Industry

പുതിയ നിയമനങ്ങള്‍ മുടങ്ങില്ല: ടിസിഎസ്

Dhanam News Desk

കൊറോണ വൈറസ് മൂലം ബിസിനസിന് അപകടസാധ്യതകളുണ്ടെങ്കിലും ജീവനക്കാരെ പിരിച്ചുവിടുന്നില്ലെന്നും 40,000 ബിരുദധാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നല്‍കിയ എല്ലാ പുതിയ തൊഴില്‍ ഓഫറുകളും മാനിക്കുമെന്നുമുള്ള ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ പ്രഖ്യാപനം ഓഹരി വിപണിയിലുണ്ടാക്കിയത് മികച്ച ഫലം. ടിസിഎസ് ഓഹരികളുടെ വില ഇന്ന് 7.9 ശതമാനം ഉയര്‍ന്നു.

ടിസിഎസിന്റെ വരുമാനം നാലാം പാദത്തില്‍ 5.1 ശതമാനം വര്‍ധിച്ച് 39,946 കോടി രൂപയിലെത്തിയതായുള്ള വിവരവും ഓഹരികളുടെ വില വര്‍ദ്ധിക്കാന്‍ കാരണമായെന്ന് നിരീക്ഷകര്‍ പറഞ്ഞു.'ഡിമാന്‍ഡ്, സപ്ലൈ, പ്രതിഫലം, പ്രവര്‍ത്തന മൂലധനം എന്നിവയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വെല്ലുവിളികള്‍ ഐടി സേവന മേഖലയിലും കൊറോണ മൂലം ഉണ്ട്. എന്നിരുന്നാലും, താരതമ്യേന മികച്ച തോതില്‍ ഇതഭിമുഖീകരിക്കാന്‍ ടിസിഎസിനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'-മോട്ടിലാല്‍ ഓസ്വാളിലെ വിശകലന വിദഗ്ധര്‍ പറഞ്ഞു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമൂലമുള്ള അനിശ്ചിതത്വങ്ങള്‍ മൂലം നടപ്പ് പാദത്തില്‍ പ്രവചനം നല്‍കില്ലെന്ന് വിപ്രോയുടെ സിഇഒ അബിദാലി നീമുച്‌വാല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ടിസിഎസ് സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ 'പോസിറ്റീവ്' ആക്കം പൂര്‍ണ്ണമായും മാറ്റിമറിച്ചു കൊറോണ വൈറസ് എന്ന് ടിസിഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നിട്ടും ഈ കാലയളവില്‍ കമ്പനിക്ക് ഭേദപ്പെട്ട കരാറുകള്‍ ലഭിച്ചെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് ഗോപിനാഥന്‍ അറിയിച്ചു. വ്യവസായത്തിലെ ഏറ്റവും താഴ്ന്ന 'അട്രിഷന്‍' നിരക്കുകളിലൊന്നാണ് കമ്പനിയുടേത്. റിപ്പോര്‍ട്ട് ചെയ്ത പാദത്തില്‍ പ്രവര്‍ത്തന മാര്‍ജിന്‍ 25.1 ശതമാനം ഉയര്‍ന്നു; 6 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT