Image courtesy: canva/tcs 
Industry

ടി.സി.എസില്‍ കൊഴിഞ്ഞു പോക്ക് രൂക്ഷം, ആറ് മാസത്തിനിടെ പടിയിറങ്ങിയത് 30,000 ജീവനക്കാര്‍; ലാഭമിടിവിന് ഇടയിലും ഓഹരിയുടമകള്‍ക്ക് സന്തോഷവാര്‍ത്ത

പുതിയ ലേബര്‍ കോഡുകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നല്‍കേണ്ടി വന്ന 2,128 കോടി രൂപയുടെ അധിക ബാധ്യതയാണ് ലാഭത്തെ ബാധിച്ചത്

Resya Raveendran

രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ സേവന ദാതാക്കളായ ടി.സി.എസ് (TCS) ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ (Q3) ലാഭത്തില്‍ 13.91 ശതമാനം ഇടിവ് രേഖപ്പെടുത്തി. വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.86 ശതമാനം വര്‍ധിച്ച് 67,087 കോടി രൂപയായി.

പുതിയ ലേബര്‍ കോഡുകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നല്‍കേണ്ടി വന്ന 2,128 കോടി രൂപയുടെ അധിക ബാധ്യതയാണ് (One-time statutory impact) ലാഭത്തെ ബാധിച്ചത്. ഇത് ഒഴിവാക്കിയാല്‍ കമ്പനിയുടെ ലാഭത്തില്‍ 8.5 ശതമാനം വര്‍ധനവുണ്ടായേനെ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡിസംബര്‍ പാദത്തിലെ അറ്റാദായം 10,657 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 12,380 കോടി രൂപയായിരുന്നു.

സ്‌പെഷ്യല്‍ ഡിവിഡന്റും

ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടും ഓഹരിയുടമകള്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ കമ്പനി പ്രഖ്യാപിച്ചു. ഇടക്കാല ലാഭവിഹിതമായ 11 രൂപയ്ക്ക് പുറമെ 46 രൂപയുടെ സ്‌പെഷ്യല്‍ ഡിവിഡന്റും ഉള്‍പ്പെടെ ആകെ 57 രൂപ ഓഹരിയുടമകള്‍ക്ക് ലഭിക്കും. ഫെബ്രുവരി 3 ആണ് ഇതിന്റെ വിതരണ തീയതി.

അതേസമയം, മൂന്നാം പാദത്തില്‍ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ ഇടിവാണ് ടി.സി.എസ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊഴിഞ്ഞുപോക്ക് തുടരുന്നു

കഴിഞ്ഞ രണ്ട് പാദങ്ങളിലായി വലിയ തോതിലുള്ള ജീവനക്കാരുടെ കുറവാണ് കമ്പനിയില്‍ സംഭവിക്കുന്നത്.

ഡിസംബര്‍ പാദത്തില്‍ 11,151 ജീവനക്കാര്‍ കുറഞ്ഞു. സെപ്റ്റംബര്‍ പാദത്തില്‍ 19,755 ജീവനക്കാരുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണം ആറ് ലക്ഷത്തിന് താഴെയായതും അപ്പോഴായിരുന്നു.

ഇതോടെ കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം ടി.സി.എസിന്റെ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ 30,906 പേരുടെ കുറവാണുണ്ടായത്. നിലവില്‍ 5,82,163 ജീവനക്കാരാണ് കമ്പനിക്കുള്ളത്.

കോവിഡിന് ശേഷമുള്ള ഡിജിറ്റല്‍ കുതിച്ചുചാട്ടത്തിന്റെ സമയത്ത് വന്‍തോതില്‍ നിയമനങ്ങള്‍ നടത്തിയ കമ്പനികള്‍ ഇപ്പോള്‍ വിപണിയിലെ മാറ്റത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയാണ്. പ്രത്യേകിച്ച് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ഇടപാടുകാര്‍ ചെലവ് കുറയ്ക്കുന്നത് ഐടി മേഖലയെ ബാധിച്ചിട്ടുണ്ട്.

കോസ്റ്റ്മാനേജ്‌മെന്റ് തന്ത്രം

നേരിട്ടുള്ള പിരിച്ചുവിടലുകള്‍ (Mass Layoffs) എന്നതിലുപരി കമ്പനി പിന്തുടരുന്നത് 'കോസ്റ്റ് മാനേജ്മെന്റ്' രീതികളാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

കൊഴിഞ്ഞുപോയവര്‍ക്ക് പകരമായി പുതിയ ജീവനക്കാരെ (Backfilling) എടുക്കുന്നതില്‍ കമ്പനി നിയന്ത്രണം ഏര്‍പ്പെടുത്തി. ഉള്ള ജീവനക്കാരെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും (Utilization) ഉല്‍പ്പാദനക്ഷമത കൂട്ടുന്നതിനുമാണ് കമ്പനി ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സേവനങ്ങളിലേക്ക് മാറുമ്പോള്‍ കുറഞ്ഞ ജീവനക്കാരെ വെച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കമ്പനിക്ക് സാധിക്കുന്നു. ഇതിനകം 2.17 ലക്ഷം ജീവനക്കാര്‍ക്ക് കമ്പനി എ.ഐ പരിശീലനം നല്‍കിക്കഴിഞ്ഞു.

ഐ.ടി മേഖലയിലെ പ്രതിസന്ധിക്കിടയിലും ഫ്രഷര്‍മാരുടെ (Freshers) നിയമനം കമ്പനി ഇരട്ടിയാക്കി എന്നത് ആശ്വാസകരമാണ്.

സാധാരണഗതിയില്‍ സുസ്ഥിരമായ നിയമനങ്ങളും കുറഞ്ഞ കൊഴിഞ്ഞുപോക്കും (Attrition) നിലനിര്‍ത്തുന്ന ടിസിഎസ്, തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് ഗൗരവകരമാണെന്നാണ് ഇന്‍ഡസ്ട്രി നിരീക്ഷകര്‍ പറയുന്നത്.

TCS sees a six-month drop of over 30,000 employees and a 13.91% fall in profit, but declares ₹57 per share dividend for investors.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT