canva
Industry

₹10,000 കോടിയുടെ എല്‍.ഐ.സി ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം, സമാഹരിക്കാന്‍ ലക്ഷ്യം, വിപണിയിലെത്തുക 2 ശതമാനം ഓഹരികള്‍ കൂടി

ജൂൺ അവസാനത്തോടെയോ ജൂലൈ ആദ്യവാരത്തോടെയോ പ്രമുഖ സ്ഥാപന നിക്ഷേപകര്‍ക്കായി ഈ ഓഹരികള്‍ ലഭ്യമാക്കും

Dhanam News Desk

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (LIC)ഒരു വിഹിതം ഓഹരികള്‍ കൂടി വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത മാസം (ജൂണ്‍) ആരംഭിക്കുന്ന ഓഹരി വില്പനയിലൂടെ ഏകദേശം 10,000 കോടി രൂപ (100 കോടി ഡോളര്‍) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, എല്‍ഐസിയുടെ 2 ശതമാനം ഓഹരികളാകും സര്‍ക്കാര്‍ വിറ്റഴിക്കുക. ജൂണ്‍ അവസാനത്തോടെയോ ജൂലൈ ആദ്യവാരത്തോടെയോ പ്രമുഖ സ്ഥാപന നിക്ഷേപകര്‍ക്കായി (Institutional Investors) ഈ ഓഹരികള്‍ ലഭ്യമാക്കും.

ഓഹരി വില്പനയുടെ മേല്‍നോട്ടത്തിനായി ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (DIPAM) പ്രമുഖ ധനകാര്യ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗോള്‍ഡ്മാന്‍ സാക്‌സ് (Goldman Sachs), മോത്തിലാല്‍ ഓസ്വാള്‍, ബിഎന്‍പി പാരിബാസ് (BNP Paribas), ഐഐഎഫ്എല്‍ കാപ്പിറ്റല്‍ സര്‍വീസസ് എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

നിലവില്‍ ഈ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓഹരി വില്പനയുടെ സമയത്തിലും തുകയിലും മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നാണ് സൂചന.

എന്തുകൊണ്ട് നീക്കം?

2022 മെയ് മാസത്തിലാണ് രാജ്യം കണ്ട ഏറ്റവും വലിയ ഐപിഒയിലൂടെ (IPO) എല്‍ഐസിയുടെ 3.5% ഓഹരികള്‍ സര്‍ക്കാര്‍ വിറ്റഴിച്ചത്. അന്ന് 21,000 കോടി രൂപയാണ് സമാഹരിച്ചത്. നിലവില്‍ എല്‍ഐസിയില്‍ സര്‍ക്കാരിന് 96.5% ഓഹരി പങ്കാളിത്തമുണ്ട്. സെബിയുടെ (SEBI) നിബന്ധനപ്രകാരം ലിസ്റ്റ് ചെയ്ത് 10 വര്‍ഷത്തിനകം (2032 മെയ് മാസത്തിനുള്ളില്‍) പൊതു ഓഹരി പങ്കാളിത്തം 25 ശതമാനമായി ഉയര്‍ത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഇറാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ അസ്ഥിരതയും ക്രൂഡ് ഓയില്‍ വിലവര്‍ധനയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വന്‍കിട ഓഹരി വില്‍പന നടക്കാന്‍ പോകുന്നത് എന്നതും ശ്രദ്ധേയമാണ്. ഓഹരി വിറ്റഴിക്കുന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ എല്‍.ഐ.സി ഓഹരി വില ഇന്ന് മൂന്ന് ശതമാനത്തോളം ഇടിഞ്ഞു. നിലവില്‍ 826.75 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.

The central government plans to sell an additional 2% stake in LIC to raise nearly ₹10,000 crore as part of SEBI’s public shareholding compliance requirements.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT