അത്യാധുനിക കഴിവുകള്‍ ഉപയോഗിച്ച് തൊഴിലാളികളെ ശാക്തീകരിക്കുന്നതിനായി പ്രമുഖ ഐ.ടി സേവന കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടി.സി.എസ്), ഇന്‍ഫോസിസും വിപ്രോയും ചേർന്ന് 7.75 ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് ജനറേറ്റീവ് എ.ഐയില്‍ (ജെന്‍.എ.ഐ) പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ട്. ഉള്ളടക്കം സൃഷ്ടിക്കല്‍ മുതല്‍ രോഗ നിർണ്ണയം വരെയുള്ള വൈവിധ്യമാര്‍ന്ന മേഖലകളില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഒന്നാണ് ജനറേറ്റീവ് എ.ഐ.
മുന്നില്‍ ടി.സി.എസ്
പ്രമുഖ ഐ.ടി സേവന കമ്പനിയായ ടി.സി.എസാണ് ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ക്ക് ജനറേറ്റീവ് എ.ഐയില്‍ ഇത്തരത്തില്‍ പരിശീലനം നല്‍കിയത്. ടി.സി.എസ് മൊത്തം മൂന്ന് ലക്ഷം ജീവനക്കാര്‍ക്ക് എ.ഐയില്‍ പരിശീലനം നല്‍കി. 2.5 ലക്ഷം ജീവനക്കാര്‍ക്കാണ് എ.ഐയില്‍ പരിശീലനം നല്‍കികൊണ്ട് ഇന്‍ഫോസിസാണ് രണ്ടാം സ്ഥാനത്ത്.
ഇതിന് പിന്നാലെ 2.25 ലക്ഷം ജീവനക്കാര്‍ക്ക് എ.ഐയില്‍ പരിശീലനം നല്‍കികൊണ്ട് വിപ്രോ മൂന്നാം സ്ഥാനത്തുണ്ട്. 2024-25 കാലയളവില്‍ 50,000 ജീവനക്കാര്‍ക്ക് ജനറേറ്റീവ് എ.ഐയില്‍ പരിശീലനം നല്‍കാന്‍ എച്ച്.സി.എല്‍ ടെക് പദ്ധതിയിടുന്നുണ്ട്.
ജനറേറ്റീവ് എ.ഐക്കായി കൈകോര്‍ക്കുന്നു
ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ജനറേറ്റീവ് എ.ഐയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പല ഐ.ടി കമ്പനികളും മറ്റ് കമ്പനികളുമായി കൈകോര്‍ക്കുകയാണ്. ജനറേറ്റീവ് എ.ഐ നല്‍കുന്ന സാമ്പത്തിക സേവനങ്ങള്‍ക്കായി കോഗ്‌നിറ്റീവ് അസിസ്റ്റന്റസ് സ്യൂട്ട് ആരംഭിക്കുന്നതിന് മൈക്രോസോഫ്റ്റുമായി സഹകരിക്കുന്നതായി വിപ്രോ പ്രഖ്യാപിച്ചു.
ഇത് സാമ്പത്തിക രംഗത്തുള്ളവർക്ക് ആഴത്തിലുള്ള മാര്‍ക്കറ്റ് വിശകലനവും നിക്ഷേപ ഉല്‍പ്പന്നങ്ങളെയും നിക്ഷേപകരുടെ രീതികളേയും കുറിച്ചുള്ള പ്രസക്തമായ വിവരങ്ങളും സമയബന്ധിതമായി നല്‍കും. ജനറേറ്റീവ് എ.ഐക്കായി ആമസോണ്‍ വെബ് സര്‍വീസസുമായി (AWS) ആഗോളതലത്തില്‍ സഹകരണ കരാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എച്ച്.സി.എല്‍ ടെക്കും.
Read DhanamOnline in English
Subscribe to Dhanam Magazine