Industry

ലേലത്തുക 8,640 കോടി; റിലയന്‍സ് ക്യാപിറ്റലിനെ ടൊറെന്റ് ഏറ്റെടുക്കും

റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയിലൂടെ സാമ്പത്തിക സേവന രംഗത്തേക്ക് പ്രവേശിക്കുകയാണ് ടൊറന്റ് ഗ്രൂപ്പ്. ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ കമ്പനിയാണ് ടൊറെന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്

Dhanam News Desk

അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റലിനെ (Reliance Capital) ടൊറെന്റ് ഗ്രൂപ്പ് (Torrent group) ഏറ്റെടുക്കും. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയെ ലേലത്തിലൂടെയാണ് ടൊറന്റ് സ്വന്തമാക്കിയത്. 8,640 കോടി രൂപയാണ് ലേലത്തുക. റിലയന്‍സ് ക്യാപിറ്റലിനായി രംഗത്തുണ്ടായിരുന്ന ഹിന്ദുജാ ഗ്രൂപ്പ് 8,150 കോടി രൂപയുടെ ഓഫര്‍ ആണ് മുന്നോട്ട് വെച്ചത്. 6,500 കോടി രൂപയായിരുന്നു ലേലത്തിന്റെ അടിസ്ഥാന തുക.

റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് സെക്യൂരിറ്റീസ്, റിലയന്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി, റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയാണ് റിലയന്‍സ് ക്യാപിറ്റലിന് കീഴിലുള്ള സ്ഥാപനങ്ങള്‍. കൂടാതെ നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ 51 ശതമാനം ഓഹരികളും ഇന്ത്യന്‍ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലെ 20 ശതമാനം ഓഹരികളും റിലയന്‍സ് ക്യാപിറ്റലിന് ഉണ്ട്.

അതേ സമയം 12,500-13,200 കോടി രൂപയ്ക്കിടയിലാണ് റിലയന്‍സ് ക്യാപിറ്റലിന്റെ ലിക്യുഡേഷന്‍ മൂല്യം. കമ്പനിയുടെ വായ്പാ ദാതാക്കള്‍ ചേര്‍ന്നാവും ടൊറന്റ് ഗ്രൂപ്പിന് ആസ്തികള്‍ കൈമാറുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. 24,000 കോടി രൂപയുടെ വായ്പ തിരിച്ചടിവില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് റിലയന്‍സ് ക്യാപിറ്റലിനെതിരെ പാപ്പരത്ത നടപടികള്‍ തുടങ്ങിയത്. അനില്‍ അംബാനി ഗ്രൂപ്പിന്റെ നിരവധി സ്ഥാപനങ്ങള്‍ നിലവില്‍ പാപ്പരത്വ നടപടികള്‍ നേരിടുകയാണ്.

526 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് റിലയന്‍സ് പവറിനും അതിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് നാച്ചുറല്‍ റിസോഴ്‌സിനും (ആര്‍എന്‍ആര്‍എല്‍) എതിരെ ഈ വര്‍ഷം മാര്‍ച്ചില്‍ പാപ്പരത്വ നടപടികള്‍ ആരംഭിച്ചിരുന്നു. കടക്കെണിയിലായ റിലയന്‍സ് ഇന്‍ഫ്രാടെല്ലിനെ ജിയോ ആണ് ഏറ്റെടുക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT