ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) പരമ്പരാഗത റിക്രൂട്ട്മെന്റ് രീതികളില്‍ വലിയ മാറ്റത്തിനൊരുങ്ങുന്നു. കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണത്തിന് തുല്യമായി 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഏജന്റുകളെ' വിന്യസിക്കാനാണ് ടി.സി.എസ് ലക്ഷ്യമിടുന്നത്. ഇതോടെ മുന്‍കാലങ്ങളിലേതുപോലെയുള്ള വന്‍തോതിലുള്ള ജീവനക്കാരുടെ നിയമനം (Bulk Hiring) ഇനി ഉണ്ടാകില്ലെന്ന് ടി.സി.എസ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ (AGM) വ്യക്തമാക്കി.
ഭാവിയില്‍ കമ്പനിയില്‍ എത്ര മനുഷ്യവിഭവശേഷിയുണ്ടോ, അത്രയും തന്നെ എ.ഐ വര്‍ക്കര്‍മാരും ഉണ്ടാകുമെന്നാണ് ചെയര്‍മാന്‍ നല്‍കുന്ന സൂചന. നിലവില്‍ ഐ.ടി കമ്പനികള്‍ നേരിടുന്ന ചെലവുചുരുക്കല്‍ നടപടികളുടെയും സാങ്കേതിക മുന്നേറ്റത്തിന്റെയും ഭാഗമായാണ് ഈ പുതിയ തന്ത്രം.
'കമ്പനിയില്‍ ജീവനക്കാരുടെ എണ്ണത്തിന് തുല്യമായി എ.ഐ വര്‍ക്കര്‍മാരും ഉണ്ടാകും. ഇത് ഭാവിയിലെ നിയമനങ്ങളെ ബാധിക്കുമോ എന്ന് ചോദിച്ചാല്‍, തീര്‍ച്ചയായും ബാധിക്കും. മുന്‍പ് നടത്തിയിരുന്നതുപോലെയുള്ള വന്‍തോതിലുള്ള റിക്രൂട്ട്മെന്റുകള്‍ ഇനി ടി.സി.എസില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല,' എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.
നിലവില്‍ കമ്പനി ചെയ്യുന്ന പല ജോലികളും എ.ഐ സാങ്കേതികവിദ്യയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് പൂര്‍ണമായും തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. പരമ്പരാഗത ഐ.ടി ജോലികള്‍ കുറയുമെങ്കിലും, എ.ഐ അധിഷ്ഠിതമായ പുതിയ തസ്തികകള്‍ രൂപപ്പെടുമെന്നും അത്തരം മേഖലകളില്‍ നിയമനങ്ങള്‍ തുടരുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
എ.ഐ സാങ്കേതികവിദ്യയിലൂടെ വലിയ ബിസിനസ് വളര്‍ച്ചയാണ് ടി.സി.എസ് ലക്ഷ്യമിടുന്നത്. നിലവില്‍ ഒരു ക്വാര്‍ട്ടറില്‍ (പാദത്തില്‍) 2.5 ബില്യണ്‍ ഡോളറാണ് എ.ഐ വഴിയുള്ള വാര്‍ഷിക റണ്‍-റേറ്റ് വരുമാനം. വരും പാദങ്ങളില്‍ ഇത് ഇരട്ടിയോ മൂന്നിരട്ടിയോ ആയി വര്‍ധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഈ സാങ്കേതിക മുന്നേറ്റം കമ്പനിയുടെ മൊത്തത്തിലുള്ള ബിസിനസ് വളര്‍ച്ചയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കും.
കേരളത്തിലെ എന്‍ജിനീയറിംഗ്, ഐ.ടി ബിരുദധാരികളുടെ പ്രധാന തൊഴില്‍ദാതാക്കളില്‍ ഒന്നാണ് ടി.സി.എസ്. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വലിയ സാന്നിധ്യമുള്ള കമ്പനി നിയമനങ്ങള്‍ കുറയ്ക്കുന്നത് ക്യാമ്പസ് സെലക്ഷനുകളെയും ഫ്രഷേഴ്‌സിന്റെ അവസരങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, ജനറേറ്റീവ് എ.ഐ (GenAI), ഡാറ്റാ സയന്‍സ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളില്‍ നൈപുണ്യം നേടുന്ന മലയാളി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നു കിട്ടുകയും ചെയ്യും.
Tata Consultancy Services plans to match its human workforce with AI workers, reshaping its recruitment strategy.
Read DhanamOnline in English
Subscribe to Dhanam Magazine