Image courtesy: Canva
Industry

ടി.സി.എസില്‍ റിക്രൂട്ട്‌മെന്റ് മഹാമഹം! വേണം 42,000 പുതുമുഖങ്ങളെ; ട്രംപ് ഷോക്കില്‍ ശമ്പള വര്‍ധനയില്‍ അനിശ്ചിതത്വം

2025 സാമ്പത്തിക വർഷത്തെ ഫലങ്ങൾ കമ്പനി പുറത്തു വിട്ടു

Dhanam News Desk

വിപണി മൂലധനത്തില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ കമ്പനിയാണ് ടി.സി.എസ് (Tata Consultancy Services). കേരളത്തില്‍ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴിൽദാതാവും ടി.സി.എസ് ആണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെലുത്തുന്ന അസ്ഥിരമായ സ്വാധീനം ഐ.ടി കമ്പനികള്‍ക്കാകെ കാര്യമായ സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്.

ഈ അവസരത്തില്‍ 2025 സാമ്പത്തിക വർഷത്തിലെ ഫലങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് ടി.സി.എസ്. കമ്പനിയുടെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.7 ശതമാനം വർദ്ധിച്ച് 2.59 ലക്ഷം കോടി രൂപയിലെത്തി. 5.9 ശതമാനം വർദ്ധിച്ച് 48,797 കോടി രൂപയാണ് ലാഭം രേഖപ്പെടുത്തിയിരിക്കുന്നത്.

TCS FY25 ഫലങ്ങൾ

തൊഴിലവസരങ്ങള്‍

കമ്പനിയിലെ പുതിയ തൊഴിലവസരങ്ങളെക്കുറിച്ച് ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ (CHRO) മിലിന്ദ് ലക്കാഡ് വ്യക്തമാക്കി. 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി പുതുതായി 42,000 ഉദ്യോഗാര്‍ത്ഥികളെയാണ് ചേർത്തത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ ഇതിന് സമാനമോ അൽപ്പം കൂടുതലോ ആയിരിക്കുമെന്നും മിലിന്ദ് ലക്കാഡ് അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, ഡാറ്റ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമുളളത്.

അനിശ്ചിതത്വമുള്ള നിലവിലെ ബിസിനസ് അന്തരീക്ഷം മൂലം ഇത്തവണ ജീവനക്കാരുടെ വാർഷിക വേതന വർദ്ധനവില്‍ കാലതാമസം വരുമെന്നും ലക്കാഡ് അറിയിച്ചു. വർഷാവസാനം ശമ്പള വർദ്ധനവ് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുമെന്നും ലക്കാഡ് പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങള്‍

യു.എസിലും ആഗോളതലത്തിലും ബിസിനസുകളെ കാര്യമായി സ്വാധീനിക്കാൻ ഇടയുളളതാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടികള്‍. സാഹചര്യങ്ങള്‍ വഷളായാല്‍ സാമ്പത്തിക മാന്ദ്യത്തിലേക്കും കാര്യങ്ങളെ എത്തിച്ചേക്കാം. ഇത് ടിസിഎസിന്റെ ഭാവിയിലെ വരുമാന പ്രതീക്ഷകളെയും ബാധിക്കും. കൂടാതെ ജീവനക്കാരുടെ ശമ്പള വർദ്ധനവ് സംബന്ധിച്ച തീരുമാനങ്ങളെയും കമ്പനിയുടെ നിയമന പദ്ധതികളെയും ഇത് വരും മാസങ്ങളിൽ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.

ആഗോള സാമ്പത്തിക വളർച്ചയിലെ മാന്ദ്യം മൂലം ടി.സി.എസ് പ്രതികൂല സാഹചര്യങ്ങളാണ് നേരിടുന്നത്. കമ്പനിയുടെ ബിസിനസിന്റെ 48.2 ശതമാനം സംഭാവന ചെയ്യുന്ന ഏറ്റവും വലിയ വിപണിയായ വടക്കേ അമേരിക്കയിൽ നിന്നുള്ള വരുമാനം 2025 സാമ്പത്തിക വർഷത്തിൽ 1.8 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.

അതേസമയം, ശക്തമായ ഓർഡറുകളുടെ പിന്‍ബലം ടി.സി.എസിനുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ 39.4 ബില്യൺ ഡോളറിന്റെ (ഏകദേശം 3.4 ലക്ഷം കോടി രൂപ) മൊത്തം കരാർ മൂല്യമാണ് കമ്പനിക്കുളളത്. മികച്ച കരാര്‍‌ മൂല്യം ഭാവിയിലെ ശക്തമായ ബിസിനസ് വളര്‍ച്ചയ്ക്ക് കമ്പനിക്ക് അടിത്തറയേകുന്നതാണ്.

TCS reports moderate revenue and profit growth in FY2025, with plans for continued hiring despite global economic uncertainties.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT