UPI Canva, UPI
Industry

അടിക്കടി ബാലന്‍സ് പരിശോധനയൊന്നും നടപ്പില്ല, രണ്ടു ദിവസം കഴിഞ്ഞാല്‍ യു.പി.ഐയില്‍ മാറ്റം വരുകയാണ്, അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

ഗൂഗ്ള്‍ പേ, ഫോണ്‍പേ, പേയ്ടിഎം പോലുള്ള യു.പി.ഐ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ ഈ മാറ്റങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

Dhanam News Desk

യു.പി.ഐ (UPI) സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നു മുതല്‍ ചില മാറ്റങ്ങള്‍ അവതരിപ്പിക്കാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI). യു.പി.ഐ ഇടപാടുകളില്‍ അടുത്തിടെയുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. ദൈനംദിന ഇടപാടുകളെ ഈ മാറ്റങ്ങള്‍ ബാധിക്കില്ലെങ്കിലും ഉപയോക്താക്കള്‍ക്ക് ബാലന്‍സ് പരിശോധിക്കുന്നതിലും ഇടപാടുകളുടെ സ്റ്റാറ്റസ് അറിയുന്നതിലുമൊക്കെ നിയന്ത്രണം വരുത്തിയിട്ടുണ്ട്.

ഗൂഗ്ള്‍ പേ, ഫോണ്‍പേ, പേയ്ടിഎം പോലുള്ള യു.പി.ഐ ആപ്ലിക്കേഷനുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഈ മാറ്റങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

നിരവധി മാറ്റങ്ങള്‍

ഓഗസ്റ്റ് ഒന്നു മുതല്‍ ബാലന്‍സ് പരിശോധിക്കാനുള്ള പരിധി 50 തവണയായി നിജപ്പെടുത്തിയിട്ടുണ്ട്. ഉപയോഗിക്കുന്ന ഓരോ ആപ്പിലും 50 തവണയില്‍ കൂടുതല്‍ ഒരു ദിവസം ബാലന്‍സ് പരിശോധിക്കാനാകില്ല. ഇടയ്ക്കിടെ ബാലന്‍സുകളും ഇടപാടുകളുമൊക്കെ പരിശോധിക്കേണ്ടി വരുന്ന വ്യാപാരികള്‍ക്കും മറ്റും ഇത് തിരിച്ചടിയായേക്കും.

കൂടാതെ ഇടപാടുകളുടെ സ്റ്റാറ്റസ് പരിശോധിക്കാന്‍ പരമാവധി മൂന്ന് തവണയാണ് സാധിക്കുക. കുറഞ്ഞത് 90 സെക്കന്റ് ഇടവേളയിലാണ് ഈ പരിശോധന സാധ്യമാകുക.

ഓട്ടോപേ ഇടപാടുകളിലും മാറ്റമുണ്ട്. പ്രത്യേക സമയത്ത് മാത്രമാകും ഇത് അനുവദിക്കുക. രാവിലെ 10 നു മുന്‍പ്, ഒരുമണിക്കും അഞ്ചു മണിക്കും ഇടയില്‍, രാത്രി 9.30ന് ശേഷം എന്നിങ്ങനെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്.

മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ദിവസത്തില്‍ 25 തവണ മാത്രമായിരിക്കും പരിശോധിക്കാന്‍ സാധിക്കുക. യു.പി.ഐ സിസ്റ്റത്തിലെ അനാവശ്യ ട്രാഫിക് ഒഴിവാക്കാനാണ് ഈ നിയന്ത്രണങ്ങള്‍.

യു.പി.ഐ വഴി തെറ്റായ ഐ.ഡിയിലേക്ക് പണം കൈമാറിയാല്‍ 30 ദിവസത്തിനുള്ളില്‍ പരമാവധി 10 തവണ മാത്രമാകും തിരിച്ച് ചോദിക്കാനാകുക.

അതേപോലെ തട്ടിപ്പുകളും തെറ്റുകളും പരമാവധി കുറയ്ക്കാനായി ഇനി മുതല്‍ പണം സ്വീകരിക്കുന്ന വ്യക്തിയുടെ ബാങ്കിന്റെ പേര്‌ പ്രദര്‍ശിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

കൂടുതല്‍ മുന്നേറ്റത്തിന് വഴിയൊരുക്കാന്‍

രാജ്യത്ത് യു.പി.ഐ പേയ്‌മെന്റുകള്‍ അതിവേഗം വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നത്. അടുത്തിടെ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (IMF) ഇന്ത്യയുടെ യു.പി.ഐ സംവിധാനത്തെ പ്രശംസിച്ചിരുന്നു. പ്രതിമാസ 1800 കോടി യു.പി.ഐ ഇടപാടുകളാണ് രാജ്യത്ത് നടക്കുന്നത്. ഇടപാടുകള്‍ കുതിച്ച് ഉയരുന്നത് യു.പി.ഐ സംവിധാനത്തില്‍ ചില സമ്മര്‍ദങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളില്‍ രാജ്യത്തുടനീളം യു.പി.ഐ പേയ്‌മെന്റുകളില്‍ തടസം നേരിട്ടിരുന്നു. അനവധി തവണ ബാലന്‍സ് പരിശോധിക്കുന്നതും മറ്റും യു.പി.ഐ സംവിധാനത്തില്‍ കൂടുതല്‍ ട്രാഫിക്കിന് ഇടവരുത്തുകയും പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയുമായിരുന്നു.

From August 1, UPI users will face new restrictions on balance checks, transaction status, and autopay timings to ease system load.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT