സ്വർണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, പഴയ സ്വർണാഭരണങ്ങൾ മാറ്റി പുതിയ ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ വാങ്ങാൻ നിരവധി ആളുകൾ താൽപ്പര്യപ്പെടുന്നു. ഇത് സ്വർണത്തിന്റെ ശുദ്ധി ഉറപ്പാക്കാനും ഭാവിയിൽ മികച്ച പുനർവിൽപ്പന മൂല്യം (Resale value) ലഭിക്കാനും സഹായിക്കുന്നു. സ്വർണത്തിന്റെ കാരറ്റും ശുദ്ധിയും കൃത്യമായി രേഖപ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നത് ഒഴിവാക്കാൻ ഹാൾമാർക്കിംഗ് സഹായിക്കുന്നു.
പുതിയ ഹാൾമാർക്ക് ചെയ്ത സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ താഴെ പറയുന്നവയാണ്:
• BIS ലോഗോ: ആഭരണത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (BIS) ത്രികോണാകൃതിയിലുള്ള ലോഗോ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
• ശുദ്ധിയുടെ അടയാളം: സ്വർണത്തിന്റെ കാരറ്റും ശുദ്ധിയും ആഭരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാകണം. ഉദാഹരണത്തിന് 22 കാരറ്റ് സ്വർണ്ണത്തിന് 22K916 എന്നും 18 കാരറ്റിന് 18K750 എന്നും അടയാളപ്പെടുത്തിയിട്ടുണ്ടാകും. നിലവിൽ 14K, 9K വിഭാഗങ്ങൾക്കും ഹാൾമാർക്കിംഗ് ലഭ്യമാണ്.
• HUID നമ്പർ: ആറക്കങ്ങളുള്ള ആൽഫാന്യൂമെറിക് കോഡായ ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ (HUID) നമ്പർ പരിശോധിക്കുക. ഇത് ആഭരണത്തിന്റെ ആധികാരികത ഉറപ്പാക്കാനും അത് എവിടെ നിന്നാണ് ഹാൾമാർക്ക് ചെയ്തതെന്ന് കണ്ടെത്താനും സഹായിക്കുന്നു.
• BIS Care ആപ്പ്: ആഭരണത്തിന്റെ വിശ്വാസ്യത പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് 'BIS Care' ആപ്പ് ഉപയോഗിക്കാം. ഇതിൽ HUID നമ്പർ നൽകിയാൽ ആഭരണത്തെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ലഭ്യമാകും.
• പഴയ സ്വർണത്തിന്റെ മൂല്യം: പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ അതിന്റെ ശുദ്ധി, അന്നത്തെ സ്വർണവില, തൂക്കം, വാല്യുവേഷൻ രീതികൾ, കുറയ്ക്കുന്ന തൂക്കം (Melting loss) എന്നിവയിൽ സുതാര്യത ഉറപ്പാക്കണം.
• ബില്ലും ജുവലറിയുടെ അടയാളവും: ആഭരണത്തിൽ ജുല്ലറിയുടെ അടയാളം പരിശോധിക്കുന്നതിനൊപ്പം ഹാൾമാർക്കിംഗ് വിവരങ്ങൾ ഉൾപ്പെടുത്തിയ കൃത്യമായ ബില്ല് ജുവലറിയിൽ നിന്ന് ആവശ്യപ്പെടുക.
എപ്പോഴും ബിഐഎസ് അംഗീകാരമുള്ള ജുവലറികളിൽ നിന്ന് മാത്രം ആഭരണങ്ങൾ വാങ്ങുന്നത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്ന കാര്യം ശ്രദ്ധിക്കുക. ഇതുവഴി സ്വർണം വിൽക്കുമ്പോഴോ കൈമാറ്റം ചെയ്യുമ്പോഴോ കൃത്യമായ വിപണി മൂല്യം ലഭിക്കും.
Key checks like BIS logo, HUID number, purity mark, and proper billing ensure authenticity and resale value when buying hallmarked gold jewellery.
Read DhanamOnline in English
Subscribe to Dhanam Magazine