ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വിദേശ കമ്പനികളെ മരുന്നിന് വില കുറയ്ക്കാൻ സമ്മർദ്ദത്തിലാക്കാനാണ് ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുളള നീക്കം. മരുന്നുകളുടെ വില കുറയ്ക്കാനുളള പദ്ധതികളിലാണ് യു.എസ് എന്നും ട്രംപ് പറഞ്ഞു.
വില കുറയ്ക്കാൻ സമ്മതിച്ചില്ലെങ്കിൽ മരുന്ന് കമ്പനികൾക്ക് ധാരാളം പ്രശ്നങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ട്രംപ് നല്‍കുന്നത്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന കുറിപ്പടി മരുന്നുകൾ ജനങ്ങള്‍ക്ക് വിലക്കുറവില്‍ നല്‍കാനാണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്. ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് കുറിപ്പടി മരുന്നുകളുടെ വില കുറയ്ക്കാൻ ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ മാസം ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മറ്റ് രാജ്യങ്ങളില്‍ ഈ മരുന്നുകള്‍ വില്‍ക്കുന്ന വിലയ്ക്ക് അനുസൃതമായി കുറവ് വരുത്തണമെന്നായിരുന്നു ആവശ്യം.
കമ്പനികള്‍ക്ക് ഒരു മാസത്തിനുള്ളിൽ കുറവ് വരുത്തേണ്ട വില സംബന്ധിച്ച് അറിയിപ്പ് നല്‍കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. കാര്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയന്ത്രണ നടപടികളോ മരുന്നുകൾ ഇറക്കുമതി ചെയ്യുന്നത് തടയുന്നത് പോലുള്ള നടപടികളോ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം ഇത്തരം നടപടികൾ നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അമേരിക്കയില്‍ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ ഏകദേശം 35 ശതമാനം ഇന്ത്യയില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. ഇറക്കുമതി നിയന്ത്രണങ്ങൾ ഉപയോഗിച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനികളെ മരുന്നുകളുടെ വില കുറയ്ക്കാൻ നിർബന്ധിക്കാനുള്ള നീക്കം ഇവരെ സാരമായി ബാധിച്ചേക്കാമെന്നാണ് കരുതുന്നത്. ഭൂരിഭാഗവും കുറഞ്ഞ വിലയുള്ള ജനറിക് മരുന്നുകളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ഇതിനകം തന്നെ വളരെ ചെറിയ ലാഭ മാര്‍ജിനിലാണ് ഇവ പ്രവർത്തിക്കുന്നത്. അതിനാല്‍ വരുമാനത്തെ സാരമായി ബാധിക്കുന്ന തരത്തിൽ ഇവയുടെ കൂടുതൽ വിലക്കുറവിന് ഇടമില്ലെന്നാണ് ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനമായ ക്രിസിൽ റേറ്റിംഗ്സ് വ്യക്തമാക്കുന്നത്.
Trump’s push for lower drug prices via import restrictions could impact Indian pharmaceutical exports to the US.
Read DhanamOnline in English
Subscribe to Dhanam Magazine