സോഷ്യല്‍ മീഡിയയുടെ വ്യാപനത്തോടെ വ്യവസായ രംഗത്തും പുതിയ സാധ്യതകള്‍ വളരുകയാണ്. വലിയ ഫാക്ടറികള്‍ ഇല്ലാതെ തന്നെ വ്യവസായങ്ങള്‍ തുടങ്ങാം എന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. പ്രാദേശിക വിപണികളെ ലക്ഷ്യം വെച്ച് ആരംഭിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് അനുകൂലമായ ലൈസന്‍സിംഗും കേരളത്തില്‍ എളുപ്പമാകുകയാണ്. ബിസിനസ് സംരംഭങ്ങള്‍ക്കുള്ള പ്രാഥമിക ലൈസന്‍സുകളുടെ ചട്ടത്തില്‍ കാതലായ മാറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വരുന്നത്. 1996 ലെ കേരള പഞ്ചായത്തി രാജ് ആക്ടില്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് നടപ്പിലാകുന്നതോടെ വീടുകളില്‍ വ്യവസായം തുടങ്ങുന്നതിനുള്ള നിയമങ്ങളില്‍ വലിയ ഇളവുകള്‍ ലഭിക്കും.
പരിഷ്‌കരിച്ച ചട്ടപ്രകാരം വീടുകളില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ലൈസന്‍സ് നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കും. നിയമവിധേയമായ ഏത് സംരംഭത്തിനും ലൈസന്‍സ് നല്‍കുന്ന രീതിയിലാണ് മാറ്റങ്ങള്‍ വരുന്നത്. നിലവില്‍ പരിമിതമായ സംരംഭങ്ങള്‍ക്ക് മാത്രമാണ് പഞ്ചായത്തിന് ലൈസന്‍സ് നല്‍കാന്‍ കഴിയുന്നത്. ആദ്യ ഘട്ടത്തില്‍ പഞ്ചായത്തുകളിലാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനം അടുത്തു തന്നെ പുറത്തിറങ്ങും. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ചട്ടങ്ങള്‍ പിന്നീട് പരിഷ്‌കരിക്കും.
പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയും ചില സംരംഭങ്ങള്‍ തുടങ്ങാം എന്നതാണ് മാറിയ ചട്ടങ്ങളുടെ പ്രത്യേകത. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചട്ടപ്രകാരം വൈറ്റ്, ഗ്രീന്‍ വിഭാഗങ്ങളില്‍ പെടുന്ന ഉല്‍പ്പാദന സംരംഭങ്ങളെ പഞ്ചായത്തിന്റെ ലൈസന്‍സില്‍ നിന്ന് ഒഴിവാക്കും. അവ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. അതേസമയം, റെഡ്, ഓറഞ്ച് വിഭാഗങ്ങളിലെ സംരംഭങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്നുള്ള ലൈസന്‍സ് ലഭ്യമാക്കും. വ്യാപാരം, സേവനങ്ങള്‍ എന്നീ മേഖലകളിലെ സംരംഭങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് ആവശ്യമാണ്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്ന യൂണിറ്റുകള്‍ക്ക് എഫ്.എസ്എസ്.എ.ഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
ലൈസന്‍സിനുള്ള അപേക്ഷകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ പഞ്ചായത്തുകള്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ ഡീംഡ് ലൈസന്‍സ് ആയി പരിഗണിച്ച് സംരംഭം തുടങ്ങാനാകും. ലൈസന്‍സുകള്‍ക്കുള്ള അപേക്ഷ നല്‍കുന്ന ദിവസം തന്നെ പുതുക്കി നല്‍കാന്‍ ഫാസ്റ്റ് ട്രാക് സംവിധാനവും നിലവില്‍ വരും. ഒരു സംരംഭകന്റെ പേരിലുള്ള ലൈസന്‍സ് മറ്റൊരാളുടെ പേരിലേക്ക് മാറ്റാനും കഴിയും. ലൈസന്‍സിന്റെ ഫീസ് കണക്കാക്കുന്നത് സംരംഭത്തിന്റെ മൂലധന തുകയുടെ അടിസ്ഥാനത്തിലാകും.
ചെറുകിട സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിന്റെ ചട്ടങ്ങളില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ചെറു സംരംഭങ്ങള്‍ക്ക് ബാങ്ക് വായ്പകള്‍ ലഭിക്കാനുള്ള സൗകര്യം കൂടി ഒരുക്കുന്ന രീതിയിലാണ് ചട്ടങ്ങളുടെ പരിഷ്‌കരണം.
Read DhanamOnline in English
Subscribe to Dhanam Magazine