Industry

വലിപ്പത്തില്‍ കുഞ്ഞന്മാര്‍, വിപണിയില്‍ വമ്പന്മാര്‍; തായ്‌വാന്റെയും കൊറിയയുടെയും എ.ഐ കരുത്ത് ഇന്ത്യയ്ക്ക് വെല്ലുവിളിയായത് എങ്ങനെ?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വന്‍ കുതിപ്പ് ദക്ഷിണ കൊറിയന്‍, തായ്‌വാന്‍ വിപണികളിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നു; കൂടുതല്‍ കമ്പനികളുണ്ടായിട്ടും ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കല്‍ തുടരുന്നു

Dhanam News Desk

ആഗോളതലത്തില്‍ വീശിയടിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) തരംഗത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറിയിരിക്കുകയാണ് തായ്‌വാനും ദക്ഷിണ കൊറിയയും. ബിഗ് ടെക് കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായ വന്‍ കുതിപ്പ്, ആഗോള വിദേശ നിക്ഷേപകരെ (FPIs) ആകര്‍ഷിക്കുന്നതില്‍ ഈ രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ വലിയ മുന്‍തൂക്കമാണ് നല്‍കുന്നത്. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട ഏറ്റവും പുതിയ വിപണി വിവരങ്ങള്‍ പ്രകാരം, വിദേശ നിക്ഷേപം ഒഴുകിയെത്തുന്നതില്‍ ഇന്ത്യ ഇപ്പോള്‍ ഈ രാജ്യങ്ങള്‍ക്ക് പിന്നിലാണ്.

പൂര്‍ണമായും വിദേശ പോര്‍ട്ട്ഫോളിഓ നിക്ഷേപകരെ ആശ്രയിച്ചു നില്‍ക്കുന്ന തായ്‌വാന്‍, ദക്ഷിണ കൊറിയന്‍ വിപണികള്‍ ചുരുക്കം ചില ടെക് ഭീമന്മാരുടെ തോളിലേറിയാണ് ഇന്ത്യയെ മറികടന്നത് എന്ന പ്രത്യേകതയുമുണ്ട്.

കുതിപ്പിന് പിന്നില്‍ ഒരൊറ്റ 'ചിപ്പ്'

തായ്വാന്‍ വിപണിയുടെ കുതിപ്പിന് പിന്നിലെ പ്രധാന ചാലകശക്തി ആഗോള സെമികണ്ടക്ടര്‍ ഭീമനായ തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി (TSMC) ആണ്. തായ്വാന്റെ ആകെ വിപണി മൂല്യമായ (Market Cap) 5 ലക്ഷം കോടി ഡോളറിന്റെ 38 ശതമാനവും ഈ ഒരൊറ്റ കമ്പനിയുടെ സംഭാവനയാണ്. വിപണിയിലെ ആദ്യ 5 കമ്പനികള്‍ ചേരുമ്പോള്‍ തന്നെ ആകെ വിപണി മൂല്യത്തിന്റെ പകുതിയിലധികമാകും.

ദക്ഷിണ കൊറിയയുടെ കാര്യവും സമാനമാണ്. രാജ്യത്തിന്റെ 4.8 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യത്തിന്റെ 46 ശതമാനവും സാംസങ് ഇലക്ട്രോണിക്‌സ്, എസ്.കെ ഹൈനിക്‌സ് (SK Hynix) എന്നീ രണ്ട് വമ്പന്‍മാരുടെ കൈകളിലാണ്. ചുരുക്കത്തില്‍, ആഗോളതലത്തില്‍ എ.ഐ ചിപ്പുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഈ കമ്പനികളുടെ ഓഹരി വില കുതിച്ചുയരുകയും അത് രാജ്യങ്ങളുടെ വിപണി സൂചികകളെ ഒന്നാകെ മുകളിലേക്ക് എത്തിക്കുകയുമായിരുന്നു.

എന്തുകൊണ്ട് ഇന്ത്യയ്ക്ക് ഈ മുന്‍തൂക്കം ലഭിച്ചില്ല?

തായ്വാനും കൊറിയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ വിപണി കൂടുതല്‍ വൈവിധ്യപൂര്‍ണ്ണവും (Diversified) വികേന്ദ്രീകരിക്കപ്പെട്ടതുമാണ്. 4.9 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമുള്ള ഇന്ത്യന്‍ വിപണിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഏറ്റവും വലിയ മൂന്ന് കമ്പനികളുടെ വിഹിതം ചേര്‍ത്താല്‍ പോലും ആകെ മൂല്യത്തിന്റെ 9 ശതമാനം മാത്രമേ വരൂ. ആദ്യ 10 കമ്പനികള്‍ ചേര്‍ന്നാല്‍ അത് 18 ശതമാനമായി ചുരുങ്ങും.

ഇന്ത്യന്‍ വിപണിയില്‍ ഐ.ടി മേഖലയ്ക്ക് പുറമെ ബാങ്കിംഗ്, എനര്‍ജി, ഓട്ടോമൊബൈല്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ് എന്നിങ്ങനെ ഒന്നിലധികം മേഖലകള്‍ക്ക് തുല്യ പ്രാധാന്യമുണ്ട്. എന്നാല്‍, തായ്വാനെയും കൊറിയയെയും പോലെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ എ.ഐ ഹാര്‍ഡ്വെയര്‍ അല്ലെങ്കില്‍ സെമികണ്ടക്ടര്‍ നിര്‍മ്മാണ കമ്പനികള്‍ ഇന്ത്യയില്‍ ഇല്ലാത്തത് താല്‍ക്കാലികമായി വിദേശ നിക്ഷേപകരെ ഈ വിപണികളിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യന്‍ വിപണിയില്‍ നിന്ന് വലിയ തോതിലാണ് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത്.

വിപണി മൂല്യത്തിലെ 'ടെക്' സ്വാധീനം

2026-ല്‍ ഇതുവരെയുള്ള വിപണി വളര്‍ച്ച പരിശോധിച്ചാല്‍ ഈ വ്യത്യാസം വ്യക്തമാകും. തായ്വാന്റെ വിപണി മൂല്യത്തില്‍ 54 ശതമാനം വര്‍ധനയാണ് ഉണ്ടായത്. എന്നാല്‍ വിപണിയിലെ മുന്‍നിര ടെക് ഓഹരികളായ ടി.എസ്.എം.സി, മീഡിയടെക്, ഡെല്‍റ്റ ഇലക്ട്രോണിക്‌സ് എന്നിവയെ മാറ്റിനിര്‍ത്തിയാല്‍ ഈ വളര്‍ച്ചാ നിരക്ക് 48 ശതമാനമായി കുറയും.

ദക്ഷിണ കൊറിയയില്‍ വിപണി മൂല്യത്തില്‍ 81 ശതമാനത്തിന്റെ വന്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാംസങ്ങും എസ്.കെ ഹൈനിക്‌സും ഈ കണക്കില്‍ നിന്ന് ഒഴിവാക്കിയാല്‍ കുതിപ്പ് വെറും 40 ശതമാനത്തിലേക്ക് താഴേക്ക് പോകും. മറുവശത്ത്, വിദേശ നിക്ഷേപത്തിന്റെ പിന്‍വാങ്ങല്‍ കാരണം ഇതേ കാലയളവില്‍ ഇന്ത്യയുടെ വിപണി മൂല്യത്തില്‍ 7 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.

ആഴമേറിയതും സുരക്ഷിതവുമായ ഇന്ത്യന്‍ വിപണി

ചുരുക്കം ചില ടെക് ഓഹരികളുടെ കുതിപ്പില്‍ തായ്വാനും കൊറിയയും ഇന്ത്യയെക്കാള്‍ വലിയ നേട്ടം താല്‍ക്കാലികമായി ഉണ്ടാക്കുന്നുണ്ടെങ്കിലും ദീര്‍ഘകാല നിക്ഷേപത്തില്‍ ഏറ്റവും സുരക്ഷിതം ഇന്ത്യന്‍ വിപണി തന്നെയാണ്. തായ്‌വാനെയോ കൊറിയയെയോ പോലെ ഒന്നോ രണ്ടോ കമ്പനികള്‍ക്ക് സംഭവിക്കുന്ന തകര്‍ച്ച ഇന്ത്യന്‍ വിപണിയെ പൂര്‍ണമായി തകര്‍ക്കില്ല.

കൂടാതെ വിപണിയുടെ വ്യാപ്തിയിലും ഇന്ത്യ ഏറെ മുന്നിലാണ്. ദക്ഷിണ കൊറിയയില്‍ ആകെ 2,730 സജീവ ഓഹരികളും തായ്വാനില്‍ 2,437 ഓഹരികളും മാത്രമുള്ളപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ 6,186-ലധികം സജീവ കമ്പനികളാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഈ ആഴവും സുരക്ഷിതത്വവും വരും നാളുകളില്‍ വിദേശ നിക്ഷേപകരെ വീണ്ടും ഇന്ത്യയിലേക്ക് ആകര്‍ഷിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

Despite being economic giants, Indian markets face a tough test as chip-led AI booms drive global investors toward smaller East Asian powerhouses.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT