image:Dhanam File 
Industry

കേന്ദ്രസര്‍ക്കാര്‍ ഉഴപ്പിയെന്ന്, കോഴക്കേസില്‍ അദാനിക്ക് നേരിട്ട് നോട്ടീസ് അയക്കാന്‍ അമേരിക്കന്‍ ഓഹരി വിപണി ഏജന്‍സി; ഇനിയെന്ത്?

അദാനി ഗ്രൂപ്പിന്റെ വിവിധ ഓഹരികള്‍ ഇന്ന് ഇടിവിലാണ്, നിക്ഷേപകര്‍ ആശങ്കയിലോ?

Dhanam News Desk

അമേരിക്കയിലെ അഴിമതി ആരോപണ കേസില്‍ അദാനിക്ക് കുരുക്ക് മുറുകി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, അദാനി ഗ്രീന്‍ എനര്‍ജി എക്‌സിക്യൂട്ടീവ് സാഗര്‍ അദാനി എന്നിവര്‍ക്ക് ഇമെയില്‍ വഴി സമന്‍സ് അയയ്ക്കാന്‍ അനുമതി നല്‍കണമെന്ന് യു.എസ്. ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമീഷന്‍ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയോട് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ നിയമമന്ത്രാലയം വഴി ഹേഗ് കണ്‍വെന്‍ഷന്‍ പ്രകാരം സമന്‍സ് നല്‍കാനുള്ള ശ്രമങ്ങള്‍ രണ്ടുതവണ പരാജയപ്പെട്ടതോടെയാണ് ഈ നീക്കം. നടപടിക്രമങ്ങളിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ അധികൃതര്‍ അഭ്യര്‍ഥന തിരികെ അയച്ചതെന്ന് കോടതി രേഖകളില്‍ കമീഷന്‍ വ്യക്തമാക്കി.

എന്താണ് കേസ്?

ഏകദേശം 265 മില്യണ്‍ ഡോളറിന്റെ (ഏകദേശം 2,200 കോടി രൂപ) കോഴ-തട്ടിപ്പ് കേസിന്റെ ഭാഗമായാണ് സമന്‍സ്. സോളാര്‍ ഊര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകള്‍ നേടുന്നതിനായി ഇന്ത്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കിയെന്നും, യുഎസിലെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് എസ്ഇസിയുടെയും യുഎസ് പ്രോസിക്യൂട്ടര്‍മാരുടെയും ആരോപണം. സിവിലായും ക്രിമിനലായും നടപടികള്‍ യു.എസില്‍ തുടരുന്നുണ്ട്.

എന്തുകൊണ്ട് ഇമെയില്‍ സമന്‍സ്?

കഴിഞ്ഞ 14 മാസത്തിനിടെ ഹേഗ് കണ്‍വെന്‍ഷന്‍ വഴിയുള്ള എല്ലാ ശ്രമങ്ങളും ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് ബദല്‍ രീതിയായി ഇമെയില്‍ അയക്കുക.

അദാനി കുടുംബം യുഎസില്‍ നിയമോപദേശം തേടിയിട്ടുണ്ട്. കേസിനെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളില്‍ ഇമെയില്‍ വഴി സമന്‍സ് നല്‍കുന്നത് നിയമപരമായി സാധുവായ അറിയിപ്പാണെന്ന് കമീഷന്‍ കോടതിയെ അറിയിച്ചു.

അദാനി ഗ്രൂപ്പ് ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, നിയമപരമായി എല്ലാ വഴികളും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

യുഎസ് റെഗുലേറ്ററും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള നിയമ-നയ സംഘര്‍ഷം ഈ വിഷയത്തില്‍ വ്യക്തമാണ്. അന്താരാഷ്ട്ര നിയമസഹകരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തത് വലിയ കോര്‍പറേറ്റ് കേസുകളുടെ ഗതിയെ പോലും ബാധിക്കാം എന്നതിന്റെ ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

അടുത്ത ഘട്ടം എന്ത്?

ഇമെയില്‍ വഴി സമന്‍സ് നല്‍കാന്‍ കോടതി അനുമതി നല്‍കുമോ എന്നതാണ് ഇനി നിര്‍ണായകം. കോടതി അനുമതി നല്‍കിയാല്‍, എസ്ഇസിക്ക് കേസ് നടപടികള്‍ ഔദ്യോഗികമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും. അനുമതി നിഷേധിക്കപ്പെട്ടാല്‍, നിയമനടപടികള്‍ വീണ്ടും വൈകാന്‍ സാധ്യതയുണ്ട്. വരുന്ന ആഴ്ചകളില്‍ കോടതിയുടെ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT