ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ചില മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ 50 ശതമാനത്തിലധികമാക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം കനത്ത തിരിച്ചടി ആയിരിക്കുകയാണ്. 5,500 കോടി മൂല്യമുളള ഇന്ത്യൻ കയറ്റുമതിയെ സാരമായി ബാധിക്കുന്നതാണ് നടപടി. തുകൽ, രാസവസ്തുക്കൾ, പാദരക്ഷ, രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, ചെമ്മീൻ തുടങ്ങിയ മേഖലകളെയാണ് ഇത് പ്രധാനമായും ബാധിക്കുക.
പുതിയ താരിഫുകൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ യുഎസിൽ അവിശ്വസനീയമാംവിധം ചെലവേറിയതാക്കുമെന്നും യുഎസിലേക്കുള്ള കയറ്റുമതി 50 ശതമാനം വരെ കുറയുമെന്നുമാണ് സംരംഭകര്‍ കരുതുന്നത്.
ഇന്ത്യയിലെ ടെക്സ്റ്റൈൽ, വസ്ത്ര കയറ്റുമതിക്കാർക്ക് വലിയ തിരിച്ചടിയാണ് നീക്കം. യുഎസ് വിപണിയുടെ വലിയൊരു വിഹിതത്തിനായി മറ്റ് പല രാജ്യങ്ങളുമായും ഫലപ്രദമായി മത്സരിക്കാനുള്ള നമ്മുടെ കഴിവിനെ ഗണ്യമായി ദുർബലപ്പെടുത്തുന്നതാണ് നീക്കം. വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് ഈ മേഖലയില്‍ നേരിടേണ്ടി വരിക. ഇതിനകം തന്നെ നേരിടുന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നതാണ് പുതിയ താരിഫ് പ്രഖ്യാപനം.
1,030 കോടി ഡോളറിന്റെ വസ്ത്ര കയറ്റുമതിയാണ് ഇന്ത്യക്ക് യുഎസിലേക്കുളളത്. യുഎസ് വിപണിയിൽ ഇന്ത്യയില്‍ നിന്നുളള ചെമ്മീൻ വിലയേറിയതായിത്തീരും. ഇക്വഡോറിന് 15 ശതമാനം മാത്രമാണ് താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങള്‍ യുഎസ് വിപണിയില്‍ ചെലവേറിയതാക്കും. 224 കോടി ഡോളറിന്റെ ചെമ്മീൻ കയറ്റുമതിയെ ദുര്‍ബലപ്പെടുത്തുന്നതാണ് പുതിയ നടപടി.
വജ്രങ്ങൾ, സ്വർണ്ണം തുടങ്ങിയവയ്ക്ക് 52.1 ശതമാനവും യന്ത്രസാമഗ്രികള്‍, മെക്കാനിക്കൽ ഉപകരണങ്ങള്‍ എന്നിവയ്ക്ക് 51.3 ശതമാനവും മേക്ക് അപ്പ് വസ്തുക്കൾക്ക് 59 ശതമാനവുമാണ് തീരുവ ഈടാക്കുക. 900 കോടി ഡോളറിന്റെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ യന്ത്രങ്ങളുടെ കയറ്റുമതിയേയും 234 കോടി ഡോളറിന്റെ രാസവസ്തുക്കളുടെ കയറ്റുമതിയേയും 118 കോടി ഡോളറിന്റെ തുകല്‍, പാദരക്ഷകള്‍ അടങ്ങുന്ന മേഖലയേയും വലിയ തോതില്‍ പിറകോട്ടടിക്കുന്നതാണ് പുതിയ പ്രഖ്യാപനങ്ങള്‍.
കയറ്റുമതി ആവാസവ്യവസ്ഥയുടെ നട്ടെല്ലായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) തളര്‍ത്തുന്നതാണ് നടപടി. കയറ്റുമതി ചെയ്യുന്ന എംഎസ്എംഇ മേഖലയിലുളളവര്‍ പ്രതിസന്ധി രൂക്ഷമായാല്‍ പിരിച്ചുവിടല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയില്‍ വസ്ത്ര നിർമ്മാണ മേഖലയില്‍ ഒരു കോടിയിലധികം ആളുകളാണ് ജോലി ചെയ്യുന്നത്. തീരുവകൾ കുറച്ചില്ലെങ്കിൽ, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് കയറ്റുമതിക്കാര്‍ പറയുന്നു.
Trump’s tariff hike severely impacts Indian exports like textiles, seafood, and gems, threatening MSMEs and employment.
Read DhanamOnline in English
Subscribe to Dhanam Magazine