ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ആഗോളതലത്തില്‍ വ്യാപാര മേഖലയെ ബാധിച്ചു തുടങ്ങിയതോടെ ഇന്ത്യന്‍ സുഗന്ധവ്യഞ്ജന കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഇന്ത്യയുടെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന വിപണിയായ അമേരിക്കയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നിലച്ചതാണ് കയറ്റുമതിക്കാരെയും കര്‍ഷകരെയും ഒരുപോലെ ആശങ്കയിലാക്കുന്നത്.
സാധാരണ നവംബര്‍ മാസത്തോടെ അടുത്ത വര്‍ഷത്തേക്കുള്ള കരാറുകള്‍ ഉറപ്പിക്കാറുള്ള യുഎസ് ബയര്‍മാര്‍, യുദ്ധം തുടങ്ങിയതോടെ താല്‍ക്കാലികമായി പിന്‍വാങ്ങിയിരിക്കുകയാണ്. വര്‍ഷം തോറും ഏകദേശം 500 ദശലക്ഷം ഡോളറിന്റെ സുഗന്ധവ്യഞ്ജനങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന വിപണിയും അമേരിക്കയാണ്.
കടല്‍മാര്‍ഗമുള്ള ഗതാഗത തടസ്സങ്ങളും കപ്പല്‍ വാടകയിലുണ്ടായ (Freight cost) അമിത വര്‍ധനയുമാണ് വിദേശ ബയര്‍മാരെ പിന്നോട്ട് വലിക്കുന്നത്. നിലവിലുള്ള കരാറുകള്‍ക്ക് പോലും 'വാര്‍ റിസ്‌ക് സര്‍ചാര്‍ജ്', ഉയര്‍ന്ന ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ നല്‍കേണ്ടി വരുന്നത് കയറ്റുമതിച്ചെലവ് വര്‍ധിപ്പിച്ചു.
ഷിപ്പിംഗ്, എയര്‍ ലോജിസ്റ്റിക്‌സ് മേഖലകളില്‍ വലിയ ചെലവും കാലതാമസവും നേരിടുന്നതിനാല്‍, ചരക്കുകള്‍ മറ്റ് പാതകളിലൂടെ എത്തിക്കാനും പകരം വിപണികള്‍ കണ്ടെത്താനും കയറ്റുമതിക്കാര്‍ ശ്രമിക്കുന്നുണ്ട്.
കയറ്റുമതി തടസപ്പെടുന്നത് ആഭ്യന്തര വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ കുന്നുകൂടാനും അതുവഴി വില ഇടിയാനും കാരണമാകും. ഇത് കര്‍ഷകരുടെ വരുമാനത്തെ നേരിട്ട് ബാധിക്കും.
കുരുമുളക്, ഏലം, വറ്റല്‍മുളക്, മല്ലി, പെരുംജീരകം, കറി പൗഡറുകള്‍ എന്നിവയാണ് അമേരിക്കയിലേക്ക് പ്രധാനമായും കയറ്റി അയക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സുഗന്ധവ്യഞ്ജന ഉല്‍പാദനം 4.1% വര്‍ധിച്ച് 12.99 ദശലക്ഷം ടണ്ണിലെത്തിയിരുന്നു. എന്നാല്‍ 2025-26 കാലയളവില്‍ ഉല്‍പാദനം 12.82 ദശലക്ഷം ടണ്ണായി കുറയുമെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ മറ്റ് വിപണികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കയറ്റുമതിക്കാര്‍. എയര്‍ കാര്‍ഗോ വഴിയുള്ള കയറ്റുമതിയും ചെലവ് വര്‍ധിച്ചതിനാല്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. യുദ്ധം നീണ്ടുപോയാല്‍ സുഗന്ധവ്യഞ്ജന മേഖലയില്‍ വലിയ തകര്‍ച്ചയുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine