

ഇന്‍ഫോസിസിന്റെ ചുവടു പിടിക്കാന്‍ ടി.സി.എസ്? സി.എല്‍.എസ്.എയുടെ പ്രവചനം യാഥാര്‍ത്ഥ്യമാകുമോ?

ടി.സി.എസ് ഓഹരികള്‍ക്ക് ഔട്ട്‌പെര്‍ഫോം സ്റ്റാറ്റസാണ് സി.എല്‍.എസ്.എ നല്‍കുന്നത്

Dhanam News Desk

രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസ് ഓഹരി തിരിച്ചു വാങ്ങാന്‍ ഒരുങ്ങുന്നത് രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസനെയും ഈ വഴി പിന്തുടരാന്‍ സമ്മര്‍ദ്ദത്തിലാക്കുമെന്ന് റിപ്പോര്‍ട്ട്. ഹോങ്കോങ് ആസ്ഥാനമായ ബ്രോക്കറേജായ സി.എല്‍.എസ്.എയാണ് പ്രവചനവുമായി എത്തിയിരിക്കുന്നത്. നിക്ഷേപകരില്‍ ആത്മവിശ്വാസം നിറയ്ക്കുന്നതിന്റെ ഭാഗമായി ടി.സി.എസ് ഇതിനു തയാറാകേണ്ടി വരുമെന്നാണ് സി.എല്‍.എസ്.എ പറയുന്നത്.

ഡിസംബറിലായിരുന്നു ടി.സി.എസ് അവസാനമായി ഓഹരി തിരിച്ചു വാങ്ങല്‍ നടത്തിയത്. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ സ്‌പെഷ്യല്‍ ഡിവിഡന്റ് പ്രഖ്യാപിക്കുന്നതിനു പകരം 20,000 കോടി രൂപയുടെ ഓഹരി ബൈബാക്ക് പ്രഖ്യാപിക്കുമെന്നാണ് സി.എല്‍.എസ്.എ കരുതുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ടി.സി.എസിന്റെ ഓഹരി തിരിച്ചു വാങ്ങല്‍ ബ്രോക്കറേജ് വിലയിരുത്തിയിരുന്നു. ബൈബാക്ക് പ്രഖ്യാപനം മുതല്‍ അത് അവസാനിക്കുന്നതുവരെ ഓഹരിക്ക് സാങ്കേതിക പിന്തുണ നല്‍കാന്‍ ഇത് സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഇന്‍ഫോസിസ് ഷെയര്‍ ബൈബാക്ക് നിര്‍ദേശം പരിഗണിക്കുന്നതിനായി യോഗം വിളിച്ചിട്ടുണ്ട്. നിര്‍ദേശം അംഗീകരിച്ചാല്‍ എട്ട് വര്‍ഷത്തിനിടെയുള്ള അഞ്ചാമത്തെ ബൈബാക്ക് ആയി ഇത് മാറും. 2022ലായിരുന്നു അവസാനം നടന്നത്.

ഓഹരിയുടെ റേറ്റിംഗ്‌

ടി.സി.എസ് ഓഹരികള്‍ക്ക് ഔട്ട്‌പെര്‍ഫോം സ്റ്റാറ്റസാണ് സി.എല്‍.എസ്.എ നല്‍കുന്നത്. ആകർഷകമായ വാല്യുവേഷനും അനുകൂലമായ സാഹചര്യങ്ങളുമാണ് ഓഹരിക്കുള്ളതെന്നാണ് വിലയിരുത്തുന്നത്. യു.എസ് ഫെഡ് അടിസ്ഥാന നിരക്കുകള്‍ കുറയ്ക്കുന്നത്, എ.ഐയിലെ ആഗോള സ്‌പെന്‍ഡിംഗ് ഉയരുന്നത്, യു.എസ്- ഇന്ത്യ വ്യാപാര യുദ്ധം ശാന്തമാകുന്നത് എന്നിവയെല്ലാം അനുകൂലഘടകമായി കണക്കാക്കുന്നുണ്ട്.

ഓഹരി വില നിലവിലേതില്‍ നിന്ന് 38 ശതമാനം ഉയര്‍ന്ന് 4,279 രൂപയിലെത്തുമെന്നാണ് ബ്രോക്കറേജ് പ്രവചിക്കുന്നത്. ടി.സി.എസ് ഓഹരിയെ ഫോളോ ചെയ്യുന്ന 51 അനലിസ്റ്റുകളില്‍ 34 പേരും ഓഹരിക്ക് 'ബൈ' റേറ്റിംഗ് നല്‍കിയിട്ടുണ്ട്. 12 പേര്‍ ഓഹരി 'ഹോള്‍ഡ്' ചെയ്യാന്‍ നിര്‍ദേശിക്കുമ്പോള്‍ അഞ്ച് ബ്രോക്കറേജുകള്‍ 'സെല്‍' റേറ്റിംഗും നല്‍കിയിട്ടുണ്ട്. ഇന്ന് നേരിയ മുന്നേറ്റത്തിലാണ് ടി.സി.എസ് ഓഹരികള്‍. 0.16 ശതമാനം ഉയര്‍ന്ന് ഓഹരി വില 3,115 രൂപയിലെത്തി.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)
TCS Likely to Announce Share Buyback After Infosys Move: CLSA

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT