https://byjus.com/, Canva
Industry

ബൈജു രവീന്ദ്രന് ആശ്വാസം! 100 കോടി ഡോളര്‍ നഷ്ടപരിഹാര വിധി റദ്ദാക്കി ഡെലവെയര്‍ കോടതി, പുതിയ നടപടിക്രമങ്ങള്‍ ജനുവരിയില്‍

നഷ്ടപരിഹാരത്തുക തെളിവുകളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പഴയ വിധി തിരുത്തിയത്

Dhanam News Desk

പ്രതിസന്ധിയില്‍ ഉഴലുന്ന എഡ്‌ടെക് ഭീമനായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് താല്‍ക്കാലിക ആശ്വാസം. ബൈജൂസിനെതിരെ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി (Delaware Bankruptcy Court) നേരത്തെ പുറപ്പെടുവിച്ച 100 കോടി ഡോളറിന്റെ (ഏകദേശം 8,300 കോടി രൂപ) നഷ്ടപരിഹാര വിധി റദ്ദാക്കി. നഷ്ടപരിഹാരം കണക്കാക്കുന്നതില്‍ വന്ന പിശക് തിരുത്തണമെന്നാവശ്യപ്പെട്ട് ബൈജു രവീന്ദ്രന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ പുതിയ ഉത്തരവ്.

നഷ്ടപരിഹാരത്തുക തെളിവുകളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പഴയ വിധി തിരുത്തിയത്. എത്ര തുക നഷ്ടപരിഹാരമായി നല്‍കണമെന്ന് ഇനി പുതിയ നടപടിക്രമങ്ങളിലൂടെ തീരുമാനിക്കും. ഇതിനായി അടുത്ത ജനുവരിയില്‍ പുതിയ നടപടികള്‍ തുടങ്ങും.

നേരത്തെ, കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് 'ഡിഫോള്‍ട്ട് ജഡ്ജ്‌മെന്റ്' ആയിട്ടാണ് ബൈജു രവീന്ദ്രനെതിരെ 100 കോടി ഡോളറിന്റെ നഷ്ടപരിഹാരം ചുമത്തിയത്. എന്നാല്‍, ഈ വിധിയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ബൈജു രവീന്ദ്രന്‍ സമര്‍പ്പിച്ച അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

കേസ് ഇങ്ങനെ

ബൈജൂസിന്റെ യുഎസ് സബ്സിഡിയറിയായ 'ബൈജൂസ് ആല്‍ഫ'ക്ക് വായ്പ നല്‍കിയ വായ്പാദാതാക്കളാണ് ഈ കേസ് ഫയല്‍ ചെയ്തത്. വായ്പാ തുകയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു നടപടി. വായ്പാ തുകയിലെ 500 മില്യണ്‍ ഡോളര്‍ (ഏകദേശം 4,150 കോടി രൂപ) ബൈജു രവീന്ദ്രന്റെ നിയന്ത്രണത്തിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റി എന്ന് വായ്പാദാതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, തുക ഇന്ത്യയിലെ കമ്പനിയില്‍ നിക്ഷേപിച്ചതാണെന്നും നിയമപരമായ കാര്യങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിട്ടുണ്ടെന്നും ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് & ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് (Think and Learn Pvt Ltd) വ്യക്തമാക്കി.

ജനുവരിയില്‍ ആരംഭിക്കുന്ന പുതിയ നടപടികളില്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബൈജു രവീന്ദ്രനും കമ്പനിയും. വായ്പാദാതാക്കള്‍ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും, അവര്‍ മനഃപൂര്‍വ്വം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും തെളിയിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

മൊത്തം 2.1 ബില്യണ്‍ ഡോളറിന്റെ ടേം ലോണ്‍ ബി (TLB) വായ്പയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ബൈജൂസ് നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്.

GLAS ട്രസ്റ്റും ലെന്‍ഡര്‍മാരും വിവരങ്ങള്‍ തടഞ്ഞുവയ്ക്കുകയോ തെറ്റായി ധരിപ്പിക്കുകയോ ചെയ്യുകയും, കോടതികളെയും പൊതുജനങ്ങളെയും വഴിതെറ്റിക്കുകയും ചെയ്തതു വഴി ബിസിനസിന്റെ തകര്‍ച്ചയ്ക്കും ഏകദേശം 85,000 തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമായി.

250 ദശലക്ഷം വിദ്യാര്‍ത്ഥികളെ ബാധിക്കുന്നതിനും ഇതുവഴി സംരംഭ മൂല്യത്തില്‍ കോടിക്കണക്കിന് രൂപയുടെ നാശത്തിനും കാരണമാകുകയും ചെയ്തതായി ബൈജു രവീന്ദ്രന്‍ ആരോപിക്കുന്നു. ഇതിനെതിരെ GLAS ട്രസ്റ്റിനും മറ്റുള്ളവര്‍ക്കുമെതിരെ ബൈജു രവീന്ദ്രന്‍ തുടര്‍നടപടികള്‍ പരിഗണിക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT