എച്ച് -1ബി വിസ ചട്ടങ്ങളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട് വ്യക്തമാക്കി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ. വളരെ ഉയർന്ന നൈപുണ്യമുള്ള പ്രൊഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കാൻ വിധത്തിൽ വിസ ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്നാണ് ട്രംപിന്റെ നിർദേശമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഫോർ പോളിസി കോർഡിനേഷൻ ക്രിസ് ലിഡെൽ പറഞ്ഞു.
"ദൗർഭാഗ്യകരമായ വസ്തുത എന്തെന്നാൽ എച്ച് -1ബി ഇപ്പോൾ കൂടുതലും കുറഞ്ഞ നൈപുണ്യം ആവശ്യമുള്ള ഔട്ട്സൊഴ്സിങ് തൊഴിലുകൾക്കാണ് പോകുന്നത്," ക്രിസ് അഭിപ്രായപ്പെട്ടു.
വളരെ ഉയർന്ന നൈപുണ്യമുള്ള (ടെക്നോളജി പോലുള്ള രംഗങ്ങളിൽ) വിദേശീയരായ പ്രൊഫഷണലുകൾ രാജ്യത്ത് തങ്ങണമെന്നും വിസ നൽകുന്നത് 100 ശതമാനവും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നുമാണ് പ്രസിഡന്റ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസിൽ ഇപ്പോൾ 1,20,000 എച്ച് -1ബി വിസക്കാരുണ്ടെന്നും ഇതൊരു വലിയ സംഖ്യയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, എച്ച് -1ബി വിസകൾ നൽകുന്നത് ഭരണകൂടം അനാവശ്യമായി വൈകിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് അമേരിക്കയിലെ വൻകിട കമ്പനികളുടെ കൂട്ടായ്മയായ 'കോംപീറ്റ് അമേരിക്ക' പരാതി നൽകിയിട്ടുണ്ട്. യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സെർവിസസിനാണ് (USCIS) പരാതി നൽകിയിരിക്കുന്നത്.
ഗൂഗിൾ, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾ 'കോംപീറ്റ് അമേരിക്ക'യിൽ അംഗങ്ങളാണ്. ഓരോ വർഷവും ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിദേശീയരെ നിയമിക്കാൻ ഈ കമ്പനികൾ എച്ച് -1ബി വിസയെയാണ് ആശ്രയിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine