Image by Canva 
Industry

വരുമാനത്തില്‍ ബംഗളൂരുവും ഡല്‍ഹിയും മുന്നില്‍; ചെലവഴിക്കാന്‍ മലയാളിക്ക് മടിയില്ല, തിരുവനന്തപുരവും കണ്ണൂരും പട്ടികയില്‍!

ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ 'പ്രൈസും' ടാറ്റാ സണ്‍സും സംയുക്തമായി പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ നഗരങ്ങളിലെ വരുമാന-ഉപഭോഗ രീതികളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളുള്ളത്

Dhanam News Desk

ഇന്ത്യന്‍ നഗരങ്ങളിലെ ജനങ്ങളുടെ വരുമാനവും അവരുടെ ചെലവഴിക്കല്‍ ശീലങ്ങളും സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത്. പ്രമുഖ ഗവേഷണ സ്ഥാപനമായ 'പ്രൈസ്' (People Research on India's Consumer Economy - PRICE) നടത്തിയ പഠനത്തിലാണ് കൗതുകകരമായ വിവരങ്ങളുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ളത് മുംബൈയും ഡല്‍ഹിയും പോലുള്ള മെട്രോ നഗരങ്ങളിലെ കുടുംബങ്ങള്‍ക്കാണെങ്കിലും, കയ്യിലുള്ള പണം ചെലവഴിക്കുന്ന കാര്യത്തില്‍ സൂററ്റും തിരുപ്പൂരും പോലുള്ള ചെറുകിട വ്യവസായ നഗരങ്ങളാണ് മുന്നില്‍.

വരുമാനത്തില്‍ മുംബൈയും ഡല്‍ഹിയും ഒന്നാമത്

രാജ്യത്തെ ശരാശരി കുടുംബ വരുമാനത്തിന്റെ കാര്യത്തില്‍ വന്‍ നഗരങ്ങള്‍ തന്നെയാണ് ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നത്. സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ഒരു കുടുംബത്തിന്റെ ശരാശരി വാര്‍ഷിക വരുമാനം 9.32 ലക്ഷം രൂപയാണ്. തൊട്ടുപിന്നിലുള്ള ഡല്‍ഹിയില്‍ ഇത് 8.16 ലക്ഷം രൂപയാണ്. എന്നാല്‍ ഈ വരുമാനത്തിന്റെ വലിയൊരു പങ്ക് സമ്പാദ്യമായും നിക്ഷേപമായും മാറുന്നതിനാല്‍ ഇവിടുത്തെ ഉപഭോക്തൃ ചെലവഴിക്കല്‍ വരുമാനത്തിന് ആനുപാതികമായി ഉയരുന്നില്ല.

പണം ചെലവാക്കാന്‍ മടിയില്ലാതെ സൂററ്റും തിരുപ്പൂരും

വരുമാന സൂചികയില്‍ മെട്രോകള്‍ക്ക് പിന്നിലാണെങ്കിലും കുടുംബങ്ങളുടെ ശരാശരി ഉപഭോക്തൃ ചെലവഴിക്കലില്‍ (Average Household Consumer Expenditure) ഗുജറാത്തിലെ ടെക്‌സ്‌റ്റൈല്‍-ഡയമണ്ട് ഹബ്ബായ സൂററ്റാണ് രാജ്യത്ത് ഒന്നാമത്. സൂററ്റിലെ ഒരു കുടുംബത്തിന്റെ ശരാശരി വാര്‍ഷിക ചെലവ് 6.04 ലക്ഷം രൂപയാണ്.

തൊട്ടുപിന്നില്‍ തമിഴ്‌നാട്ടിലെ വസ്ത്രനിര്‍മ്മാണ കേന്ദ്രമായ തിരുപ്പൂരുണ്ട് (5.68 ലക്ഷം രൂപ). മെട്രോ നഗരങ്ങളായ മുംബൈ (5.44 ലക്ഷം രൂപ), ഡല്‍ഹി (5.22 ലക്ഷം രൂപ), ബെംഗളൂരു (5.23 ലക്ഷം രൂപ) എന്നിവയെല്ലാം ചെലവഴിക്കലിന്റെ കാര്യത്തില്‍ ഈ ചെറുകിട വ്യവസായ നഗരങ്ങള്‍ക്ക് പിന്നിലാണ്.

രാജ്യത്തെ മെട്രോ നഗരങ്ങള്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമത് നില്‍ക്കുമ്പോള്‍, പ്രതിമാസ കുടുംബ ചെലവുകളുടെ കാര്യത്തില്‍ വന്‍കിട നഗരങ്ങളെപ്പോലും അമ്പരിപ്പിക്കുന്ന പ്രകടനമാണ് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരവും മറ്റ് ചില പ്രമുഖ വ്യവസായ നഗരങ്ങളും കാഴ്ചവെക്കുന്നത്.

വരുമാനത്തില്‍ മുന്നില്‍ ഈ നഗരങ്ങള്‍

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി വരുമാനമുള്ള നഗരങ്ങള്‍ ബംഗളൂരു, ചണ്ഡീഗഡ്, ഡല്‍ഹി എന്നിവയാണ്. ഐടി മേഖലയുടെ വളര്‍ച്ചയും ഉയര്‍ന്ന ശമ്പളമുള്ള കോര്‍പ്പറേറ്റ് തൊഴിലവസരങ്ങളുമാണ് ബംഗളൂരുവിനെയും ഡല്‍ഹിയെയും വരുമാന ചാര്‍ട്ടില്‍ മുന്നിലെത്തിച്ചത്.

ചെലവഴിക്കുന്നതില്‍ ഞെട്ടിച്ച് തിരുവനന്തപുരം!

ഉയര്‍ന്ന വരുമാനമുണ്ടെങ്കിലും മെട്രോ നഗരങ്ങളിലെ താമസക്കാര്‍ പണം ചെലവഴിക്കുന്നതില്‍ ഒരുപടി പിന്നിലാണ്. എന്നാല്‍ കുടുംബങ്ങളുടെ ശരാശരി പ്രതിമാസ ചെലവഴിക്കലിന്റെ (Household Spending) കാര്യത്തില്‍ ചണ്ഡീഗഡ്, തിരുവനന്തപുരം, വഡോദര എന്നീ നഗരങ്ങളാണ് രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. വരുമാനത്തേക്കാള്‍ ഉപഭോഗ സംസ്‌കാരത്തിന് മുന്‍ഗണന നല്‍കുന്നതിലാണ് ഈ നഗരങ്ങള്‍ ശ്രദ്ധേയമാകുന്നത്.

ഇതുകൂടാതെ, വസ്ത്രനിര്‍മാണ ഹബ്ബായ തിരുപ്പൂരും, ഡയമണ്ട്-ടെക്‌സ്‌റ്റൈല്‍ വ്യവസായങ്ങളുടെ കേന്ദ്രമായ സൂറത്തും കുടുംബ ചെലവുകളുടെ കാര്യത്തില്‍ പ്രമുഖ മെട്രോ നഗരങ്ങളെപ്പോലും പിന്നിലാക്കിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ചുരുക്കത്തില്‍:

ഉപഭോഗത്തിന്റെ പകുതിയും 6 നഗരങ്ങളില്‍ ഇന്ത്യയിലെ മുന്‍നിര 6 മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവ ചേര്‍ന്നാണ് രാജ്യത്തെ ആകെ ഉപഭോഗത്തിന്റെ 46 ശതമാനവും (നഗര ഉപഭോഗത്തിന്റെ മൂന്നില്‍ രണ്ടും) കൈയാളുന്നത്.

മെഗാ കണ്‍സപ്ഷന്‍ ഹബ്ബായി ഡല്‍ഹി NCR: രാജ്യത്തെ ഏറ്റവും വലിയ ഉപഭോഗ വിപണി ഡല്‍ഹി എന്‍.സി.ആര്‍ (N) ആണ് 126 ബില്യണ്‍ ഡോളര്‍. ഇത് മുംബൈയുടെയും ബംഗളൂരുവിന്റെയും ആകെ ഉപഭോഗത്തിന് (134 ബില്യണ്‍ ഡോളര്‍) ഏകദേശം തുല്യമാണ്. ഡല്‍ഹിയിലെ കുടുംബങ്ങള്‍ പ്രതിവര്‍ഷം ട്രാന്‍സ്‌പോര്‍ട്ടേഷന് വേണ്ടി മാത്രം ചെലവഴിക്കുന്നത് 33 ബില്യണ്‍ ഡോളറാണ്.

വളരുന്ന മധ്യവര്‍ഗം: പ്രതിവര്‍ഷം 6 ലക്ഷം രൂപ മുതല്‍ 36 ലക്ഷം രൂപ വരെ വരുമാനമുള്ള മധ്യവര്‍ഗ കുടുംബങ്ങളുടെ എണ്ണം കഴിഞ്ഞ ദശകത്തില്‍ 29 ശതമാനത്തില്‍ നിന്ന് 53 ശതമാനമായി ഉയര്‍ന്നു. ഹൈദരാബാദിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ മധ്യവര്‍ഗ കുടുംബങ്ങളുള്ളത്.

കണ്ണൂരിന് കുതിപ്പ്: പ്രതിവര്‍ഷം 36 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ള അതിസമ്പന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ വലിയ വളര്‍ച്ചയാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഈ വിഭാഗത്തില്‍ ഡല്‍ഹി, മുംബൈ, പൂനെ എന്നിവ മുന്നിലാണെങ്കിലും, അതിവേഗം വളരുന്ന നഗരങ്ങളുടെ കൂട്ടത്തില്‍ കേരളത്തിലെ കണ്ണൂരും തമിഴ്നാട്ടിലെ തൂത്തുക്കുടിയും ഇടംപിടിച്ചിട്ടുണ്ട്.

ദാരിദ്ര്യം കുറയുന്നു: 2030-ഓടെ ഇന്ത്യയിലെ മുന്‍നിര 100 നഗരങ്ങളില്‍ പ്രതിവര്‍ഷം 1.5 ലക്ഷത്തില്‍ താഴെ വരുമാനമുള്ള താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ ഏകദേശം ഇല്ലാതാകുമെന്നും (വെറും 0.3%) റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT