Industry

സ്‌നാക്‌സ് വിറ്റ് വളര്‍ന്നത് 87,000 കോടിയിലേക്ക്, ഹാല്‍ദിറാമിന്റെ പത്തിലൊന്ന് സിംഗപ്പൂര്‍ കമ്പനി വാങ്ങുന്നത് 8,700 കോടിക്ക്; കച്ചവടം മധുരതരം!

പെപ്‌സികോ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ ഏറ്റെടുക്കലിന് ശ്രമിച്ചിരുന്നു

Dhanam News Desk

ഇന്ത്യയിലെ പലഹാര വിപണിയിലെ പ്രമുഖരായ ഹല്‍ദിറാം (Haldiram) സ്‌നാക് ഫുഡ്‌സിന്റെ 10 ശതമാനം ഓഹരി സ്വന്തമാക്കി സിംഗപ്പൂര്‍ നിക്ഷേപ സ്ഥാപനമായ ടെമാസെക്. 100 കോടി ഡോളറിനാണ് (ഏകദേശം 8,703 കോടി രൂപ) കരാര്‍ ഉറപ്പിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിക്ക് 10 ബില്യണ്‍ ഡോളര്‍ ( ഏകദേശം 87,000 കോടി രൂപ) മൂല്യം കണക്കാക്കിയാണ് ഇത്.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍. ഇന്ത്യയിലെ വളരെ വേഗത്തില്‍ വളര്‍ച്ചപ്രാപിക്കുന്ന വിപണിയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഹല്‍ദിറാമിന്റെ ഓഹരി സ്വന്തമാക്കുന്നത് വഴി സാധിക്കുമെന്ന് ടെമാസെക് കരുതുന്നു.

നീണ്ട നിക്ഷേപക നിരയെ പിന്തള്ളി

എഫ്.എം.സി.ജി മേഖലയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഇടപാടുകളിലൊന്നാണിത്. ഈ മേഖലയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപമെത്താന്‍ കരാര്‍ വഴിതെളിക്കുമെന്നാണ് കരുതുന്നത്.

യു.എസ് നിക്ഷേപക സ്ഥാനമായ ആല്‍ഫവേവ് ഗ്ലോബല്‍, ബ്ലാക്ക്‌സ്‌റ്റോണ്‍, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ജനറല്‍ അറ്റ്‌ലാന്റിക്, ബെയിന്‍ ക്യാപിറ്റല്‍, ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍, ടി.എ അസോസിയേറ്റ്‌സ്, വാര്‍ബര്‍ഗ് പിന്‍കസ്, എവര്‍‌സ്റ്റോണ്‍, പെപ്‌സികോ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് തുടങ്ങി നിരവധി നിക്ഷേപകര്‍ ഹല്‍ദിറാമിനെ ഏറ്റെടുക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ 10 ബില്യണ്‍ ഡോളര്‍ വാല്വേഷനില്‍ തട്ടി ഇവരൊക്കെ പിന്നാട്ട് പോകുകയായിരുന്നു. പല നിക്ഷേപകര്‍ക്കും ഇത്ര ഉയര്‍ന്ന വാല്വേഷന്‍ സ്വീകാര്യമായി തോന്നിയില്ല.

പലഹാര വിപണിയിലെ വമ്പന്‍മാര്‍

ഇന്ത്യയിലെ ഏറ്റവും വലിയ തനത് പലഹാര വിതരണക്കമ്പനിയാണ് ഹല്‍ദിറാം. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ യൂറോമോണിറ്റര്‍ ഇന്റര്‍നാഷണലിന്റെ കണക്കു പ്രകാരം രാജ്യത്തെ 620 കോടി ഡോളര്‍ (ഏകദേശം 53,963 കോടി രൂപ) വരുന്ന സ്‌നാക്ക് വിപണിയുടെ 13 ശതമാനവും ഹല്‍ദിറാം ആണ് കൈകാര്യം ചെയ്യുന്നത്.

ഡല്‍ഹി, നാഗ്പൂര്‍, കോല്‍ക്കത്ത ആസ്ഥാനമായുള്ള മൂന്ന് വ്യത്യസ്ത കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് ഹല്‍ദിറാം ബ്രാന്‍ഡ്. ഡല്‍ഹി, നാഗ്പൂര്‍ കുടുംബങ്ങള്‍ അവരുടെ എഫ്.എം.സി.ജി ബിസിനസുകള്‍ (ഹല്‍ദിറാം സ്‌നാക്‌സ്, ഹല്‍ദിറാം ഫുഡ്‌സ് ഇന്റര്‍നാഷണല്‍) ഹല്‍ദിറാം സ്‌നാക്‌സ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒറ്റ സ്ഥാപനമാക്കി മാറ്റി. കമ്പനിയുടെ വാല്വേഷന്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു എന്‍.സി.എല്‍.ടി അനുമതിയോടു കൂടി ഈ നീക്കം. 2023 മെയില്‍ പ്രമോട്ടര്‍ കുടുംബം കമ്പനിയില്‍ ആദ്യമായി ഒരു പ്രൊഫഷണല്‍ സി.ഇ.ഒ യെയും നിയമിച്ചു.

വന്‍ വിപണി ലക്ഷ്യമിട്ട്

1937ല്‍ ഒരു ചെറിയ കടയില്‍ ആരംഭിച്ച ഹല്‍ദിറാം ഇന്ന് 500 തരം പലഹാരങ്ങള്‍ വിതരണം ചെയ്യുന്നു. യു.കെ, യു.എസ്, മിഡില്‍ ഈസ്റ്റ് എന്നിവ ഉള്‍പ്പെടെ 100ലധികം രാജ്യങ്ങളില്‍ സാന്നിധ്യവുമുണ്ട്. മിനിറ്റ് ഘാന, കപ് ഷപ്, കുക്കൂ ഹെവന്‍, കോകോബേ എന്നീ സബ് ബ്രാന്‍ഡുകളുമുണ്ട്.

അടുത്ത വര്‍ഷത്തോടെ ഹല്‍ദിറാം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) ലക്ഷ്യമിടുന്നുണ്ടെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ് പറയുന്നു. ഇത് സാധ്യമായാല്‍ ഹല്‍ദിറാമിന്റെ സാമ്പത്തിക സ്ഥിതിയും വിപണി സാന്നിധ്യവും വീണ്ടും ഉയരും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ഹല്‍ദിറാം നേടിയ വരുമാനം 12,800 കോടി രൂപയായിരുന്നു. ഇതുകൂടാതെ 1,800 കോടി രൂപയുടെ റെസ്റ്ററന്റ് ബിസിനസും ഹല്‍ദിറാമിനുണ്ട്. 2023 ഓടെ ഇന്ത്യന്‍ സ്‌നാക്‌സ് വിപണി 95,500 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT