തൊഴില്‍ ചൂഷണം (Forced Labour) സംബന്ധിച്ച സെക്ഷന്‍ 301 പ്രകാരം 60 വ്യാപാര പങ്കാളികളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം 10%, 12.5% നിരക്കുകളില്‍ അധിക തീരുവ ഏര്‍പ്പെടുത്തിയത് ഇന്ത്യന്‍ ടെക്സ്റ്റൈല്‍, വസ്ത്ര കയറ്റുമതി മേഖലയ്ക്ക് കടുത്ത വെല്ലുവിളിയാകുന്നു. 1974-ലെ യു.എസ് ട്രേഡ് ആക്ടിലെ ഈ വകുപ്പ് പ്രകാരം ഇന്ത്യയുടെ ഭൂരിഭാഗം നിര്‍മ്മിത കയറ്റുമതികളെയും പുതിയ നടപടി ബാധിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രി (CITI) വ്യക്തമാക്കുന്നു.
സാധാരണ ലഭിക്കുന്ന 'മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍' (MFN) താരിഫുകള്‍ക്ക് പുറമെയാണ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ അധിക നിരക്ക് ചുമത്തിയിരിക്കുന്നത്. അമേരിക്കന്‍ നിര്‍മ്മിത പരുത്തിയും ഫൈബറും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന തുണിത്തരങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും പ്രത്യേക 'താരിഫ് റേറ്റ് ക്വോട്ട' (TRQ) ആനുകൂല്യം അനുവദിച്ചെങ്കിലും, അതില്‍ നിന്ന് ഇന്ത്യയെ പൂര്‍ണമായും ഒഴിവാക്കിയതാണ് തിരിച്ചടിക്ക് ആക്കം കൂട്ടിയത്.
ബംഗ്ലാദേശ്, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് യു.എസ് നിര്‍മ്മിത പരുത്തി ഉപയോഗിക്കുമ്പോള്‍ 3 വര്‍ഷത്തേക്ക് പൂജ്യം ശതമാനം തീരുവയില്‍ വസ്ത്രങ്ങള്‍ കയറ്റി അയക്കാനുള്ള TRQ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. ഇന്ത്യ പ്രതിവര്‍ഷം 11 ബില്യണ്‍ ഡോളറിന്റെ വസ്ത്ര ഉല്‍പ്പന്നങ്ങളാണ് അമേരിക്കയിലേക്ക് അയക്കുന്നത്. അതേസമയം പ്രതിവര്‍ഷം 8 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടത്തുന്ന ബംഗ്ലാദേശിനും, 4 ബില്യണ്‍ ഡോളര്‍ വീതം അയക്കുന്ന ഇന്തോനേഷ്യയ്ക്കും കംബോഡിയയ്ക്കും പൂജ്യം ശതമാനം തീരുവ ആനുകൂല്യം ലഭിക്കുന്നത് യു.എസ് വിപണിയില്‍ വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കും.
ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ പരുത്തിയും നൂലും വാങ്ങി വസ്ത്രങ്ങളാക്കി മാറ്റിയിരുന്ന ബംഗ്ലാദേശ്, ഇനി ക്വോട്ട ആനുകൂല്യത്തിനായി അമേരിക്കന്‍ പരുത്തിയെ കൂടുതല്‍ ആശ്രയിക്കാന്‍ സാധ്യതയുണ്ട്. ഇത് ഇന്ത്യയുടെ വിതരണ ശൃംഖലയ്ക്ക് തിരിച്ചടിയാകും.
യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്റേറ്റീവ് (USTR) ചൈന, വിയറ്റ്‌നാം, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് 12.5% തീരുവ ചുമത്തിയപ്പോള്‍ ഇന്ത്യയെ 10% സ്ലാബിലാണ് ഉള്‍പ്പെടുത്തിയത്. തൊഴില്‍ ചൂഷണം തടയുന്നതില്‍ ഇന്ത്യ കൈക്കൊണ്ട നടപടികള്‍ കണക്കിലെടുത്താണ് കുറഞ്ഞ നിരക്ക് ലഭിച്ചത്.
മറ്റ് പ്രധാന രാജ്യങ്ങളേക്കാള്‍ 2.5% നികുതി കുറവ് ലഭിക്കുന്നത് ഇന്ത്യയ്ക്ക് 'ട്രേഡ് ഡൈവേര്‍ഷന്‍' (Trade Diversion) അവസരങ്ങള്‍ നല്‍കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (FIEO) പ്രസിഡന്റ് എസ്.സി. റല്‍ഹാന്‍ ചൂണ്ടിക്കാട്ടുന്നു. പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കും 10% ആണ് നിരക്ക്.
കേരളത്തില്‍ നിന്നു പ്രമുഖ ബ്രാന്‍ഡുകളിലേക്ക് തുണിത്തരങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളും കയറ്റി അയക്കുന്ന ചെറുകിട-ഇടത്തരം കയറ്റുമതി സ്ഥാപനങ്ങളെയും പ്രവാസി നിക്ഷേപമുള്ള ടെക്സ്റ്റൈല്‍ യൂണിറ്റുകളെയും യു.എസിന്റെ ഈ പുതിയ നീക്കം പരോക്ഷമായി ബാധിച്ചേക്കാം. നികുതി നിരക്കിനെ കുറിച്ച് കൂടുതല്‍ വ്യക്തത വരാത്തതിനാല്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ ടെക്‌സൈറ്റല്‍ കയറ്റുമതിക്കാരായ കിറ്റെക്‌സ് എടക്കമുള്ള കമ്പനികള്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല.
ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ചിന്റെ വിലയിരുത്തല്‍ പ്രകാരം വസ്ത്രങ്ങള്‍, രാസവസ്തുക്കള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള 70% കയറ്റുമതിയെയും പുതിയ നികുതി ബാധിക്കും.
അതേസമയം പെട്രോളിയം, പ്രകൃതിവാതകം, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റീല്‍, അലുമിനിയം, ഓട്ടോ ഘടകങ്ങള്‍ എന്നിവയ്ക്ക് യു.എസ് ഇളവ് അനുവദിച്ചിട്ടുണ്ട്. തൊഴില്‍ ചൂഷണത്തിന്റെ പേരില്‍ തീരുവ ചുമത്തിയത് രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്ന് CITI ആവശ്യപ്പെട്ടിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine