Image courtesy: Canva
Industry

എന്‍.പി.എസില്‍ വന്‍ പൊളിച്ചെഴുത്ത്: വരിക്കാര്‍ക്ക് 80 ശതമാനം തുകയും ഇനി ഒന്നിച്ച് പിന്‍വലിക്കാം, പ്രായപരിധിയിലും മാറ്റം

സര്‍ക്കാര്‍ ഇതര വിഭാഗത്തിലുള്ള എന്‍.പി.എസ് വരിക്കാര്‍ക്ക് വിരമിക്കുമ്പോള്‍ മൊത്തം സമ്പാദ്യത്തിന്റെ 80 ശതമാനം വരെ ഇനി ഒന്നിച്ച് പിന്‍വലിക്കാം

Dhanam News Desk

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (National Pension System /NPS) വരിക്കാര്‍ക്ക് വലിയ ആശ്വാസവുമായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA). സര്‍ക്കാര്‍ ഇതര വിഭാഗത്തിലുള്ള എന്‍.പി.എസ് വരിക്കാര്‍ക്ക് വിരമിക്കുമ്പോള്‍ മൊത്തം സമ്പാദ്യത്തിന്റെ 80 ശതമാനം വരെ ഇനി ഒന്നിച്ച് (Lump sum) പിന്‍വലിക്കാം.

വിരമിക്കല്‍ കാലത്ത് കയ്യില്‍ കൂടുതല്‍ പണം ലഭിക്കണമെന്ന വരിക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

എന്‍.പി.എസില്‍ തുടരാവുന്ന പ്രായപരിധി 75-ല്‍ നിന്നും 85 വയസായും ഉയര്‍ത്തിയിട്ടുണ്ട്. ഇത് പ്രകാരം താത്പര്യമുള്ളവര്‍ക്ക് 85 വയസുവരെ നിക്ഷേപം തുടരാനും അതിനുശേഷം മൊത്തമായോ ഘട്ടംഘട്ടമായോ പണം പിന്‍വലിക്കാനും സാധിക്കും. സര്‍ക്കാര്‍, സര്‍ക്കാരിതര വരിക്കാര്‍ക്ക് ഒരുപോലെ ബാധകമാണ് പുതിയ വ്യവസ്ഥ.

പി.എഫ്.ആര്‍.ഡി.എയുടെ പുതിയ മാറ്റങ്ങള്‍ പെന്‍ഷന്‍കാരെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് പരിശോധിക്കാം.

മാറ്റങ്ങള്‍ ഇങ്ങനെ

നേരത്തെ എന്‍..പിഎസ് വരിക്കാര്‍ വിരമിക്കുമ്പോള്‍ ആകെ തുകയുടെ 60 ശതമാനം മാത്രമേ ഒന്നിച്ച് പിന്‍വലിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ബാക്കി 40 ശതമാനം തുക നിര്‍ബന്ധമായും 'ആന്വിറ്റി' (Annuity) അഥവാ മാസപെന്‍ഷന്‍ ലഭിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കണമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ആന്വിറ്റി വിഹിതം 20 ശതമാനമായി കുറച്ചു. ബാക്കി 80 ശതമാനം തുക വരിക്കാരന് ലംപ്സം ആയി കൈപ്പറ്റാം. പെന്‍ഷന്‍ പ്ലാനുകളിലെ കുറഞ്ഞ ആദായം മറികടന്ന് മികച്ച പദ്ധതികളില്‍ നിക്ഷേപിക്കാനുള്ള അവസരം ഇതുവഴി ലഭിക്കും.

പിന്‍വലിക്കല്‍ ഇങ്ങനെ

നിക്ഷേപ തുകയുടെ അടിസ്ഥാനത്തില്‍ പിന്‍വലിക്കല്‍ നിയമങ്ങളില്‍ ചില വ്യത്യാസമുണ്ടാകും:

  • ആകെ സമ്പാദ്യം 8 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ മുഴുവന്‍ തുകയും ഒന്നിച്ച് പിന്‍വലിക്കാം. ആന്വിറ്റി നിര്‍ബന്ധമില്ല.

  • ആകെ സമ്പാദ്യം 8 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയാണെങ്കില്‍ 6 ലക്ഷം രൂപ വരെ ഒന്നിച്ച് പിന്‍വലിക്കാം. ബാക്കി തുക ഒന്നുകില്‍ ആന്വിറ്റി വാങ്ങാനോ അല്ലെങ്കില്‍ 6 വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായി പിന്‍വലിക്കാനോ (Systematic Unit Withdrawal) സാധിക്കും.

  • 12 ലക്ഷത്തിന് മുകളിലാണ് ആകെ സമ്പാദ്യമെങ്കില്‍ 80 ശതമാനം വരെ ഒന്നിച്ച് പിന്‍വലിക്കാം. കുറഞ്ഞത് 20 ശതമാനം തുക ആന്വിറ്റി പ്ലാനുകളില്‍ നിക്ഷേപിക്കണം.

പെന്‍ഷന്‍കാര്‍ക്ക് ഗുണം

വിരമിക്കുന്ന സമയത്ത് വീട് പണിക്കോ മക്കളുടെ വിവാഹത്തിനോ മറ്റോ വലിയ തുക ആവശ്യമായി വരുന്നവര്‍ക്ക് ഈ തീരുമാനം വലിയ ഉപകാരമാകും. എന്നാല്‍ കൂടുതല്‍ തുക മുന്‍കൂട്ടി പിന്‍വലിക്കുമ്പോള്‍, പ്രതിമാസം ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍ സ്വാഭാവികമായും കുറവുണ്ടാകും.

എൻപിഎസ് (NPS) വരിക്കാർക്ക് ഇനി മുതൽ 60 വയസ്സ് തികയുന്നതിന് മുൻപോ അല്ലെങ്കിൽ വിരമിക്കുന്നതിന് മുൻപോ (ഏതാണോ വൈകി വരുന്നത് അത് വരെ) പരമാവധി നാല് തവണ വരെ തുക പിൻവലിക്കാൻ അനുവാദമുണ്ടാകും. ഓരോ തവണ പിൻവലിക്കുമ്പോഴും ഇടയ്ക്ക് ചുരുങ്ങിയത് നാല് വർഷത്തെ ഇടവേള ഉണ്ടായിരിക്കണം. നേരത്തെ ഇത് പരമാവധി മൂന്ന് തവണ മാത്രമായിരുന്നു.

60 വയസ്സിന് ശേഷമോ അല്ലെങ്കിൽ വിരമിക്കലിന് ശേഷമോ എൻപിഎസിൽ (NPS) തുടരാൻ തീരുമാനിക്കുന്ന വരിക്കാർക്ക് തങ്ങളുടെ നിക്ഷേപത്തിൽ നിന്നും ഭാഗികമായി തുക പിൻവലിക്കാൻ (Partial withdrawal) ഇനി മുതൽ അനുവാദമുണ്ടാകും. ഓരോ പിൻവലിക്കലുകൾക്കിടയിലും കുറഞ്ഞത് മൂന്ന് വർഷത്തെ ഇടവേള ഉണ്ടായിരിക്കണം.

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്ന വരിക്കാര്‍ക്ക് തങ്ങളുടെ എന്‍പിഎസ് അക്കൗണ്ട് അവസാനിപ്പിക്കാനും മുഴുവന്‍ തുകയും പിന്‍വലിക്കാനും സാധിക്കും.

നികുതി ആനുകൂല്യവും മറ്റ് മാറ്റങ്ങളും

അംഗീകൃത സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കുന്നതിനായി വരിക്കാര്‍ക്ക് എന്‍.പി.എസ് അക്കൗണ്ട് ഇപ്പോള്‍ ഈട് വെക്കാവുന്നതാണ്.

എന്‍പിഎസ്-ലൈറ്റ്, സ്വാവലംബന്‍ വരിക്കാര്‍ക്ക് 2 ലക്ഷം രൂപ വരെയുള്ള സമ്പാദ്യം മുഴുവനായി പിന്‍വലിക്കാം. അതിന് മുകളിലുള്ള തുകയ്ക്ക് ഒരു ഭാഗം ആന്വിറ്റിക്കായി ഉപയോഗിക്കണം. (നേരത്തെ ഇത് 1 ലക്ഷം രൂപയായിരുന്നു).

നിലവില്‍ 60 ശതമാനം പിന്‍വലിക്കലിനാണ് നികുതി ഇളവുള്ളത്. അധികമായി പിന്‍വലിക്കുന്ന 20 ശതമാനം തുകയ്ക്ക് നികുതി ഇളവ് ലഭിക്കുമോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയായിട്ടില്ല. വരാനിരിക്കുന്ന ബജറ്റില്‍ ഇതില്‍ വ്യക്തത വരുത്തിയേക്കും.

വരിക്കാരന്‍ മരണപ്പെട്ടാല്‍

എന്‍.പി.എസ് വരിക്കാരന്‍ മരണപ്പെട്ടാല്‍ നിക്ഷേപ തുക കുറവാണെങ്കില്‍ നോമിനിക്കോ നിയമപരമായ അവകാശിക്കോ മുഴുവന്‍ തുകയും ഒന്നിച്ച് ലഭിക്കും. വലിയ തുകയാണെങ്കില്‍ ഒരു ഭാഗം ആന്വിറ്റിക്കായും ബാക്കി തുക ഒന്നിച്ച് അല്ലെങ്കില്‍ ഘട്ടം ഘട്ടമായും ലഭിക്കും. രേഖകകളില്‍ ഇനി മുതല്‍ 'കുടുംബാംഗങ്ങള്‍' എന്നതിന് പകരം 'നോമിനി' അല്ലെങ്കില്‍ 'നിയമപരമായ അവകാശി' എന്നായിരിക്കും രേഖപ്പെടുത്തുക.

വരിക്കാരനെ കാണാതാവുകയും മരിച്ചതായി നിയമപരമായി കരുതുകയും ചെയ്യുന്ന സാഹചര്യത്തില്‍, നോമിനിക്ക് തുകയുടെ 20% ഇടക്കാല ആശ്വാസമായി ലഭിക്കും. ബാക്കി 80% നിയമപരമായ സ്ഥിരീകരണത്തിന് ശേഷം മാത്രമേ നല്‍കൂ. വരിക്കാരന്‍ പിന്നീട് ജീവനോടെ തിരിച്ചെത്തിയാല്‍ ഈ പേയ്മെന്റുകളില്‍ ക്രമീകരണം വരുത്തും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT