Image : Canva (UPI) 
Industry

യു.പി.ഐ ഇടപാടുകളില്‍ കേന്ദ്ര ലക്ഷ്യം പാളി, പോയവര്‍ഷം നടന്നത് 18,500 കോടി ഇടപാടുകള്‍

മുന്‍വര്‍ഷത്തേക്കാള്‍ ഇടപാടുകളില്‍ 41 ശതമാനം വര്‍ധന

Dhanam News Desk

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (Unified Payments Interface/UPI) വഴി 2025 സാമ്പത്തിക വര്‍ഷം നടന്നത് 18,500 കോടി ഇടപാടുകള്‍. കേന്ദ്ര സര്‍ക്കാര്‍ 20,000 കോടി ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണിത്. അതായത് കേന്ദ്രം പ്രതീക്ഷിച്ചതിനേക്കാള്‍ 7.5 ശതമാനം കുറവ്. എന്നാല്‍ മുന്‍ സാമ്പത്തിക വര്‍ഷവുമായി നോക്കുമ്പോള്‍ യു.പി.ഐ ഇടപാടുകളില്‍ 41 ശതമാനം വര്‍ധനയുണ്ട്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-24 സാമ്പതതിക വര്‍ഷത്തില്‍ 13,100 കോടി ഇടപാടുകളാണ് നടന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം യു.പി.ഐ സബ്‌സിഡിയായി 1,500 കോടി രൂപ പ്രഖ്യാപിച്ച സമയത്താണ് കേന്ദ്രസര്‍ക്കാര്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 20,000 കോടി ഇടപാടുകള്‍ നടക്കുമെന്ന പ്രതീക്ഷ പങ്കുവച്ചത്. രാജ്യത്തെ ഏറ്റവും പ്രചാരമേറിയ റിയല്‍ടൈം പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് യു.പി.ഐ. ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ 85 ശതമാനവും നടക്കുന്നത് യു.പി.ഐ വഴിയാണ്.

മൂല്യത്തില്‍ 30% വര്‍ധന

കഴിഞ്ഞ സാമ്പത്തിക വര്‍ഷം യു.പി.ഐ വഴി 260 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് മൊത്തം നടന്നത്. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷമിത് 200 ലക്ഷം കോടി രൂപയായിരുന്നു. 30 ശതമാനമാണ് ഇടപാട് മൂല്യത്തിലെ വര്‍ധന. 2024 കലണ്ടര്‍ വര്‍ഷത്തില്‍ യു.പി.ഐ ഇടപാടുകള്‍ 17,200 കോടിയായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 45 ശതമാനം വര്‍ധന.

മാര്‍ച്ചില്‍ പുതിയ നാഴികക്കല്ല്

മാര്‍ച്ചിലാണ് യു.പി. ഐ ഇടപാടുകളുടെ എണ്ണം ആദ്യമായി 1,830 കോടിയെത്തി റെക്കോഡിട്ടത്. ഇടപാട് മൂല്യം 24.77 ലക്ഷം കോടിയും തൊട്ടു. തൊട്ട് മുന്‍ മാസത്തേക്കാള്‍ 1.7 ശതമാനം വര്‍ധനയും രേഖപ്പെടുത്തി.

പ്രതിദിന ഇടപാടുകള്‍ ആദ്യമായി ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് തൊട്ടതും മാര്‍ച്ചിലാണ്. മാര്‍ച്ച് ഒന്നിന് ഒറ്റദിവസം 1,01,628 കോടി രൂപയുടെ ഇടപാടാണ് യു.പി.ഐ വഴി നടന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT