യുപിഐ (UPI) ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്താനുള്ള തീരുമാനം വൈകുന്നതിന് പിന്നിൽ വ്യാപാരി-വ്യാപാരി (Merchant-to-Merchant / M2M) ഇടപാടുകൾ പ്രധാന തർക്കവിഷയമായി മാറുന്നു. 2,000 രൂപക്ക് മുകളിലുള്ള വ്യക്തിഗത-വ്യാപാരി (P2M) ഇടപാടുകൾക്ക് 0.4% എംഡിആർ ചുമത്താനായിരുന്നു നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ദീപാവലിക്ക് ശേഷം വരെ നടപ്പാക്കൽ മാറ്റിവച്ചു. ദീപാവലി കഴിഞ്ഞ് ഒരു ആഴ്ചയിലേറെയായി, യുപിഐയിൽ എംഡിആർ എപ്പോൾ നടപ്പിലാക്കുമെന്ന് ഇപ്പോഴും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. അതേസമയം മൊത്തക്കച്ചവടക്കാർക്കും വിതരണക്കാർക്കും വ്യാപാരികൾ നടത്തുന്ന ബി2ബി (B2B) ഇടപാടുകൾ വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചില്ലറ വ്യാപാരികൾ സാധനങ്ങൾ സ്വയം ഉത്പാദിപ്പിക്കുന്നില്ല, മറിച്ച് വിതരണക്കാരിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ വാങ്ങി വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്. ഉപഭോക്താവ് കടയുടമയ്ക്ക് പണം നൽകുമ്പോൾ 0.4% എംഡിആർ നൽകണം. തുടർന്ന് കടയുടമ വിതരണക്കാരന് യുപിഐ വഴി പണം കൈമാറുമ്പോഴും, വിതരണക്കാരൻ കമ്പനിക്ക് നൽകമ്പോഴും വീണ്ടും എംഡിആർ നൽകേണ്ടിവരുന്നു. ഇതിനകം തന്നെ കുറഞ്ഞ ലാഭവിഹിതത്തിൽ പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് സപ്ലൈ ശൃംഖലയിലുടനീളമുള്ള ഈ ബഹുമുഖ എംഡിആർ വലിയ ഭാരമാകും. അതിനാൽ M2M ഇടപാടുകളെ എംഡിആർ പരിധിയിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്ന് ആൾ ഇന്ത്യ കൺസ്യൂമർ പ്രൊഡക്ട്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ (AICPDF) ധനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
70 ശതമാനം തട്ടുകടക്കാരും ചെറുകിട വ്യാപാരികളും സപ്ലൈയർമാർക്ക് 2,000 രൂപക്ക് മുകളിലാണ് ഒറ്റത്തവണ തുക കൈമാറുന്നതെന്ന് ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് (ISB) നടത്തിയ പഠനം വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ഒരു വ്യാപാരി 15,000 രൂപയുടെ ചരക്ക് വാങ്ങുമ്പോൾ 60 രൂപ എംഡിആർ നൽകേണ്ടി വരുന്നു. ദിനംപ്രതി 1,000 രൂപ അറ്റാദായം ഉണ്ടാക്കുന്ന ഒരു വ്യാപാരിയെ സംബന്ധിച്ചിടത്തോളം ഈ അധിക തുക അവരുടെ ലാഭത്തിന്റെ 6 ശതമാനത്തോളം ഇല്ലാതാക്കുന്നതിന് തുല്യമാണ്. കൂടാതെ, മൊത്തം വ്യാപാരി യുപിഐ ഇടപാട് മൂല്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും (67%) 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകളാണെന്ന് ലോക്കൽ സർക്കിൾസ് പഠനം പറയുന്നു.
പരിഹാര നിർദ്ദേശങ്ങളും അനിശ്ചിതത്വവും: M2M ഇടപാടുകൾക്ക് ഫ്ലാറ്റ് നിരക്കായ 5 രൂപ ഏർപ്പെടുത്തുന്നത് ബാധ്യത കുറയ്ക്കുമെന്ന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും എൻപിസിഐയോ ധനമന്ത്രാലയമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ അനിശ്ചിതത്വം പേടിഎം, മൊബിക്വിക് തുടങ്ങിയ പേയ്മെന്റ് കമ്പനികളുടെ ഓഹരികളെ ഇതിനകം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെ ഓഹരികൾ കഴിഞ്ഞ അഞ്ച് സെഷനുകളിലായി 10% ത്തിലധികം ഇടിഞ്ഞു. മൊബിക്വിക് സിസ്റ്റംസ് ഓഹരിയും സമാന ഇടിവിലാണ്. പൈൻ ലാബ്സിന്റെ ഓഹരിയും അഞ്ച് ദിവസത്തിനുള്ളിൽ 9% ത്തോളം ഇടിഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine