Image courtesy: Canva
Industry

സോളാര്‍ പദ്ധതികള്‍ക്ക് ചെലവ് കുറയും, ചൈനയ്ക്ക് പണികിട്ടിയപ്പോള്‍ ലോട്ടറി ഇന്ത്യയ്ക്ക്‌

വിലകുറഞ്ഞതും കാര്യക്ഷമതയുള്ളതുമായ ചൈനീസ് ഇറക്കുമതികൾ കൂടുതലായി തിരഞ്ഞെടുക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും

Dhanam News Desk

യു.എസ്-ചൈന താരിഫ് യുദ്ധം ഇന്ത്യന്‍ സോളാര്‍ വിപണിക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷ. ചൈനയ്ക്ക് മേല്‍ യു.എസ് 145 ശതമാനമാണ് തത്തുല്യ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യം മൂലം ചൈനയ്ക്ക് യു.എസ് വിപണി അപ്രാപ്യമായിരിക്കുകയാണ്. ചൈനീസ് കമ്പനികള്‍ മറ്റു വിപണികളെ കൂടുതലായി ആശ്രയിക്കാന്‍ ഇതോടെ നിര്‍ബന്ധിതരാകും.

സോളാര്‍ ഉപകരണങ്ങളുടെ കയറ്റുമതിയില്‍ ലോകത്തെ പ്രധാന രാജ്യങ്ങളിലൊന്നാണ് ചൈന. ഇന്ത്യ ധാരാളമായി സോളാര്‍ സെല്ലുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിലേക്ക് ചൈനീസ് കമ്പനികള്‍ കൂടുതലായി സോളാര്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതിന് പുതിയ സാഹചര്യം വഴിയൊരുക്കും. ഇത് പുരപ്പുറ സോളാര്‍ പോലുളള സോളാര്‍ പദ്ധതികള്‍ സ്ഥാപിക്കുന്നതിനുളള ചെലവ് കുറയ്ക്കാനിടയുണ്ട്.

കുറഞ്ഞ വില

അടുത്ത തലമുറ സൗരോർജ സാങ്കേതികവിദ്യയായ TOPCon (ടണൽ ഓക്സൈഡ് പാസിവേറ്റഡ് കോൺടാക്റ്റ്) മൊഡ്യൂളുകളുടെ ഉല്‍പ്പാദനത്തില്‍ ചൈന വളരെ മുന്‍പന്തിയിലാണ്. ചൈനീസ് കമ്പനികള്‍ ഈ നൂതന മൊഡ്യൂളുകൾ വളരെ കുറഞ്ഞ വിലയ്ക്ക് നൽകാൻ ആരംഭിച്ചാല്‍ ഇന്ത്യയില്‍ സോളാര്‍ പദ്ധതികളുടെ ചെലവ് കുറയാനിടയാകും. ഇന്ത്യൻ കമ്പനികള്‍ പ്രധാനമായും p-type mono PERC (പാസിവേറ്റഡ് എമിറ്റർ ആൻഡ് റിയർ സെൽ) മൊഡ്യൂളുകളാണ് നിർമ്മിക്കുന്നത്. ഇതിനേക്കാള്‍ സാങ്കേതികമായി മികച്ചതാണ് TOPCon മൊഡ്യൂളുകള്‍.

ഏറ്റവും കുറഞ്ഞ ലെവലൈസ്ഡ് കോസ്റ്റ് ഓഫ് എനർജി (LCOE) കൈവരിക്കുന്നതിന് മുൻഗണന നൽകുമ്പോള്‍ സോളാര്‍ സിസ്റ്റം സ്ഥാപിക്കാന്‍ സഹായിക്കുന്ന കമ്പനികള്‍ വിലകുറഞ്ഞതും ഉയർന്ന കാര്യക്ഷമതയുള്ളതുമായ ചൈനീസ് ഇറക്കുമതികൾ കൂടുതലായി തിരഞ്ഞെടുക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.

ആഭ്യന്തര കമ്പനികള്‍ ആശങ്കയില്‍

സോളാര്‍ പദ്ധതികളുടെ ചെലവുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2025 സാമ്പത്തിക വർഷത്തെ ബജറ്റിൽ സോളാർ സെല്ലുകളുടെ കസ്റ്റംസ് തീരുവ 25 ശതമാനത്തിൽ നിന്ന് 20 ശതമാനമായും മൊഡ്യൂളുകളുടെ കസ്റ്റംസ് തീരുവ 40 ശതമാനത്തിൽ നിന്ന് 20 ശതമാനമായും കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു.

അതേസമയം സോളാർ സിസ്റ്റങ്ങള്‍ സ്ഥാപിക്കുന്ന സ്ഥാപനങ്ങള്‍ ചൈനയെ വളരെയധികം ആശ്രയിക്കുന്നത് ആഭ്യന്തര സോളാര്‍ ഉപകരണ നിര്‍മ്മാതക്കളെ ആശങ്കയിലാക്കുന്നുണ്ട്. ചൈനയില്‍ നിന്നുളള ഇറക്കുമതി ക്രമാതീതമായി വര്‍ധിച്ചാല്‍ ആന്റി-ഡംപിംഗ് ഡ്യൂട്ടികള്‍ ഏര്‍പ്പെടുത്തുക, ആഭ്യന്തര സോളാര്‍ ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് മെച്ചപ്പെട്ട സബ്‌സിഡിയും സംരക്ഷണവും ഉറപ്പാക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

US-China tariff war creates new opportunities for Chinese solar imports into India, impacting domestic solar costs and competition.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT